2025 – 26 സീസണിലേക്കുള്ള രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിനായി 15 അംഗ സ്‌ക്വാഡിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടൂര്‍ണമെന്റില്‍ കേരള ടീമിനെ മുഹമ്മദ് അസറുദീനാണ് നയിക്കുക. തമിഴ്‌നാട് താരം ബാബ അപര്‍ജിത്തിനെ ഡെപ്യൂട്ടിയായും നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ തിളങ്ങിയ രോഹൻ എസ് കുന്നുമ്മൽ, സൽമാൻ നിസാർ എന്നിവർ ടീമിൽ തങ്ങളുടെ സ്ഥാനം നിലനിർത്തി. ക്യാപ്റ്റൻ സ്ഥാനം നഷ്ടമായെങ്കിലും സച്ചിൻ ബേബിയും 15 അംഗ സ്‌ക്വാഡിലുണ്ട്.
മധ്യനിരക്ക് കരുത്തേകാന്‍ ഓള്‍റൗണ്ടര്‍മാരായി വത്സല്‍ ഗോവിന്ദ് ശര്‍മയും അക്ഷയ് ചന്ദ്രനും ടീമിലുണ്ട്. നിധീഷ് എം.ഡിയും ബേസില്‍ എം.പിയും ബൗളിങ്ങില്‍ കേരളത്തില്‍ മുതല്‍കൂട്ടാവും.
രഞ്ജി ട്രോഫിയിലെ നിലവിലെ റണ്ണറപ്പാണ് കേരളം. കഴിഞ്ഞ വർഷം ചരിത്രത്തിലാദ്യമായി ടീം ഫൈനലിൽ എത്തിയിരുന്നു. എന്നാൽ, കലാശപ്പോരിൽ വിദർഭയോട് ടീം തോൽക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ടീം ഈ പ്രകടനം തുടരാനും കിരീടം നേടാനും ഉറച്ചാവും ഇറങ്ങുക.
ഈ സീസണിലെ രഞ്ജി ട്രോഫിയിൽ കേരളത്തിന് കരുത്തരായ എതിരാളികളാണുള്ളത്. ഗ്രൂപ്പ് ബി യിലാണ് ടീമിന്റെ സ്ഥാനം. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നിവരാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്.
ഒക്ടോബർ 15നാണ് സീസണിലെ കേരളത്തിന്റെ ആദ്യ മത്സരം. മഹാരാഷ്ട്രയാണ് ഒന്നാം മത്സരത്തിലെ എതിരാളികൾ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.