തിയേറ്ററില്‍ അന്ത്യശ്വാസം വലിച്ച് കാട്ടാളന്‍; ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് ഇത്രമാത്രം
Malayalam Cinema
തിയേറ്ററില്‍ അന്ത്യശ്വാസം വലിച്ച് കാട്ടാളന്‍; ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് ഇത്രമാത്രം
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 3rd June 2026, 7:41 pm

ക്യൂബ്സ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി 2024ല്‍ പുറത്തിറങ്ങി തിയേറ്ററുകളില്‍ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ. ബീഹാറില്‍ നിന്നുമടക്കം വലിയ കളക്ഷന്‍ നേടിയ മാര്‍ക്കോ, വയലന്‍സ് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റാണ് മോളിവുഡില്‍ തുറന്ന് നല്‍കിയത്. ഇതേ പാറ്റേണില്‍ നിര്‍മാതാക്കളായ ക്യൂബ്സ് എന്റര്‍ടെയിന്‍മെന്റ്സ് പുറത്തിറക്കിയ ചിത്രമായിരുന്നു മെയ് 28ന് തിയേറ്ററുകളിലെത്തിയ കാട്ടാളന്‍.

ആന്റണി വര്‍ഗീസെന്ന ആക്ഷന്‍ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ പേരുകേട്ട യുവനടനെ നായകനാക്കി ഒരുക്കിയ ചിത്രം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ക്യാന്‍വാസിലായിരുന്നു ഒരുക്കിയിരുന്നത്. എന്നാല്‍ അപ്രതീക്ഷതമായി ചിത്രത്തിന് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കാതെ പോകുകയും പ്രേക്ഷകരില്‍ നിന്നും നെഗറ്റീവ് റിവ്യൂ ലഭിക്കുകയുമായിരുന്നു. ഇതോടെ ഓപ്പണിങ് ദിനത്തില്‍ നിന്നും വ്യത്യസ്തമായി ബോക്‌സ് ഓഫീസില്‍ ചിത്രം കൂപ്പുകുത്തുന്ന കാഴ്ചയ്ക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്.

കാട്ടാളന്‍. Photo: Book My Show

വമ്പന്‍ ആക്ഷന്‍ ചിത്രമെന്ന ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രം ഓപ്പണിങ് ദിനത്തില്‍ ഏഴ് കോടിയോളം നേടി ആന്‍ണി വര്‍ഗീസിന്റെ കരിയറിലെ മികച്ച ആദ്യദിന കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആദ്യ ദിനത്തില്‍ കിട്ടിയ ഓപ്പണിങ് ചിത്രത്തിന് മുതലാക്കാന്‍ സാധിച്ചിരുന്നില്ല. ആദ്യ ദിനം 3.5 കോടിയിലധികം കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്നും മാത്രം നേടിയ ചിത്രത്തിന് തൊട്ടടുത്ത ദിവസം 51 ലക്ഷം മാത്രം ലഭിച്ച് കൂപ്പുകുത്തുന്ന കാഴ്ചയ്ക്കായിരുന്നു മോളിവുഡ് സാക്ഷ്യം വഹിച്ചത്.

പിന്നീടുള്ള ദിവസങ്ങളിലൊന്നും തന്നെ കേരളത്തില്‍ നിന്നും ഒരു കോടി മാര്‍ക്കെന്ന കളക്ഷന്‍ ചിത്രത്തിന് സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടൊപ്പം ദൃശ്യം 3യ്ക്ക് ലഭിക്കുന്ന ജനപ്രീതിയും തമിഴ് ഫാമിലി ആക്ഷന്‍ ചിത്രമായ ബ്ലാസ്റ്റ് ദിനംതോറും ഷോകള്‍ വര്‍ധിപ്പിക്കുകയും ചെയ്തതോടെ കാട്ടാളന്‍ പ്രതിസന്ധിയിലാകുകയായിരുന്നു. ഇപ്പോഴിതാ ചിത്രമിറങ്ങി ആറാം ദിവസത്തില്‍ ചിത്രത്തിന് 13 ലക്ഷം മാത്രമാണ് നേടാനായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാട്ടാളന്‍. Photo: X.com

ആഗോളതലത്തിലാകട്ടെ ചിത്രം ആകെ നേടിയിരിക്കുന്നത് പത്ത് കോടിയ്ക്കടുത്ത് മാത്രമാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നതോടെ ബജറ്റും സ്‌കെയിലും കണക്കിലെടുത്ത് വലിയ പരാജയമായി ചിത്രം മാറിയിരിക്കുകയാണെന്നാണ് സിനിമാ പേജുകളുടെ നിരീക്ഷണം.

Content Highlight: Kattalan struggles in Box office within one week of release

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.