മലയാള സിനിമകളിലൂടെയും കേരള രാഷ്ട്രീയത്തിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിത്വമാണ് കെ.ബി ഗണേഷ് കുമാര്‍. നിലവിലെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗതവകുപ്പ് മന്ത്രിയായ ഇദ്ദേഹം 1985 ല്‍ കെ.സി ജോര്‍ജ് സംവിധാനം ചെയ്ത ഇറകളിലൂടെയാണ് അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. പഴയ കാല സിനിമകളില്‍ ഹാസ്യകഥാപാത്രമായും സ്വഭാവനടനായും തിളങ്ങിയ താരം നൂറിലധികം ചിത്രങ്ങളിലാണ് വേഷമിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം മനോരമ ന്യൂസ് നടത്തിയ ‘മന്ത്രിക്ക് മാര്‍ക്കെത്ര’ എന്ന അഭിമുഖത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ നല്‍കിയ അഭിമുഖത്തില്‍ നടന്‍ ദിലീപിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്ത് ദിലീപും തമന്ന ഭാട്ടിയയും പ്രധാന വേഷത്തിലെത്തിയ ചിത്രമായ ബാന്ദ്രയുടെ ഷൂട്ടിനിടയിലുണ്ടായ അനുഭവത്തെക്കുറിച്ചാണ് ഗണേഷ് കുമാര്‍ സംസാരിച്ചത്.
‘ബാന്ദ്ര എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം എന്റെ മനസ്സില്‍ വലിയ ഇന്‍സള്‍ട്ടും സങ്കടവുമായി. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഇത്രയധികം വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള എന്നോട് ദിലീപടക്കം മോശമായി പെരുമാറിയെന്ന് എനിക്ക് തോന്നി. ഞാനഭിനയിക്കേണ്ട സീനുകള്‍ ഞാനില്ലാതെ ഷൂട്ട് ചെയ്യുന്നത് പോലുള്ള സംഭവങ്ങള്‍ അവിടെ നടന്നു.
മനസുകൊണ്ട് തുറന്ന് പറയുകയാണ്, ബാന്ദ്ര എന്ന സിനിമയിലഭിനയിച്ചതിന് ശേഷം ഇനി സിനിമയില്‍ അഭിനയിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ഞാനെത്തി. ചിത്രത്തിന്റെ സംവിധായകനും സെറ്റപ്പുകളും ദിലീപും എന്നെ വേദനിപ്പിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നല്ല റോളാണെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയി. റോള്‍ മോശമായിരുന്നെന്ന് മാത്രമല്ല ഞാനഭിനയിക്കേണ്ട കോമ്പിനേഷന്‍ സീനുകളില്‍ ഞാനില്ലാത്തപ്പോള്‍ ഗണേശേട്ടനെ കണ്ടില്ലല്ലോ എന്ന് അന്വേഷിക്കുക കൂടി ദിലീപ് ചെയ്തില്ല,’ ഗണേഷ് കുമാര്‍ പറയുന്നു.
ഇത്തരത്തില്‍ എസ്റ്റാബ്ലിഷ്ഡ് ആയ ഒരു സീനിയര്‍ അഭിനേതാവിനോട് ഇങ്ങനെ പെരുമാറിയപ്പോള്‍ ഇനി ഈ രംഗത്ത് നില്‍ക്കേണ്ടതില്ല എന്ന് തീരുമാനിച്ച് താന്‍ പിന്മാറിയതാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഡിനോ മൊറിയ, മംമ്ത മോഹന്‍ദാസ്, കലാഭവന്‍ ഷാജോണ്‍, ആര്‍. ശരത്കുമാര്‍, സിദ്ധിഖ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ ബാബുക്ക എന്ന കഥാപാത്രത്തെയായിരുന്നു ഗണേഷ് കുമാര്‍ അവതരിപ്പിച്ചത്.
രാഷ്ട്രീയ പ്രവേശനത്തിന് ശേഷം സിനിമകളില്‍ നിന്നും വിട്ടുനിന്നെങ്കിലും സ്വഭാവനടനായി താരം ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ സി.ഐ ഫിലിപ് മാത്യുവായി പ്രത്യക്ഷപ്പെട്ട താരം ഏപ്രില്‍ രണ്ടിന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലും ഭാഗമാകുന്നുവെന്ന് സൂചനകളുണ്ട്.
Content Highlight: KB Ganesh Kumar talks about Actor Dileep’s behaviour during Bandra movie shooting
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.