ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ടി.വി.കെ അധ്യക്ഷന്‍ വിജയ്‌യെ സി.ബി.ഐ രണ്ട് ദിവസം ചോദ്യം ചെയ്തേക്കും. ജനുവരി 12ന് ദല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് എത്താനാണ് വിജയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ജനുവരി ആറിന് സി.ബി.ഐ ഇതുസംബന്ധിച്ച് വിജയ്ക്ക് സമന്‍സ് അയച്ചിരുന്നു.
ഇതുപ്രകാരം ചെന്നൈയില്‍ നിന്ന് നാളെ (തിങ്കള്‍) രാവിലെ ഏഴ് മണിക്ക് വിജയ് ദല്‍ഹിയിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. ജനുവരി 13ന് തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ടി.വി.കെ പ്രവര്‍ത്തകരായ ബുസി ആനന്ദ്, അധവ് അര്‍ജുന, സി.ടി.ആര്‍ നിര്‍മല്‍ കുമാര്‍ എന്നിവരെ 17 മണിക്കൂറോളം ദല്‍ഹിയില്‍ വെച്ച് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
സെപ്റ്റംബര്‍ 26ന്വിജയ്യുടെ നേതൃത്വത്തില്‍ കരൂരില്‍ നടന്ന റാലിക്കിടയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേരായിരുന്നു മരണപ്പെട്ടത്. 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പരിപാടിയിലേക്ക് വിജയ് വൈകി എത്തിയതും ആളുകള്‍ക്കിടയിലേക്ക് വെള്ളക്കുപ്പികള്‍ എറിഞ്ഞ് നല്‍കിയതുമാണ് അപകടത്തിന്റെ ആക്കം കൂട്ടാനിടയാക്കിയത്.
10,000 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ കഴിയുന്ന സ്ഥലത്ത് 30,000ത്തിലധികം പേര്‍ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ വാദം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും നേരം വൈകിയെത്തിയ വിജയ്‌യെ കാണാന്‍ ആളുകള്‍ ഇടിച്ചുകയറിയതും അപകടത്തിന്റെ ആക്കം കൂട്ടി.
അപകടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ടി.വി.കെ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ടി.വി.കെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും ടി.വി.കെ ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഒക്ടോബര്‍ 13നാണ് സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Content Highlight: Karur rally tragedy; Vijay may be questioned, directed to reach CBI headquarters