ചോദ്യം: 'കായംകുളം കൊച്ചുണ്ണി എങ്ങിനെയുണ്ട്'  ഉത്തരം: ഇത്തിക്കര പക്കി പൊളിച്ചു
Film Review
ചോദ്യം: 'കായംകുളം കൊച്ചുണ്ണി എങ്ങിനെയുണ്ട്' ഉത്തരം: ഇത്തിക്കര പക്കി പൊളിച്ചു
അശ്വിന്‍ രാജ്
Thursday, 11th October 2018, 1:56 pm

“കായംകുളം കൊച്ചുണ്ണി എങ്ങിനെയുണ്ട്” “ഇത്തിക്കര പക്കി പൊളിച്ചു”… കേരളം ഒന്നാകെ ആവേശപൂര്‍വ്വം കാത്തിരുന്ന കായംകുളം കൊച്ചുണ്ണി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അടുത്ത് നിന്ന ചേട്ടനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണിത്.

റോഷ്ന്‍ ആന്‍ഡ്രൂസ്- ബോബി സഞ്ജയ് കൂട്ട് കെട്ടില്‍ ഇറങ്ങുന്ന പടം അതും കായംകുളം കൊച്ചുണ്ണിയുടെ കഥ. ഇതായിരുന്നു പടത്തിനെക്കുറിച്ച് ആദ്യം പുറത്തുവന്ന കഥകള്‍. തൊട്ട് പിന്നാലെയായി ആവേശം ഉയര്‍ത്തികൊണ്ട് ഒരോ വാര്‍ത്തകളായി പുറത്തുവന്നു കൊണ്ടിരുന്നു. നിവിന്‍ കൊച്ചുണ്ണിയാവുന്നു. പിന്നീട് അതിലും വലിയ ആവേശമായി കൊച്ചുണ്ണിയില്‍ അതിഥി താരമായി മോഹന്‍ലാല്‍ എത്തുന്നു. അതും ഇത്തിക്കര പക്കിയായി. ഒരു സിനിമ പ്രേമിയെ സംബന്ധിച്ച് ഏറെ ആവേശവും പ്രതീക്ഷകളും ഉയര്‍ത്താന്‍ ഈ വാര്‍ത്തകള്‍ ധാരാളമായിരുന്നു. എന്നാല്‍ ചിത്രം വെള്ളിത്തിരയില്‍ എത്തുമ്പോള്‍ ഈ പ്രതിക്ഷകള്‍ എത്രത്തോളം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് ചോദ്യമാണ്.

എന്നിരുന്നാലും മലയാളികളില്‍ പലരും കേട്ട് മറന്ന കൊച്ചുണ്ണിയെ വലിയ പരിക്കുകള്‍ ഇല്ലാതെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. കൊച്ചുണ്ണിയുടെ കുട്ടികാലം മുതലാണ് ചിത്രം തുടങ്ങുന്നത്. കള്ളനായ ബാപ്പയുടെ മകന് നാട് വിടേണ്ടി വരുന്നു. അവിടെ നിന്ന് കായംകുളം കൊച്ചുണ്ണിയെന്ന നാട് വിറപ്പിച്ച കള്ളനാവുന്നു.

 

നിവിന്‍ എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയാണ് കായംകുളം കൊച്ചുണ്ണി. തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് അഭിനയത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ മെയ് വഴക്കം നിവിന് നന്നായി ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ സിനിമയിലെ ഡയലോഗ് ഡെലിവറിയില്‍ ചിലയിടങ്ങളില്‍ എങ്കിലും “സഖാവ്” സിനിമയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

സിനിമയിലെ ഏറ്റവും “നല്ല” ഘടകവും “മോശം” ഘടകവും മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ഇത്തിക്കര പക്കിയായി വന്നു എന്നതാണ്. സിനിമയില്‍ ആകെ ഇരുപത് മിനിറ്റിനടുത്ത് മാത്രമേയുള്ളുവെങ്കില്‍ ആ ഇരുപത് മിനിറ്റ് പക്കി നിറഞ്ഞ് ആടുകയായിരുന്നു. മോഹന്‍ലാല്‍ എന്ന നടനെ സിനിമയില്‍ എന്തിന് കൊണ്ട് വന്നോ അതിനും രണ്ടിരട്ടി നല്‍കിയാണ് പക്കി മടങ്ങിയത്. സംഘട്ടന രംഗങ്ങളും ചുവടുകളും ഡയലോഗുകളും ഒന്നിന് ഒന്ന് മികച്ചതായി. പക്ഷേ ആ ഇരുപത് മിനുറ്റ് ചിത്രത്തിലെ നായകന്‍ കൊച്ചുണ്ണി പക്കിയുടെ നിഴലില്‍ ആയി. പക്കി സ്‌ക്രീനില്‍ എത്തിയപ്പോള്‍ എല്ലാം തിയേറ്ററില്‍ ഉയര്‍ന്ന ആരവം മോഹന്‍ലാല്‍ എന്ന് നടനെ സ്‌ക്രീനില്‍ കണ്ടത് കൊണ്ടല്ലായിരുന്നു. ചിത്രത്തിന്റെ മൂഡും ഗതിയും എല്ലാം മാറ്റുന്ന പക്കിയെന്ന കഥാപാത്രം മറ്റാര്‍ക്കും കഴിയാത്ത വിധം മോഹന്‍ലാല്‍ മനോഹരമാക്കി.

 

ചിത്രത്തിലെ മറ്റ് ഘടകങ്ങളിലേക്ക് കടക്കുകയാണെങ്കില്‍, കൊച്ചുണ്ണിയുടെ ട്രെയ്‌ലറും ഗാനങ്ങളും പുറത്തിറങ്ങിയ സമയത്ത് തന്നെ ഏറെ ചര്‍ച്ചയായ ഒന്നാണ് സിനിമയിലെ വസ്ത്രധാരണവും മേക്കപ്പും. 19ാം നുറ്റാണ്ടില്‍ ജീവിച്ചിരുന്നവര്‍ എപ്പോഴാണോ എന്തോ മെഷിന്‍ സ്റ്റിച്ച് ചെയ്ത വസ്ത്രവും വാട്ടര്‍ പ്രൂഫ് ലിപ്സ്റ്റിക്കും ഉപയോഗിച്ചത്.

45 കോടി രൂപയാണ് ഈ സിനിമയുടെ ബഡ്ജറ്റ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പക്ഷേ സിനിമയില്‍ ഉപയോഗിച്ച സെറ്റുകള്‍ ഒട്ടും നിലവാരം പുലര്‍ത്തിയില്ല്. ഒര്‍ജിനാലിറ്റി ഫീല്‍ ചെയ്യാത്ത സെറ്റുകളാണ് കൊച്ചുണ്ണിയില്‍ പലതും. സിനിമയിലെ വിഎഫ്എക്‌സിനെ കുറിച്ച് പറയാത്തത് ആണ് നല്ലത്. പെരുമ്പാമ്പും ചെന്നായും നൈറ്റ് സീനുകളും സൂര്യനുമെല്ലാം ഒരു നാല്‍പ്പത്തിയഞ്ച് കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിലെ ഗ്രാഫിക്‌സ് ആണ് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.

ഗ്രാഫിക്‌സ് ചെയ്യാനുള്ള മലയാള സിനിമയിലെ പ്രയാസങ്ങളെ കുറിച്ച് മുമ്പ് പലരും പറഞ്ഞതാണ്. എന്നാല്‍ 25 കോടി രൂപയ്ക്ക് നിര്‍മ്മിച്ച പുലിമുരുകനിലെ ഗ്രാഫിക്‌സും 45 കോടിക്ക് നിര്‍മ്മിച്ച കൊച്ചുണ്ണിയിലെ ഗ്രാഫിക്‌സും ഒന്ന് ഒത്ത് നോക്കണം. അപ്പോള്‍ മനസിലാവും

 

കേട്ട് മറന്ന കഥ വീണ്ടും സിനിമയാക്കുമ്പോള്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും സ്വാഭാവികമായി നേരിടുന്ന പ്രശ്‌നങ്ങളുണ്ട്. കഥകളില്‍ ഏത് എടുക്കണം. എന്ത് ഒഴിവാക്കണം എന്നിങ്ങനെ. ഇത് കൊണ്ടാണ് മലയാള സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി തിരക്കഥ രചനക്കായി പ്രൊഫഷണല്‍ റിസേര്‍ച്ച് ടീം എന്ന ആശയം അണിയറ പ്രവര്‍ത്തകര്‍ കൊണ്ടു വന്നത്.കേട്ടറിഞ്ഞ പഴങ്കഥകളില്‍ നിന്ന് വ്യത്യസ്ഥമായി കൊച്ചുണ്ണിയുടെയും മറ്റും കഥയില്‍ നിന്ന് സിനിമക്ക് ആവശ്യമായ ഭാഗം മാത്രമെടുത്ത് സിനിമക്ക് കഥയാക്കിയെങ്കിലും ബോബി സഞ്ജയ് ടീമിന്റെ തിരക്കഥ പലയിടങ്ങളിലും പാളിയിട്ടുണ്ട്.

ഛായാഗ്രഹണത്തിലും മറ്റും എടുത്ത് പറയേണ്ടതായി ഒന്നുമില്ലായിരുന്നു. ബിനോദ് പ്രധാന്‍, നീരവ് ഷാ എന്നിവരായിരുന്നു ചിത്രത്തിന്റെ ക്യാമറ. ചിത്രത്തിലെ ഗോപീ സുന്ദറിന്റെ സംഗീത മികച്ചു നിന്നു. ഗാനങ്ങളെക്കാള്‍ പശ്ചാത്തലസംഗീതമാണ് മികച്ചു നിന്നത്.

 

ചിത്രത്തില്‍ പ്രിയ ആനന്ദ്, സണ്ണി വെയ്ന്‍, ബാബു ആന്റണി, ഇടവേള ബാബു, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇതില്‍ സണ്ണി വെയ്ന്‍ അവതരിപ്പിച്ച കേശവപിള്ളയും ബാബു ആന്റണിയുടെ തങ്ങള്‍ കഥാപാത്രവും മികച്ചതായി. ബാബു ആന്റണിയുടെ പഴകാല സിനിമകളെ അനുസ്മരിപ്പിക്കാന്‍ ചെറുതെങ്കിലും ആക്ഷന്‍ രംഗങ്ങള്‍ക്ക് കഴിഞ്ഞു.

ആകെ മൊത്തം ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി സംവിധാനവും തിരക്കഥയും എല്ലാം നല്ലതായിരുന്നെങ്കിലും സാങ്കേതിക ഭാഗങ്ങളുടെ പോരായ്മകള്‍ കൊണ്ട് ശരാശരി അനുഭവമായി മാറി.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.