ആറ് മാസമായി മൂന്ന് മുന്‍മുഖ്യമന്ത്രിമാര്‍ തടവറയിലാണ്
ജിതിന്‍ ടി പി

ആറ് മാസം മുന്‍പ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒരു അനീതി നടന്നു.

ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം അതേരാജ്യത്തുള്ള ഒരു സംസ്ഥാനത്തെ കീറിമുറിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി തയ്യാറാക്കിയ ഒരു കരാറിന് പുല്ലുവില കല്‍പ്പിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു.

നിങ്ങള്‍ കശ്മീരിനെക്കുറിച്ചു വല്ലതും പറഞ്ഞാല്‍ രാജ്യദ്രോഹിയോ അതുമല്ലെങ്കില്‍ മുസ്ലിം തീവ്രവാദിയോ ആയി മുദ്രകുത്തപ്പെടും. ജമ്മു കശ്മീരിലെ ജനങ്ങളുടെ ഭാവി തീരുമാനിക്കാന്‍ അവിടെ നടക്കേണ്ട ഹിതപരിശോധന ഉള്‍പ്പെടെ അംഗീകരിച്ചു കൊണ്ടുള്ള കരാര്‍ ആണ് നമ്മുടെ ഭരണഘടന 370-ആം അനുഛേദമായി അംഗീകരിച്ചു പോന്നത്.

സ്വാതന്ത്ര്യം നേടിയെടുക്കുമ്പോള്‍ ബ്രട്ടീഷ് ഇന്ത്യക്ക് പുറത്തായിരുന്ന ജമ്മു-കശ്മീരും മണിപ്പൂരും നാഗലാന്റും സിക്കിമും ഉള്‍പ്പെടെയുള്ള നാട്ടുരാജ്യങ്ങളും വടക്ക് കിഴക്കന്‍ മേഖലകളിലെ ഗോത്ര പ്രദേശങ്ങളും നമ്മുടെ രാജ്യത്തിന്റെ ഭാഗമായ് മാറുന്നത് സുതാര്യമായതും പരസ്പര വിശ്വാസത്തിന്റേതുമായ ഇത്തരം ചില കരാറുകളിലൂടെയാണ്.

അത്തരമൊരു ചരിത്ര പ്രക്രിയയിലൂടെ രൂപം കൊണ്ട അനുഛേദം സേച്ഛാധിപത്യപരമായി റദ്ദാക്കാനും ഒരു സംസ്ഥാനത്തെ രണ്ടു കേന്ദ്ര അധീന പ്രദേശങ്ങളാക്കി മാറ്റാനും ആരാണ് സംഘപരിവാരത്തിന് അധികാരം നല്‍കിയിട്ടുള്ളത്?

സൈനികവല്‍ക്കരണം ശക്തിപ്പെടുത്തിയും നിരോധന ഉത്തരവുകള്‍ അടിക്കടി ഇറക്കി കൊണ്ടും ആശയ വിനിമയ ഉപാധികള്‍ പോലും ഒരു ജനതക്ക് ആകെ നിഷേധിച്ചു കൊണ്ടും ജനാധിപത്യപരമായ മനുഷ്യന്റെ ഇടപെടലുകളെ തടഞ്ഞു കൊണ്ടും ആറ് മാസമായി ഒരു ജനതയെ തടവിലിട്ടിരിക്കുകയാണ്.

ആ സംസ്ഥാനം ഭരിച്ചിരുന്ന മൂന്ന് മുന്‍മുഖ്യമന്ത്രിമാര്‍ ഇന്നും പുറംലോകവുമായി ഒരു ബന്ധമില്ലാതെ തടങ്കലിലാണ്.

 

കാശ്മീരിനെ എന്നും രക്തരൂക്ഷിതമായൊരു നാടാക്കി നിലനിര്‍ത്തണമെന്നത് ആഗോള മൂലധനശക്തികളുടെയും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ഭരണ വര്‍ഗങ്ങളുടെ താല്പര്യമാണ്. അതിനവര്‍ യുദ്ധഭീതി പരത്തും, അതിര്‍ത്തിയിലെ സൈനികരെക്കുറിച്ച് കാല്‍പ്പനികമായി സംസാരിക്കും, കശ്മീരി പണ്ഡിറ്റുകള്‍ നേരിടുന്ന അക്രമങ്ങളെക്കുറിച്ച് വാക്‌ധോരണി നടത്തും.

അത് സ്ഥാപിക്കാന്‍ അവര്‍ സാധാരണക്കാരും തീവ്രവാദികളും സുരക്ഷാ സൈനികരും ഉള്‍പ്പെടെ 70000 ലേറെ പേരുടെ ജീവന്‍ ഇക്കാലയളവില്‍ കാശ്മീരില്‍ നഷ്ടപ്പെട്ടുവെന്നത് മറച്ചുവെക്കും, ആയിരക്കണക്കിന് പേരെ കാണാതായത് സൗകര്യപൂര്‍വം മറക്കും, കാശ്മീരി പണ്ഡിറ്റുകളും മുസ്ലിങ്ങളും തമ്മിലുള്ള ആത്മബന്ധത്തെ തകര്‍ത്തത് ഇസ്ലാമിക തീവ്രവാദികളും ഹിന്ദു വര്‍ഗീയ വാദികളും ഇരുപുറങ്ങളില്‍ നിന്ന് നടത്തിയ വിദ്വേഷ പ്രചരണങ്ങളും കലാപ നീക്കങ്ങളും കൊണ്ടാണെന്ന് അവര്‍ പറയില്ല..

5 ലക്ഷത്തോളം സൈനികരെ വിന്യസിച്ച് കാശ്മീരിന്റെ ഭരണഘടനാവകാശങ്ങള്‍ റദ്ദ് ചെയ്തവര്‍ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിനും ഇന്ത്യന്‍ യൂണിയന്‍ രൂപപ്പെടുത്തിയ ഫെഡറലിസത്തെയുമാണ് കശാപ്പ് ചെയ്യുന്നത്, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

കശ്മീര്‍ ജനതയാണ് കാശ്മീരിനെ ഇന്ത്യയോട് ചേര്‍ത്തതെന്നും അതിനവര്‍ക്ക് ഇന്ത്യ നല്‍കിയ ഉറപ്പാണ് ആര്‍ട്ടിക്കിള്‍ 370 എന്നും സങ്കുചിത ദേശീയബോധത്തില്‍പ്പെട്ട് നാം മറന്നുപോകരുത്.

ഒരു ജനതയെ തോക്കിന്‍ കുഴലില്‍ നിര്‍ത്തിയിട്ട്, മറ്റ് സംസ്ഥാനങ്ങളിലേതുപോലുള്ള സൈ്വര്യജീവിതം നിഷേധിച്ചിട്ട് കണ്ടോ താഴ്വര ശാന്തമാണ് എന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രസ്താവനകള്‍ കീറിക്കളയണം. കശ്മീരിനെ തടവറയിലാക്കിയത് അനീതിയാണ് എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കണം.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.