കേരളത്തിന് നിരാശ; കാര്യവട്ടത്ത് ലോകകപ്പെത്തില്ല
Cricket
കേരളത്തിന് നിരാശ; കാര്യവട്ടത്ത് ലോകകപ്പെത്തില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd August 2025, 3:59 pm

2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടംഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകില്ല. മത്സരങ്ങള്‍ നവി മുംബൈയില്‍ നടത്താന്‍ തീരുമാനിച്ചതോടെയാണ് മറ്റൊരു ലോകകപ്പും കാര്യവട്ടത്തിന് നഷ്ടമായത്.

ഡബ്ല്യൂ ഐ.പി.എല്‍ നവി മുംബൈയില്‍ നടത്തിയപ്പോള്‍ വലിയ രീതിയില്‍ കാണികള്‍ എത്തിയിരുന്നു. അതാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പകരം നവി മുംബൈയ്ക്ക് നറുക്ക് വീഴാന്‍ കാരണം.

അഞ്ച് മത്സരങ്ങളാണ് നവി മുംബൈയില്‍ നടക്കുകയെന്നാണ് സൂചന. ലീഗ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും സെമി ഫൈനലും ഫൈനല്‍ മത്സരവും ഈ സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം. എന്നാല്‍, ഫൈനല്‍ മത്സരം നടക്കുമോ എന്ന തീരുമാനം വരിക പാകിസ്ഥാന്റെ സാധ്യതയ്ക്ക് അനുസരിച്ചാണ്. പാകിസ്ഥാന്‍ സെമി ഫൈനലില്‍ എത്തിയാല്‍ ഫൈനലടക്കമുള്ള ഈ മത്സരങ്ങള്‍ കൊളംബോയിലായിരിക്കും നടക്കുക.

നേരത്തെ, ലോകകപ്പിലെ അഞ്ച് മത്സരങ്ങളില്‍ കാര്യവട്ടത്ത് നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ ഐ.സി.സി സാധ്യതകള്‍ തേടി എന്നായിരുന്നു റിപ്പോര്‍ട്ട്.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന മത്സരങ്ങള്‍ മറ്റൊരു വേദിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഈ റിപ്പോര്‍ട്ട്. ഐ.പി.എല്‍ ആഘോഷവുമായി ബന്ധപ്പെട്ട ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അപകടം കാരണമാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്.

അതേസമയം. സെപ്റ്റംബര്‍ 30 മുതലാണ് വനിതാ ഏകദിന ലോകകപ്പിന് തുടക്കമാവുക. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് വേദികള്‍. നവി മുംബൈക്ക് പുറമെ അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഗുവാഹത്തി (ബര്‍സാപര സ്റ്റേഡിയം), ഹോല്‍കര്‍ സ്റ്റേഡിയം ഇന്‍ഡോര്‍, എ.സി.എ – വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയം വിശാഖപട്ടണം എന്നിവയാണ് ഇന്ത്യയില്‍ ലോകകപ്പ് നടക്കുക.

കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് ശ്രീലങ്കയിലെ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും ഇവിടെയാണ് നടക്കുക.

Content Highlight: Karyavattom Greenfield Stadium will not host ICC Women’s ODI world cup