കരൂര്‍ ദുരന്തം; വിജയ്‌യ്ക്ക് സി.ബി.ഐയുടെ സമന്‍സ്
India
കരൂര്‍ ദുരന്തം; വിജയ്‌യ്ക്ക് സി.ബി.ഐയുടെ സമന്‍സ്
രാഗേന്ദു. പി.ആര്‍
Tuesday, 6th January 2026, 6:59 pm

ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ടി.വി.കെ മേധാവിയും നടനുമായ വിജയ്‌യ്ക്ക് സി.ബി.ഐയുടെ സമന്‍സ്. ജനുവരി 12ന് ദല്‍ഹിയിലെ സി.ബി.ഐ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം. കരൂര്‍ ദുരന്തത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ടി.വി.കെ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ടി.വി.കെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും ടി.വി.കെ ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഒക്ടോബര്‍ 13നാണ് സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ദുരന്തത്തിന് കാരണം സര്‍ക്കാരാണെന്നും അപകടത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോപിച്ചായിരുന്നു ടി.വി.കെയുടെ ഹരജി. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത് ഉചിതമാകില്ലെന്നും കൃത്യമായ കാര്യങ്ങള്‍ വെളിച്ചത്ത് വരില്ലെന്നും ടി.വി.കെ പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ 26ന് വിജയ്‌യുടെ നേതൃത്വത്തില്‍ നടന്ന റാലിക്കിടയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേരായിരുന്നു മരണപ്പെട്ടത്. 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പരിപാടിയിലേക്ക് വിജയ് വൈകി എത്തിയതും ആളുകള്‍ക്കിടയിലേക്ക് വെള്ളക്കുപ്പികള്‍ എറിഞ്ഞ് നല്‍കിയതുമാണ് അപകടത്തിന്റെ ആക്കം കൂട്ടാനിടയാക്കിയത്.

പതിനായിരം പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ കഴിയുന്ന സ്ഥലത്ത് 30,000ത്തിലധികം പേര്‍ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ വാദം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അപകടത്തിന് കാരണമായി. നേരം വൈകിയെത്തിയ വിജയ്‌യെ കാണാന്‍ ആളുകള്‍ ഇടിച്ചുകയറിയതും അപകടത്തിന്റെ ആക്കം കൂട്ടി.

ഇതിനിടെ കരൂര്‍ ദുരന്തം ഉള്‍പ്പെടെയുള്ള കേസുകളില്‍ വാദം കേള്‍ക്കുന്നതിലും കേസ് ലിസ്റ്റ് ചെയ്യുന്നതിലും മദ്രാസ് ഹൈക്കോടതിക്ക് ‘എന്തോ തെറ്റ്’ സംഭവിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മധുര ബെഞ്ചിന്റെ കീഴില്‍ വരുന്ന കരൂരിലെ ഒരു കേസ് എങ്ങനെയാണ് ചെന്നൈ ബെഞ്ച് പരിഗണിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം.

തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക അന്വേഷണസംഘത്തെ എങ്ങനെയാണ് രൂപീകരിച്ചതെന്നും അതേദിവസം തന്നെ കേസ് കേന്ദ്ര ഏജന്‍സിയായ സി.ബി.ഐയ്ക്ക് കൈമാറുന്നത് മധുര ബെഞ്ച് വിസമ്മതിച്ചുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Karur tragedy; CBI summons Vijay

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.