ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ തകര്‍ന്ന് ടൈറ്റന്‍സ്; അനായാസം കൊല്ലം ഫൈനലില്‍
Sports News
ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ തകര്‍ന്ന് ടൈറ്റന്‍സ്; അനായാസം കൊല്ലം ഫൈനലില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th September 2025, 5:21 pm

കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സെമി ഫൈനലില്‍ തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ആരീസ് കൊല്ലം സെയ്‌ലേഴ്‌സ് സെമിയില്‍. പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സെയ്‌ലേഴ്‌സ് സ്വന്തമാക്കിയത്.

ടൈറ്റന്‍സ് ഉയര്‍ത്തിയ 87 റണ്‍സിന്റെ വിജയലക്ഷ്യം 61 പന്ത് ശേഷിക്കെ സെയ്‌ലേഴ്‌സ് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 36 റണ്‍സ് ഓപ്പണര്‍മാര്‍ ചേര്‍ത്തുവെച്ചു.

13 റണ്‍സ് നേടിയ അഹമ്മദ് ഇമ്രാനെ മടക്കി പവന്‍ രാജാണ് കൊല്ലത്തിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഷോണ്‍ റോജര്‍ ഏഴ് റണ്‍സിന് പുറത്തായി.

ടീം സ്‌കോര്‍ 48ല്‍ നില്‍ക്കവെ ഓപ്പണര്‍ ആനന്ദ് കൃഷ്ണനെയും ടീമിന് നഷ്ടപ്പെട്ടു. 28 പന്തില്‍ 23 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.

പിന്നാലെയെത്തിയ ഒരാള്‍ക്കും ഇരട്ടയക്കം കാണാന്‍ സാധിക്കാതെ പോയതോടെ ടൈറ്റന്‍സ് 17.1 ഓവറില്‍ 86ന് പുറത്തായി.

സെയ്‌ലേഴ്‌സിനായി ആജയ്‌ഘോഷ്, അമല്‍ എ.ജി, പവന്‍ രാജ്, വിജയ് വിശ്വനാഥ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷറഫുദ്ദീനും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സെയ്‌ലേഴ്‌സ് ഭരത് സൂര്യയുടെയും അഭിഷേക് നായരിന്റെയും കരുത്തില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടന്നു. ഭരത് സൂര്യ 31 പന്തില്‍ പുറത്താകാതെ 56 റണ്‍സും അഭിഷേക് നായര്‍ 28 പന്തില്‍ പുറത്താകാതെ 32 റണ്‍സും സ്വന്തമാക്കി.

സെപ്റ്റംബര്‍ ഏഴിനാണ് സെയ്‌ലേഴ്‌സ് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ഇന്ന് നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് – കാലിക്കറ്റ് ഗ്ലോബ്‌സറ്റാര്‍സ് മത്സരത്തിലെ വിജയികളെയാണ് സെയ്‌ലേഴ്‌സിന് ഫൈനലില്‍ നേരിടാനുണ്ടാവുക.

 

Content Highlight: KCL 2025: Aries Kollam Sailors qualified for the final