| Sunday, 23rd November 2025, 10:29 am

അക്ഷയ് കുമാറിനെ കോപ്പിയടിക്കാതെ സ്വന്തമായി സ്റ്റൈല്‍ ഉണ്ടാക്കിക്കൂടെ, പുതിയ ടീസറിന് പിന്നാലെ കാര്‍ത്തിക് ആര്യന് വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡില്‍ ചുരുങ്ങിയ കാലം കൊണ്ട് നല്ലൊരു ഫാന്‍ബേസ് ഉണ്ടാക്കിയെടുത്ത നടനാണ് കാര്‍ത്തിക് ആര്യന്‍. ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസിയായ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗത്തിലൂടെ കാര്‍ത്തിക് ഈര്യന്‍ ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ സ്ഥാനം നേടിയത്. കാര്‍ത്തിക്കിന്റെ ഏറ്റവും പുതിയ ചിത്രമായ തൂ മേരി മേം തേരാ മേം തേരാ തൂ മേരിയുടെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി.

സ്ഥിരം ബോളിവുഡ് റോം കോം രീതിയിലൊരുക്കിയ ടീസറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഫോറിന്‍ ലൊക്കേഷനില്‍ വെച്ച് കണ്ടുമുട്ടുന്ന നായകനും നായികയും പ്രണയത്തിലാവുന്നതും പിന്നീട് ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളും തന്നെയാണ് ചിത്രത്തിന്റെ കഥയെന്ന് ടീസര്‍ കാണുന്ന ആര്‍ക്കും വായിച്ചെടുക്കാനാകുന്നതാണ്.

നായകനായെത്തിയ കാര്‍ത്തിക് ആര്യനും വിമര്‍ശനം നേരിടുന്നുണ്ട്. ടീസറില്‍ നായികയോട് ചിരിക്കുന്ന സീനിനാണ് പ്രധാനമായും ട്രോള്‍ ലഭിക്കുന്നത്. അക്ഷയ് കുമാറിന്റെ ചിരിയുടെ സ്‌റ്റൈല്‍ കാര്‍ത്തിക് കോപ്പിയടിക്കുകയാണെന്ന് പലരും ആരോപിക്കുന്നു. ബോളിവുഡിലെ ആര്‍ക്കും അക്ഷയ് കുമാറിനെ അനുകരിക്കാനാകില്ലെന്നും സ്വന്തമായി സ്‌റ്റൈല്‍ ഉണ്ടാക്കിക്കൂടെയെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

സിനിമ കാണാനെത്തുന്നവര്‍ക്ക് കാര്‍ത്തിക് ആര്യന്റെ മിമിക്രി കാണേണ്ടി വരുമെന്നും പരിഹാസങ്ങളുണ്ട്. ഭൂല്‍ ഭുലയ്യ 2വിന് ശേഷം കാര്‍ത്തിക്കിന്റെ പെര്‍ഫോമന്‍സില്‍ അക്ഷയ് കുമാറിന്റെ ബാധ കയറിയിട്ടുണ്ടെന്നും ഇത് നല്ലതല്ലെന്നും അഭിപ്രായപ്പെടുന്ന കമന്റുകള്‍ ഇതിനോടകം വൈറലായി. ടീസര്‍ ആവറേജാകാന്‍ കാരണം കാര്‍ത്തിക് ആര്യനാണെന്നും ചില പോസ്റ്റുകളില്‍ പറയുന്നുണ്ട്.

ചിത്രത്തിന്റെ ടൈറ്റിലിനും വിമര്‍ശനങ്ങളുണ്ട്. ‘ഇത്രയും ക്രിഞ്ചായിട്ടുള്ള പേര് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല’, ‘കഥ പഴഞ്ചന്‍, ടൈറ്റില്‍ അതിനെക്കാള്‍ പഴഞ്ചന്‍’ എന്നിങ്ങനെയാണ് കമന്റുകള്‍. മറ്റ് ഇന്‍ഡസ്ട്രികള്‍ പുതിയതായി ഓരോ കഥകള്‍ വെച്ച് അമ്പരപ്പിക്കുമ്പോള്‍ ബോളിവുഡിന് സ്ഥിരം ബികിനി, ബീച്ച് വൈബ് മാത്രം മതിയെന്നും ചിലര്‍ അഭിപ്രായപ്പടുന്നു.

അനന്യ പാണ്ഡേയാണ് ചിത്രത്തിലെ നായിക. കാര്‍ത്തിക്കിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ സത്യ പ്രേം കീ കഥയുടെ സംവിധായകന്‍ സമീര്‍ വിദ്വാന്‍സാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. കരണ്‍ ജോഹറും അദാര്‍ പൂനവാലയുമാണ് ചിത്രത്തിന്റെ നിര്‍മാണം. ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Kartik Aaryan getting criticism for imitating Akshay Kumar

We use cookies to give you the best possible experience. Learn more