മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമില്‍ എടുത്താത്തതിന് കെ.സി.എയെ വിമര്‍ശിച്ച മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനെതിരെയും സഞ്ജുവിന്റെ പിതാവിനെതിരെയും നിയമ നടപടിയുമായി കേരള ക്രിക്കറ്റ് ബോര്‍ഡ്. സഞ്ജുവിന്റെ പിതാവ് വിശ്വനാഥന്‍ സാംസണിനെതിരെ നഷ്ടപരിഹാരത്തിനാണ് കേസ് നല്‍കാനാണ് കെ.സി.എ തീരുമാനിച്ചത്.
അതേസമയം മുന്‍ താരം ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് കെസി.എയില്‍ നിന്ന് വിലക്കാനാണ് കെ.സി.എയുടെ തീരുമാനം. ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിന് കാരണം വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജുവിന് കേരളാ ടീമില്‍ ഇടം നല്‍കാത്തതിന്റെ കാരണമാണെന്ന് ചൂണ്ടിക്കാണിച്ച് ശ്രീശാന്ത് സംസാരിച്ചിരുന്നു.
എന്നാല്‍ സംഭവം വിവാദമാകുകയും ശ്രീശാന്തിനെതിരെ കെ.സി.എ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീശാന്ത് തുടര്‍ന്നും ഇതേ രീതിയിലായിരുന്നു പ്രതികരിച്ചത്. ഇതോടെ കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം ആരീസിന്റെ സഹ ഉടമകൂടിയായ ശ്രീശാന്തിന് ഇനി മൂന്ന് വര്‍ഷത്തേക്ക് സ്ഥാനത്ത് തുടരാന്‍ കഴിയില്ല.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ ആഭ്യന്തര ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുക്കാന്‍ സഞ്ജു ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പരിശീലനത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ സഞ്ജുവിന് കേരള ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.
ഇതോടെ സഞ്ജുവിന് പിന്തുണ നല്‍കി മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്ത് സംസാരിച്ചിരുന്നു. കേരളത്തിന് ആകെയുള്ള അന്താരാഷ്ട്ര താരമാണ് സഞ്ജുവെന്നും താരത്തെ ക്രൂശിക്കരുതെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.
എന്നാല്‍ ഇത്തരം പ്രതികരണങ്ങള്‍ ഗുരുതരമായ അച്ചടക്കലംഘനമായാണ് കെ.സി.എ വിലയിരുത്തിയത്. ഇതോടെ ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസും കെ.സി.എ നല്‍കിയിരുന്നു.
Content Highlight: KCA takes legal action against Sreesanth and Sanju’s father