തമിഴ് സിനിമാലോകം കണ്ട ഏറ്റവും വലിയ തിരിച്ചുവരവാണ് സൂപ്പര്‍താരം സൂര്യ നടത്തിയത്. ഇന്‍ഡസ്ട്രിയിലെ മികച്ച നടന്മാരില്‍ ഒരാളായിരുന്നിട്ടും നല്ലൊരു തിയേറ്റര്‍ ഹിറ്റിനായി 13 വര്‍ഷത്തോളമാണ് കാത്തിരുന്നത്. വന്‍ ഹൈപ്പില്‍ പുറത്തിറങ്ങിയ പല സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയപ്പോഴാണ് ആര്‍.ജെ ബാലാജിയുമായി ചേര്‍ന്ന് കറുപ്പ് ഒരുക്കിയത്.
അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ക്ക് പോലും വലിയ പ്രതീക്ഷയില്ലാതിരുന്ന ചിത്രമായിരുന്നു കറുപ്പ്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ഞെട്ടിച്ച കുതിപ്പാണ് കറുപ്പ് നടത്തിയത്. റിലീസ് ചെയ്ത് നാലാഴ്ചക്കുള്ളില്‍ ചിത്രം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടി സ്ട്രീമിങ്ങിന് മുമ്പ് റെക്കോഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.
327 കോടിയാണ് കറുപ്പിന്റെ വേള്‍ഡ്‌വൈഡ് കളക്ഷന്‍. തമിഴ്‌നാട്ടില്‍ മൂന്നാഴ്ചയോളം ഫ്രീ റണ്ണായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ മറ്റിടങ്ങളില്‍ ക്ലാഷ് റിലീസ് നേരിട്ടത് കളക്ഷനെ സാരമായി ബാധിച്ചു. കേരളത്തില്‍ നിന്ന് 14 കോടിയോളമാണ് ചിത്രം നേടിയത്. മിക്‌സഡ് റെസ്‌പോണ്‍സാണ് കേരളത്തില്‍ കറുപ്പിന് ലഭിച്ചത്. അതിരടി, ദൃശ്യം 3 എന്നീ ചിത്രങ്ങളുടെ റിലീസ് കറുപ്പിന്റെ കളക്ഷനെ ബാധിച്ചു.
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 167 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. അര്‍ജുന്‍ നായകനായ ബ്ലാസ്റ്റിന്റെ റിലീസ് കറുപ്പിന്റെ കളക്ഷന് തിരിച്ചടിയായി. ഒരാഴ്ച കൂടി ഫ്രീ റണ്‍ ലഭിച്ചിരുന്നെങ്കില്‍ 175 കോടി തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയേനെ. ആന്ധ്രയിലും ഗംഭീര കളക്ഷനാണ് കറുപ്പിന് ലഭിച്ചത്. സൂര്യയുടെ സ്‌ട്രോങ് ഏരിയയാണ് ആന്ധ്ര/ തെലങ്കാന.
37.6 കോടിയാണ് ചിത്രത്തിന്റെ ആന്ധ്ര/ തെലങ്കാന കളക്ഷന്‍. റാം ചരണ്‍ നായകനായ പെദ്ദിയുടെ റിലീസാണ് ആന്ധ്രയില്‍ തിരിച്ചടിയായത്. 40 കോടിയെങ്കിലും ലഭിക്കേണ്ടതായിരുന്നെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. കര്‍ണാടകയില്‍ നിന്ന് 25 കോടിക്കടുത്താണ് ചിത്രം നേടിയത്. എല്ലായിടത്തും വിതരണക്കാര്‍ക്ക് വലിയ ലാഭമാണ് കറുപ്പ് സമ്മാനിച്ചത്.
കരിയറില്‍ ഒരു 150 കോടി ചിത്രം പോലുമില്ലാത്ത അവസ്ഥയില്‍ നിന്നാണ് ഒറ്റയടിക്ക് 300 കോടിയിലേക്ക് സൂര്യ കുതിച്ചത്. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ആരാധകര്‍ക്ക് വിരുന്നായി. കറുപ്പിന്റെ വിജയം വരും ചിത്രങ്ങളിലും ആവര്‍ത്തിച്ചാല്‍ ഒരിക്കല്‍ കൈവിട്ട സിംഹാസനത്തില്‍ സൂര്യക്ക് നിരന്തരമായി ഇരിക്കാനാകും.
Content Highlight: Karuppu movie collected 327 crore from Box Office
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ