അന്താരാഷ്ട്ര നാണക്കേടും തകര്‍ത്ത നാണക്കേടിന്റെ റെക്കോഡ്; തലകുനിച്ച് മലയാളിപ്പയ്യന്‍
Sports News
അന്താരാഷ്ട്ര നാണക്കേടും തകര്‍ത്ത നാണക്കേടിന്റെ റെക്കോഡ്; തലകുനിച്ച് മലയാളിപ്പയ്യന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th August 2025, 10:33 pm

കേരള ക്രിക്കറ്റ് ലീഗില്‍ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് പരാജയപ്പെടുത്തിയിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിന്റെ തോല്‍വിയാണ് റോയല്‍സിന് നേരിടേണ്ടി വന്നത്.

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് ഉയര്‍ത്തിയ 187 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റോയല്‍സിന് 173 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

സൂപ്പര്‍ താരം സല്‍മാന്‍ നിസാറിന്റെ കരുത്തിലാണ് ഗ്ലോബ്‌സ്റ്റാര്‍സ് മികച്ച സ്‌കോറിലെത്തിയത്. വെറും 26 പന്തില്‍ നിന്നും പുറത്താകാതെ 86 റണ്‍സാണ് സല്‍മാന്‍ നിസാര്‍ അടിച്ചെടുത്തത്. ഒറ്റ ഫോര്‍ പോലുമില്ലാതെ 12 സിക്‌സറടക്കം 330.77 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സല്‍മാന്‍ നിസാറിന്റെ വെടിക്കെട്ട്.

സല്‍മാന്‍ നിസാര്‍ നേടിയ ആകെ 12 സിക്‌സറില്‍ ആറും പിറന്നത് അവസാന ഓവറിലായിരുന്നു. അഭിജിത് പ്രവീണിന്റെ ഓവറിലാണ് സല്‍മാന്‍ നിസാര്‍ വെടിക്കെട്ട് പുറത്തെടുത്തത്. എക്‌സ്ട്രാസ് അടക്കം ഈ ഓവറില്‍ 40 റണ്‍സാണ് അഭിജിത് പ്രവീണ്‍ വഴങ്ങിയത്.

ഓവറിലെ ആദ്യ പന്ത് തന്നെ സല്‍മാന്‍ നിസാര്‍ ലോങ് ഓഫിലൂടെ സിക്‌സറിന് തൂക്കി. അടുത്ത പന്ത് വൈഡും, പിന്നീടെറിഞ്ഞ പന്ത് നോ ബോളുമായി. നോ ബോളില്‍ ഇവര്‍ രണ്ട് റണ്‍സ് ഓടിയെടുക്കുകയും ചെയ്തു.

ഫ്രീഹിറ്റ് ഡെലിവെറി ബാക്ക്‌വാര്‍ഡ് പോയിന്റിലൂടെ സിക്‌സറടിച്ച സല്‍മാന്‍ നിസാര്‍, ഓവറിലെ മൂന്നാം ലീഗല്‍ ഡെലിവെറി ലോങ് ഓഫിലൂടെയും ഗ്യാലറിയിലെത്തിച്ചു. നാലാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെയും അടുത്ത രണ്ട് പന്തുകളും ബാക്ക്‌വാര്‍ഡ് പോയിന്റിലൂടെയും അതിര്‍ത്തിവര താണ്ടി പറന്നിറങ്ങി.

6, WD, NB2, 6, 6, 6, 6, 6 എന്നിങ്ങനെയായിരുന്നു 20ാം ഓവറില്‍ സല്‍മാന്റെ പ്രകടനം.

ഈ ഓവറിന് പിന്നാലെ ഒരു മോശം റെക്കോഡും ബൗളര്‍ അഭിജിത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും ഏക്‌സ്‌പെന്‍സീവ് ഓവര്‍ എന്ന അനാവശ്യ റെക്കോഡാണ് താരത്തിന് സ്വന്തമാക്കേണ്ടി വന്നത്. ഇന്ത്യയിലെ മിക്ക ഡൊമസ്റ്റിക് ടി-20 ലീഗുകളും എടുത്ത് പരിശോധിക്കുമ്പോഴും അഭിജിത് തന്നെയാണ് ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത് എന്നും കാണാം.

ഐ.പി.എല്ലിലെ മോസ്റ്റ് എക്‌സ്‌പെന്‍സീവ് ഓവറിന്റെ അനാവശ്യ റെക്കോഡ് രണ്ട് താരങ്ങളുടെ പേരിലാണ്. 2013ല്‍ പ്രശാന്ത് പരമേശ്വരനും 2021ല്‍ ഹര്‍ഷല്‍ പട്ടേലും ഒരു ഓവറില്‍ 37 റണ്‍സ് വഴങ്ങിയിരുന്നു.

ത്രിപുര താരം പര്‍വേസ് സുല്‍ത്താന്റെ പേരിലാണ് സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ മോസ്റ്റ് എക്‌സ്‌പെന്‍സീവ് ഓവറിന്റെ മോശം റെക്കോഡ്. 2024ലെ ത്രിപുര – ബറോഡ മത്സരത്തില്‍ 28 റണ്‍സാണ് താരം വഴങ്ങിയത്.

അന്താരാഷ്ട്ര ടി-20യിലെ മോശം ഓവറിന്റെ റെക്കോഡിനെയും മറികടക്കുന്നതായിരുന്നു അഭിജിത് പ്രവീണിന്റെ 20ാം ഓവര്‍.

2024ല്‍ വന്വാട്ടു താരം നളിന്‍ നിപിക്കോയുടെ പേരിലാണ് ടി-20ഐയിലെ ഏറ്റവും മോശം ഓവറിന്റെ റെക്കോഡ്. വന്വാട്ടു – സമോവ മത്സരത്തില്‍ 39 റണ്‍സാണ് വന്വാട്ടു താരം നളിന്‍ വിട്ടുകൊടുത്തത്.

നളിന്‍ നിപിക്കോ

അതേസമയം, ഗ്ലോബ്‌സ്റ്റാര്‍സ് ഉയര്‍ത്തിയ 187 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ റോയല്‍സ് 19.3 ഓവറില്‍ 173ന് പുറത്തായി. ഓരോ വിക്കറ്റിലും മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ റോയല്‍സ് ശ്രമിച്ചെങ്കിലും കാലിക്കറ്റ് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടി കാലിക്കറ്റ് മത്സരം പിടിച്ചടക്കുകയായിരുന്നു.

എസ്. സഞ്ജീവ് (23 പന്തില്‍ 34), റിയ ബഷീര്‍ (17 പന്തില്‍ 25), അബ്ദുള്‍ ബാസിത് (11 പന്തില്‍ 22) എന്നിവരുള്‍പ്പടെ എല്ലാവരും ചെറുത്തുനിന്നെങ്കിലും വിജയത്തിന് 13 റണ്‍സകലെ ടീം കാലിടറി വീണു.

ഗ്ലോബ്‌സ്റ്റാര്‍സിനായി അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റ് നേടി. ഹരികൃഷ്ണന്‍ എം.യു, ഇബ്‌നുല്‍ അഫ്താബ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സുദേശന്‍ മിഥുന്‍, മനു കൃഷ്ണന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Content Highlight: KCL 2025: Abhijith Praveen V set an unwanted record of most expensive over in Kerala Cricket League