രഞ്ജി ട്രോഫി ഫൈനലില്‍ കേരളം വിദര്‍ഭയെ നേരിടുകയാണ്. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വിദര്‍ഭ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി.
മലയാളി കൂടിയായ കരുണ്‍ നായര്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ കരുത്തിലാണ് വിദര്‍ഭ കലാശപ്പോരാട്ടത്തില്‍ തിളങ്ങിയത്. നേരത്തെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ റെക്കോഡ് നേട്ടങ്ങളുമായി മികച്ച പ്രകടനം കാഴ്ചവെച്ച കരുണ്‍ നായര്‍ ടൂര്‍ണമെന്റിന്റെ ചരിത്രവും തിരുത്തിയെഴുതിയിരുന്നു.
ഇപ്പോള്‍ താന്‍ കേരളത്തിന് വേണ്ടി കളിക്കാന്‍ സ്വയം സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുകയാണ് കരുണ്‍ നായര്‍. കര്‍ണാടക ടീമില്‍ നിന്നും പടിയിറങ്ങിയതിന് പിന്നാലെ താന്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നു എന്നാണ് കരുണ്‍ നായര്‍ വെളിപ്പെടുത്തുന്നത്.
എന്നാല്‍ കെ.സി.എയുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നും ഇതേ സമയം തന്നെ വിദര്‍ഭ തനിക്ക് കരാര്‍ വാഗ്ദാനം ചെയ്‌തെന്നും താന്‍ അവര്‍ക്കൊപ്പം ചേരുകയായിരുന്നു എന്നുമാണ് കരുണ്‍ നായര്‍ പറയുന്നത്.
‘കേരളത്തിന് വേണ്ടി കളിക്കായുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. കര്‍ണാടക ടീം വിടുമെന്ന് ഉറപ്പായപ്പോള്‍ എവിടെയെല്ലാം കളിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ നോക്കുന്നുണ്ടായിരുന്നു. ആ സമയം കേരളവുമായും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ആ ചര്‍ച്ചകളൊന്നും തന്നെ മുമ്പോട്ട് പോയില്ല.
Karun Nair says he approached KCA & offered himself to play for Kerala Cricket Team after he got the confirmation from Karnataka team that he won’t be picked this season but KCA didn’t proceed. At the same time Vidarbha approached him and he accepted their offer
ഞാന്‍ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷനുമായി സംസാരിക്കുകയായിരുന്നു. പക്ഷേ അത് മുമ്പോട്ട് പോയില്ല. ആ സമയത്ത് തന്നെ എനിക്ക് വിദര്‍ഭയുടെ ഓഫര്‍ വന്നു,’ കരുണ്‍ നായര്‍ പറയുന്നു.
അതേസമയം, കേരളത്തിനെതിരായ ഫൈനലില്‍ മികച്ച പ്രകടനമാണ് കരുണ്‍ നായര്‍ നടത്തിയത്. ഡാനിഷ് മലേവറിനൊപ്പം ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് കരുണ്‍ നായര്‍ തിളങ്ങിയത്. 188 പന്ത് നേരിട്ട താരം 86 റണ്‍സ് നേടി.
അതേസമയം, ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയാണ് വിദര്‍ഭ ഫൈനലില്‍ മേല്‍ക്കൈ സ്വന്തമാക്കിയിരിക്കുന്നത്. വിദര്‍ഭ ഉയര്‍ത്തിയ ആദ്യ ഇന്നിങ്‌സ് ടോട്ടലായ 379 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കേരളം 342 റണ്‍സിന് പുറത്തായി. ഇതോടെ 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഹോം ടീമിന് ലഭിച്ചത്.