കറുപ്പിനഴക്... വെളുപ്പിനഴക്; നിറത്തിൻ്റെ രാഷ്ട്രീയമല്ല ഈ വരികൾ
Malayalam Cinema
കറുപ്പിനഴക്... വെളുപ്പിനഴക്; നിറത്തിൻ്റെ രാഷ്ട്രീയമല്ല ഈ വരികൾ
ശരണ്യ ശശിധരൻ
Friday, 25th July 2025, 3:32 pm
പ്രകൃതിയെ ആണ് കറുപ്പിനഴക്, വെളുപ്പിനഴക് എന്നെഴുതിയത്. കറുപ്പിന് എന്തൊരഴകാണ്! അതുപോലെ വെളുപ്പിനും അഴകുണ്ട്.

മോഹന്‍ സിത്താര കമ്പോസ് ചെയ്ത സിപിംളായിട്ടുള്ള ട്യൂണ്‍. ആ ട്യൂണിന് ചേരുന്ന വരികളെഴുതാന്‍ പറ്റാതെ വിഷമിക്കുന്ന കൈതപ്രം. സമയം സന്ധ്യയോട് അടുക്കുന്നു.

എത്ര ആലോചിച്ചിട്ടും വരികള്‍ കിട്ടാതെ വന്നതോടെ അന്നത്തെ രാത്രി കടന്നുപോയി. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ കൈതപ്രം കാണുന്നത് മനോഹരമായി ഒഴുകുന്ന ഭാരതപ്പുഴയെ ആണ്.

ആ നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയെ നോക്കി, അതിന്റെ വശ്യഭംഗി അറിഞ്ഞ് പുഴയുടെ തീരത്ത് ഇരുന്ന് കൈതപ്രം എഴുതി ‘കറുപ്പിനഴക് ഓ… വെളുപ്പിനഴക്… പുലരിയിലെ പനിമഴയില്‍ പതിനേഴഴകാണ്’

കമല്‍ സംവിധാനം ചെയ്ത സ്വപ്‌നക്കൂട് എന്ന ചിത്രത്തിന് വേണ്ടി  കൈതപ്രം രചിച്ച് മോഹന്‍ സിത്താര സംഗീതം നല്‍കിയ ഈ ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.

ഭാരതപ്പുഴയുടെ കരയില്‍ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്കുകൂടി പങ്കാളിത്തമുള്ള ഒരു റിസോര്‍ട്ടില്‍ ഇരുന്നാണ് കൈതപ്രം ദാമോദരന്‍ കറുപ്പിനഴകെന്ന പാട്ടിന്റെ വരികളെഴുതിയത്.

ഗാനം ഒരു കാലത്ത് ആഘോഷിക്കപ്പെടുകയും പിന്നീട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്കും കാരണമായി. കറുപ്പിന്റെ രാഷ്ട്രീയം ചര്‍ച്ചയായതോടെ സ്വപ്നക്കൂടിലെ ഈ പാട്ടും വിവാദങ്ങളില്‍ നിറഞ്ഞു. എന്നാല്‍ ഗാനത്തിലെ തന്റെ വരികള്‍ ഒരിക്കലും സ്ത്രീയെക്കുറിച്ചായിരുന്നില്ലെന്നും പ്രകൃതിയെ കുറിച്ചാണെന്നും കൈതപ്രം പറയുന്നു.

‘പ്രകൃതിയെ ആണ് കറുപ്പിനഴക്, വെളുപ്പിനഴക് എന്നെഴുതിയത്. കറുപ്പിന് എന്തൊരഴകാണ്! അതുപോലെ വെളുപ്പിനും അഴകുണ്ട്. പുലരിയിലെ പനിമഴയ്ക്ക് പതിനേഴഴകാണ്. ശരിക്കും സ്ത്രീയെക്കുറിച്ചുള്ള പാട്ടല്ല അത്. പ്രകൃതിയെക്കുറിച്ചുള്ള പാട്ടാണ്. ആളുകള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,’ ഇതായിരുന്നു വിവാദത്തെ കുറിച്ചുള്ള കൈതപ്രത്തിന്റെ വാക്കുകള്‍.

ഭാരതപ്പുഴയുടെ റിസോര്‍ട്ടിന്റെ പൂമുഖത്ത് പാട്ടിന്റെ കമ്പോസിങ്ങിന്റെ ഭാഗമായി കൈതപ്രവും ചിത്രത്തിന്റെ സംവിധായകന്‍ കമലും മോഹന്‍ സിത്താരയും ഉണ്ടായിരുന്നു.

മോഹന്‍ സിത്താര നല്‍കിയ ട്യൂണ്‍ കേള്‍ക്കുമ്പോള്‍ വളരെ ലളിതമാണ്. എന്നാല്‍ എത്ര ആലോചിച്ചിട്ടും ആ ട്യൂണിന് വരികളെഴുതാന്‍ കൈതപ്രത്തിന് പറ്റിയില്ല. ഒരു വികാരവും പുറത്ത് കൊണ്ടുവരാനുള്ള സമയം ഇല്ല. സന്ധ്യയായപ്പോഴും വരികള്‍ കിട്ടാതായതോടെ കിടക്കാന്‍ പോയി.

പിറ്റേന്ന് പുലര്‍ച്ചെ പൂമുഖത്തേക്ക് ഇറങ്ങിയ കൈതപ്രത്തിന് ഭാരതപ്പുഴ സുന്ദരിയായി തോന്നി. ഭാരതപ്പുഴയുടെ ഒരു ഭാഗത്ത് ഇരുട്ട്. മറുഭാഗത്ത് വെളിച്ചം വന്നുകൊണ്ടിരിക്കുന്നു. ആ പ്രകൃതിയെ വര്‍ണിച്ച് കൈതപ്രം വരികളെഴുതി.

‘കറുപ്പിനഴക് ഓ… വെളുപ്പിനഴക്… പുലരിയിലെ പനിമഴയില്‍ പതിനേഴഴകാണ്’

കറുപ്പിനും വെളുപ്പിനും അഴക് ഉണ്ടെന്നും അതേ അഴക് പ്രകൃതിക്കും ഉണ്ടെന്നാണ് ഈ വിവാദങ്ങളില്‍ കൈതപ്രത്തിന് പറയാനുള്ളത്. മോഹന്‍സിത്താരയുടെ ഈണത്തിന് ആലാപനത്തിലൂടെ മാറ്റുകൂട്ടാന്‍ ജ്യോത്സ്‌ന രാധാകൃഷ്ണനും, പ്രദീപ് ബാബുവിനും രാജേഷ് വിജയ്ക്കും സാധിച്ചു.

മീര ജാസ്മിനും ഭാവനക്കും ഒപ്പം പൃഥ്വിരാജും ജയസൂര്യയും കുഞ്ചാക്കോ ബോബനും തകര്‍ത്ത് അഭിനയിച്ച പാട്ട് വലിയ രീതിയില്‍ ഹിറ്റായി മാറി. അന്നത്തെ പ്രധാന യുവതാരങ്ങളൊന്നിച്ച് 2003ല്‍ പുറത്തിറങ്ങിയ സിനിമയും ചിത്രത്തിലെ ഈ പാട്ടും അവരുടെ നൃത്തവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു.

ചിത്രത്തിലെ ഗാനങ്ങള്‍ ചിത്രീകരിച്ചത് ഓസ്ട്രേലിയയിലും സ്വിറ്റ്സര്‍ലാന്റിലുമായിരുന്നു. പ്രധാനമായും ഈ പാട്ട് ചിത്രീകരിച്ചത് വിയന്നയിലെ ഗ്രാമത്തിലായിരുന്നു. ലോകപ്രശസ്ത സംഗീതജ്ഞനായ ബീഥോവന്റെ നാടായിരുന്നു അത്. അവിടെ വെച്ച് സ്വപ്നക്കൂടിലെ പാട്ടും ഡാന്‍സും കമല്‍ ചിത്രീകരിച്ചു.

Content Highlight: Karuppinazhak… Veluppinazhak lines are not about racism

ശരണ്യ ശശിധരൻ
ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം