എനിക്ക് കുറച്ച് സമയം തരൂ, സൗത്തിലെ എല്ലാ ഭാഷയും പഠിച്ച് ഫ്‌ളുവന്റായി സംസാരിക്കാം: കയാദു ലോഹാര്‍
Malayalam Cinema
എനിക്ക് കുറച്ച് സമയം തരൂ, സൗത്തിലെ എല്ലാ ഭാഷയും പഠിച്ച് ഫ്‌ളുവന്റായി സംസാരിക്കാം: കയാദു ലോഹാര്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 31st March 2026, 2:07 pm

കുറഞ്ഞ സമയം കൊണ്ട് മികച്ച പ്രകടനത്തിലൂടെ സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് കയാദു ലോഹാര്‍. പത്തൊന്‍പതാം നൂറ്റാണ്ടെന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരം വിനീത് ശ്രീനിവാസന്‍ നായകനായ ഒരു ജാതി ജാതകം എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പുറമെ തെലുങ്കിലും തമിഴിലും അഭിനയിച്ച താരത്തിന്റെതായി ഏപ്രില്‍ 10 ന് പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രമാണ് ടൊവിനോ നായകനാകുന്ന പള്ളിച്ചട്ടമ്പി.

കയാദു ലോഹാര്‍. Photo: Gulte

ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം തമിഴ്‌നാട്ടിലും ഇന്ത്യയിലെ മറ്റ് പല ഭാഷകളിലുമടക്കം വമ്പന്‍ റിലീസിനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പള്ളിച്ചട്ടമ്പിയുടെ ടീം നടത്തിയ പ്രസ് മീറ്റില്‍ കയാദു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാ പേജുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒരുപാട് കാലമായി സൗത്ത് ഇന്ത്യയിലെ ഫിലിം ഇന്റസ്ട്രിയില്‍ ജോലി ചെയ്യുന്ന ആളായിട്ടും എന്തുകൊണ്ടാണ് തമിഴോ മലയാളമോ ഫ്‌ളുവന്റായി സംസാരിക്കാത്തതെന്നും ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുന്നതെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘വലിയ ഒരു സ്റ്റേറ്റ്‌മെന്റാണ് ചോദ്യത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. സര്‍ ഞാന്‍ ഇന്ത്യയില്‍ പല ഭാഷകളിലായി വര്‍ക്ക് ചെയ്യുന്നുണ്ട്. ഞാന്‍ ഒരു സൗത്ത് ഇന്ത്യക്കാരിയല്ല. പക്ഷേ ഇവിടുത്തെ ഭാഷകളെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. മാത്രല്ല അത് സംസാരിക്കാനായി എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കുന്നുമുണ്ട്. പല ഭാഷകളില്‍ വര്‍ക്ക് ചെയ്യുന്നയാളെന്ന നിലയില്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഭാഷ എത്ര പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം.

അതുകൊണ്ട് തന്നെ ഭാഷ പഠിക്കുന്നതിനായി ഞാനെന്റെ നൂറ് ശതമാനം നല്‍കുന്നുണ്ട്. എനിക്ക് അല്പം സമയം തരൂ, തമിഴും മലയാളവുമടക്കമുള്ള ഭാഷകള്‍ ഞാന്‍ ഉടന്‍ തന്നെ പഠിച്ച് ഫ്‌ളുവന്റായി സംസാരിക്കാമെന്ന് ഉറപ്പ് നല്‍കുന്നു. തുടര്‍ച്ചയായി വ്യത്യസ്ത ഭാഷകളില്‍ അഭിനയിക്കുന്നത് കൊണ്ടാണ് പഠിക്കുന്നതില്‍ പ്രയാസം നേരിടുന്നത്. അടുത്ത തവണ വരുമ്പോള്‍ തമിഴില്‍ സംസാരിക്കാമെന്ന് ഉറപ്പ് നല്‍കുന്നു,’ കയാദു പറഞ്ഞു.

പള്ളിച്ചട്ടമ്പി. Photo: Book My Show

ക്വീന്‍, ജനഗണ മന, എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. 1957, 58 കാലത്തെ മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമായെത്തുന്ന സിനിമയില്‍ വിജയരാഘവന്‍, തെലുങ്ക് നടന്‍ ശിവകുമാര്‍, സുധീര്‍ കരമന, ടി.ജി.രവി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റര്‍ടൈന്മെന്റ് എന്ന ബാനറില്‍ ചാണക്യ ചൈതന്യ, ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പള്ളിച്ചട്ടമ്പി നിര്‍മിക്കുന്നത്.

Content Highlight: Kayadu Lohar talks about learning south Indian Languages

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.