| Saturday, 8th March 2025, 6:28 pm

സെലിബ്രിറ്റി ക്രഷ് ആരാണെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ ആ നടന്റെ പേര് പറയും: കയദു ലോഹര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുഗില്‍പെട്ടെ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് കയദു ലോഹര്‍. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു. ചിത്രത്തിലെ നീലി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗണിലൂടെ സൗത്ത് ഇന്ത്യ മുഴുവന്‍ സെന്‍സേഷനാകാനും കയദുവിന് സാധിച്ചു.

ഡ്രാഗണിലെ പല്ലവി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനിടെ തന്റെ സെലിബ്രിറ്റി ക്രഷിനെക്കുറിച്ച് കയദു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തന്റെ സെലിബ്രിറ്റി ക്രഷ് ആരെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ പറയുന്ന പേര് വിജയ്‌യുടേതാണെന്ന് കയദു പറഞ്ഞു.

എക്കാലവും താന്‍ വിജയ്‌യുടെ വലിയ ആരാധികയാണെന്നും കയദു കൂട്ടിച്ചേര്‍ത്തു. വിജയ്‌യുടെ തെരി തന്റെ എക്കാലത്തെയും ഇഷ്ടചിത്രമാണെന്നും കയദു പറഞ്ഞു. സിനിമയിലേക്കെത്തിയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന ചോദ്യത്തിനും കയദു മറുപടി നല്‍കി. തന്റെ എക്കാലത്തെയും വലിയ സ്വപ്‌നമായിരുന്നു സിനിമയെന്നും എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും സിനിമയിലേക്ക് തന്നെ എത്തുമായിരുന്നെന്നും കയദു പറഞ്ഞു.

‘സെലിബ്രിറ്റി ക്രഷ് ആരണെന്ന് ചോദിച്ചാല്‍ അതിന് ഒരൊറ്റ മറുപടിയേ ഉള്ളൂ. ദളപതി വിജയ്. അതില്‍ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ് ഞാന്‍. അദ്ദേഹത്തിന്റെ തെരി എന്ന സിനിമ എനിക്ക് വളരെയധികം ഇഷ്ടമാണ്. വിജയ് സാറെ എത്രനേരം വേണമെങ്കിലും സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കാം.

സിനിമയിലെത്തിയില്ലാരുന്നെങ്കില്‍ എന്താകുമെന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം, ഞാന്‍ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും സിനിമയിലെത്തിയേനെ. പണ്ടുമുതലേ സ്വപ്‌നം കണ്ട ഫീല്‍ഡ് തന്നെയാണ് സിനിമ. അതില്‍ യാതൊരു മാറ്റവുമുണ്ടാകുമായിരുന്നില്ല. ആദ്യമായി ചെയ്ത തമിഴ് സിനിമക്ക് ഇത്ര നല്ല സ്വീകരണം കിട്ടിയതില്‍ സന്തോഷമുണ്ട്,’ കയു ലോഹര്‍ പറയുന്നു.

ഓ മൈ കടവുളേ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രമാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥന്‍ നായകനായെത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച പ്രതികരണമായിരുന്നു. റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളില്‍ 100 കോടി കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു. തമിഴില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രം കൂടിയാണ് ഡ്രാഗണ്‍.

Content Highlight: Kayadu Lohar saying Vijay is her celebrity crush

Latest Stories

We use cookies to give you the best possible experience. Learn more