കാര്യവട്ടത്തെ ടിക്കറ്റ് വിറ്റു പോകുന്നില്ല; സഞ്ജുവിനോട് കാട്ടുന്ന അവഗണന മൂലമെന്ന് ആരാധകർ
Cricket
കാര്യവട്ടത്തെ ടിക്കറ്റ് വിറ്റു പോകുന്നില്ല; സഞ്ജുവിനോട് കാട്ടുന്ന അവഗണന മൂലമെന്ന് ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th January 2023, 1:22 pm

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം ഏകദിന മത്സരം ഞായറാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യൻ ടീം ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. നേരത്തെ ലങ്കക്കെതിരെയുള്ള ടി-20 പരമ്പരയും ഇന്ത്യൻ ടീം സ്വന്തമാക്കിയിരുന്നു.

എന്നാലിപ്പോൾ ഞായറാഴ്ചത്തെ മത്സരത്തിനുള്ള ടിക്കറ്റുകളുടെ പകുതി മാത്രമേ ഇതുവരെ വിറ്റു തീർന്നിട്ടുള്ളു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഞായറാഴ്ചത്തെ മത്സരത്തൊട് പൊതുവെ തണുത്ത പ്രതികരണമാണ് കേരളത്തിലെ ക്രിക്കറ്റ്ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളത്.

എന്നാൽ ഇതിനോടകം തന്നെ ഇന്ത്യ പരമ്പര വിജയിച്ച് നിൽക്കുന്നതിനാലും മത്സരം ഉച്ച സമയത്ത് നടക്കുന്നതിനാലുമാണ് മത്സരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും വലിയ പ്രതികരണങ്ങളൊന്നും ലഭിക്കാത്തത് എന്നാണ് കേരള ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസ്താവിക്കുന്നത്.

“കാണികൾ പൊതുവെ തണുത്ത പ്രതികരണമാണ് ഈ മത്സരത്തോട് കാണിക്കുന്നത്. കൊൽക്കത്തയിലും ഗുവാഹത്തിയിലും കാണുന്ന തിരക്ക് നിങ്ങൾക്ക് കാര്യവട്ടത്ത് കാണാൻ സാധിക്കില്ല.

മത്സരഫലം ഇതിനോടകം തന്നെ ഉറപ്പായ ഈ പരമ്പരയിലേക്ക് ആളുകളുടെ തള്ളിക്കയറ്റം ഞാൻ പ്രതീക്ഷിക്കുന്നില്ല. കൂടാതെ മത്സരം ഉച്ചക്ക് 1:30നാണ് ആരംഭിക്കുന്നത്. ഉച്ച സമയത്തെ ചൂടിൽ ആളുകൾ മത്സരം കാണാനെത്തുക വളരെ പ്രയാസമാണ്. മത്സര ദിവസത്തോടെ ടിക്കറ്റുകൾ വിറ്റു തീർക്കാം എന്നാണ് ഞങ്ങളുടെ പ്രതീക്ഷ,’ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറി വിനോദ് കുമാർ പറഞ്ഞു.

എന്നാൽ മത്സരത്തിനുള്ള ടിക്കറ്റ് വിറ്റ് പോകാത്തത് മലയാളി താരം സഞ്ജു സാംസണെ നിരന്തരം തടയുന്ന ബി.സി.സി ഐയോടുള്ള മലയാളികളുടെ പ്രതിരോധമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ വാദിക്കുന്നത്.

കൂടാതെ മലയാളികളെ ബി.സി.സി.ഐ അവഗണിച്ചാൽ തങ്ങൾ ബി.സി.സി.ഐയെയും അവഗണിക്കുമെന്ന്  സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നുണ്ട്.

30000 ത്തിന് മുകളിൽ ടിക്കറ്റുകളാണ് ഇന്ത്യയുടെ മത്സരത്തിനായി കേരള ക്രിക്കറ്റ്‌ അസോസിയേഷൻ വിൽപനക്കായി വെച്ചിരുന്നത്. എന്നാൽ മത്സരത്തിൽ ടിക്കറ്റുകൾ വിറ്റ് പോകാത്തത് കേരളത്തെ പ്രതികൂലമായി ബാധിക്കും എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഇത് ഭാവിയിൽ കേരളത്തിലേക്ക് ക്രിക്കറ്റ്‌ മത്സരങ്ങൾ എത്താനുള്ള സാധ്യതകൾ കുറക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ശ്രീലങ്കക്കെതിരെയുള്ള പരമ്പരക്ക് ശേഷം ഇന്ത്യൻ ടീം ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരക്കാണ് അടുത്തതായി മത്സരിക്കാനിറങ്ങുക.

 

Content Highlights:Karyavattom match tickets are not fullu sold; Fans say that it is for the sanju samson issue