രണ്ട് ഡബിള്‍ സെഞ്ച്വറി, ഒമ്പത് സെഞ്ച്വറി; കംബാക്ക് മോഡ് ആക്ടിവേറ്റഡ്! തിരിച്ചുവരവ് വെറുതെയാകില്ല
Sports News
രണ്ട് ഡബിള്‍ സെഞ്ച്വറി, ഒമ്പത് സെഞ്ച്വറി; കംബാക്ക് മോഡ് ആക്ടിവേറ്റഡ്! തിരിച്ചുവരവ് വെറുതെയാകില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st May 2025, 10:19 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി നടക്കുന്ന അണ്‍ഒഫീഷ്യല്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് കരുണ്‍ നായര്‍ തിളങ്ങുന്നത്. സെന്റ് ലോറന്‍സ്, കാന്റര്‍ബറിയിലെ സ്പിറ്റ്ഫയര്‍ ഗ്രൗണ്ടില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെയാണ് കരുണ്‍ നായര്‍ തകര്‍ത്തടിച്ചത്.

നേരിട്ട 85ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കരുണ്‍ 155ാം പന്തിലാണ് ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടത്. കരിയറിലെ 24ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് താരം ഇംഗ്ലണ്ട് ലയണ്‍സിനെതിരെ അടിച്ചെടുത്തത്.

എന്നാല്‍ അവിടംകൊണ്ടും അവസാനിപ്പിക്കാതെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയ കരുണിന്റെ കരുത്തില്‍ ഇന്ത്യ എ ആദ്യ ഇന്നിങ്‌സില്‍ 557 റണ്‍സിന്റെ മികച്ച ടോട്ടലിലെത്തിയത്.

മത്സരത്തില്‍ 281 പന്ത് നേരിട്ട താരം 204 റണ്‍സുമായി നില്‍ക്കവെ സമാന്‍ അക്തറിന്റെ പന്തില്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ജെയിംസ് റ്യൂവിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 26 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കരിയറിലെ നാലാം ഫസ്റ്റ് ക്ലാസ് ഡബിള്‍ സെഞ്ച്വറിയാണ് താരം ഇംഗ്ലണ്ടില്‍ കുറിച്ചത്.

ഏറെ നാളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പുറത്തായ താരം വമ്പന്‍ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. സ്വപ്‌നതുല്യമായ ആഭ്യന്തര സീസണാണ് താരത്തിന് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്.

വിജയ് ഹസാരെ ട്രോഫിയിലും രഞ്ജി ട്രോഫിയിലും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനമാണ് താരം നടത്തിയത്. ഇക്കഴിഞ്ഞ ഡൊമസ്റ്റിക് സീസണില്‍ വിവിധ ഫോര്‍മാറ്റുകളില്‍ നിന്നായി ഒമ്പത് സെഞ്ച്വറികളാണ് താരം അടിച്ചെടുത്തത്.

ഇതിനൊപ്പം കഴിഞ്ഞ വര്‍ഷം കൗണ്ടി ക്രിക്കറ്റിലും കരുണ്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നോര്‍താംപ്ടണ്‍ഷെയറിനായി ഗ്ലാമോര്‍ഗണെതിരെയാണ് താരം ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 253 പന്ത് നേരിട്ട് പുറത്താകാതെ 202 റണ്‍സാണ് കരുണ്‍ നായര്‍ അടിച്ചെടുത്തത്.

2024 മുതല്‍ കരുണ്‍ നായര്‍;

വിജയ് ഹസാരെ ട്രോഫി 2024/25 – അഞ്ച് സെഞ്ച്വറി

രഞ്ജി ട്രോഫി 2024/25 – നാല് സെഞ്ച്വറി

സയ്യിദ് മുഷ്താഖ് അലി ട്രോഫി 2025 – ആറ് ഇന്നിങ്‌സില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറി

2024/25 ആഭ്യന്തര സീസണില്‍ ആകെ ഒമ്പത് സെഞ്ച്വറി

കൗണ്ടി ചാമ്പ്യന്‍ഷിപ്പ് 2024 – ഇരട്ട സെഞ്ച്വറി

ഇപ്പോള്‍ ഇന്ത്യ എ-യ്ക്കായി ഇരട്ട സെഞ്ച്വറി

ഇന്ത്യ എ-യ്ക്കായി പുറത്തെടുത്ത മികച്ച ഇന്ത്യയ്ക്കായും കരുണ്‍ പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തുന്നത്. ജൂണ്‍ 20നാണ് പരമ്പരയിലെ ആദ്യ മത്സരം.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2025

ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്ലി, ലീഡ്സ്.

രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.

മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്സ്, ലണ്ടന്‍.

നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍

അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.

 

Content Highlight: Karun Nair’s brilliant domestic season 2024/25