ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം മോഹിച്ചെത്തിയ പഞ്ചാബ് കിങ്‌സിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചിരുന്നു. ഈ സീസണിലെ അവസാന അങ്കത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് കിങ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ വിജയ ലക്ഷ്യം ക്യാപിറ്റല്‍സ് മറികടക്കുകയായിരുന്നു.
𝙍𝙞𝙯𝙯-𝙥𝙚𝙘𝙩 𝙩𝙝𝙚 𝙛𝙞𝙣𝙞𝙨𝙝𝙚𝙧 🙇♂️
A high-quality innings to close it out in style ✌️@DelhiCapitals sign off from this season in a 𝘳𝘰𝘢𝘳𝘪𝘯𝘨 fashion 💙
മത്സരത്തില്‍ മലയാളി താരം കരുണ്‍ നായര്‍ ദല്‍ഹിക്കായി മികച്ച പ്രകടനം നടത്തിയിരുന്നു. മൂന്നാമതായി ക്രീസിലെത്തി 27 പന്തില്‍ 44 റണ്‍സ് എടുത്താണ് ക്യാപിറ്റല്‍സിന് മുതല്‍ കൂട്ടായത്. രണ്ട് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു കരുണിന്റെ ഇന്നിങ്സ്. മത്സരത്തില്‍ 162.96 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റേന്തിയത്.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയതിന് ശേഷമായിരുന്നു ഐ.പി.എല്ലിലെ കരുണിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരവും സ്‌ക്വാഡില്‍ ഇടം പിടിച്ചിരുന്നു. ആഭ്യന്തര മത്സരങ്ങളില്‍ വിദര്‍ഭയ്ക്ക് വേണ്ടി നടത്തിയ മിന്നും പ്രകടങ്ങളാണ് 33കാരന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴി തെളിച്ചത്.
പഞ്ചാബിനെതിരെയുള്ള മത്സരത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് കരുണ്‍ നായര്‍ സംസാരിച്ചിരുന്നു. ടീമിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ നന്ദിയുള്ളവനാണെന്നും ആ വാര്‍ത്തയ്ക്കായി താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ഇന്ത്യന്‍ ടീമിലും താന്‍ കളിക്കുന്ന രീതിയില്‍ തന്നെ തുടരുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ടീമിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഭാഗ്യത്തിന്റെയും നിമിഷമാണിത്. മറ്റെല്ലാവരെയും പോലെ തന്നെയാണ് ഞാനും ടീമില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് അറിഞ്ഞത്. ആ വാര്‍ത്തയ്ക്കായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്റെ അടുത്ത ആളുകളില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നത് സന്തോഷം വര്‍ധിപ്പിച്ചു.
കഴിഞ്ഞ 12-16 മാസമായി മികച്ച ഫോമിലാണ് ഞാന്‍ ബാറ്റ് ചെയ്യുന്നത്. ഞാന്‍ പിന്തുടര്‍ന്ന പ്രക്രിയകളും സമീപനങ്ങളും നിലനിര്‍ത്തുക എന്നതാണ് ഇപ്പോള്‍ എന്റെ ശ്രദ്ധ. വിജയം നേടിത്തന്ന കാര്യങ്ങള്‍ ചെയ്യുന്നത് തുടരാനാണ് ഞാന്‍ ലക്ഷ്യമിടുന്നത്. എന്റെ കളി രീതി അതെ പോലെ തുടരും,’ കരുണ്‍ നായര്‍ പറഞ്ഞു.
കരുണ്‍ നായര്‍ 2017ലാനാണ് അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് ടീമില്‍ കളിച്ചത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. പിന്നീടുള്ള നാല് മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്താനാവാതെ ടീമില്‍ നിന്ന് താരം പുറത്താവുകയായിരുന്നു.
വിദര്‍ഭക്കായി അവസാന സീസണില്‍ രഞ്ജി ട്രോഫിയിലും വിജയ് ഹസാരെയിലും കരുണ്‍ നടത്തിയ പ്രകടനങ്ങളാണ് ടെസ്റ്റ് ടീമിലേക്ക് വീണ്ടും വിളിയെത്തുന്നതിലേക്ക് നയിച്ചത്. 2024 – 25 രഞ്ജി ട്രോഫിയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 863 റണ്‍സ് നേടി താരം ടീമിന്റെ കിരീടധാരണത്തില്‍ നിര്‍ണായകമായിരുന്നു. കൂടാതെ വിജയ് ഹസാരെയില്‍ 779 റണ്‍സും നേടിയിട്ടുണ്ട്.
Content Highlight: Karun Nair talks about his return to Test Cricket