ചെന്നൈ: കരൂരിലെ ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പാര്‍ട്ടി മേധാവിയും നടനുമായ വിജയ്ക്ക് വീണ്ടും സമന്‍സ്. ഈ മാസം 15ന് ദല്‍ഹിയില്‍ വീണ്ടും ഹാജരാകണമെന്നാണ് സി.ബി.ഐയുടെ നിര്‍ദേശം.
ജനുവരിയില്‍ രണ്ട് തവണ വിജയ്‌യെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ 15 ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് വിജയ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതികളുണ്ടെന്നും ചോദ്യം ചെയ്യല്‍ ചെന്നൈയിലേക്കോ സംസ്ഥാനത്തെ ഏതെങ്കിലും ഓഫീസിലേക്കോ മാറ്റണമെന്നും ആവശ്യപ്പെട്ടതായാണ് വിവരം.
പരിപാടിയിലേക്ക് വിജയ് വൈകി എത്തിയതും ആളുകള്‍ക്കിടയിലേക്ക് വെള്ളക്കുപ്പികള്‍ എറിഞ്ഞ് നല്‍കിയതുമാണ് അപകടത്തിന്റെ ആക്കം കൂട്ടിയത്.
പതിനായിരം പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ കഴിയുന്ന സ്ഥലത്ത് 30,000ത്തിലധികം പേര്‍ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ വാദം. ടി.വി.കെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും പൊലീസ് ആരോപിച്ചു.
ഇതിനുപിന്നാലെ കരൂര്‍ ദുരന്തത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടി.വി.കെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ടി.വി.കെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ദുരന്തത്തിന് കാരണം സര്‍ക്കാരാണെന്നും അപകടത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോപിച്ചായിരുന്നു ടി.വി.കെയുടെ ഹരജി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും ടി.വി.കെ ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
നേരത്തെ ടി.വി.കെ പ്രവര്‍ത്തകരായ ബുസി ആനന്ദ്, അധവ് അര്‍ജുന, സി.ടി.ആര്‍ നിര്‍മല്‍ കുമാര്‍ എന്നിവരെ 17 മണിക്കൂറോളം ദല്‍ഹിയില്‍ വെച്ച് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.