| Monday, 14th April 2025, 10:19 pm

ജോജുവില്‍ നിന്ന് ഞാനത് പ്രതീക്ഷിച്ചില്ല; അവന് പറ്റുന്നില്ലെന്ന് പലപ്പോഴും പറഞ്ഞു: കാര്‍ത്തിക് സുബ്ബരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് കാര്‍ത്തിക് സുബ്ബരാജ്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. കാര്‍ത്തിക്കിനൊപ്പം സൂര്യ ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് ഇത്.

പൂജ ഹെഗ്‌ഡേ നായികയായി എത്തുന്ന റെട്രോയില്‍ മലയാളികളായ ജയറാം, ജോജു ജോര്‍ജ്, സുജിത് ശങ്കര്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന മലയാള ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നിരുന്നത്.

ഇപ്പോള്‍ ജോജുവിനെ കുറിച്ച് പറയുകയാണ് കാര്‍ത്തിക് സുബ്ബരാജ്. റെട്രോയുടെ പ്രൊമേഷന്റെ ഭാഗമായി സിനിമാവികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൃത്യം നമ്മുടെ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ ആയിരുന്നു ജോജുവിന്റെ പടത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പരിപാടികളൊക്കെ നടന്നത്. അതുകൊണ്ട് തന്നെ മിക്കപ്പോഴും ജോജു അതിന്റെ ടെന്‍ഷനിലാകും. ഷൂട്ടിങ്ങിന്റെ ഇടയിലും പണി സിനിമയെ ഓര്‍ത്തുള്ള ടെന്‍ഷന്‍ ഉണ്ടാകും.

ഇടയ്ക്ക് എന്റെ അടുത്ത് വന്ന് സംസാരിക്കും. ‘കാര്‍ത്തീ, നീ എങ്ങനെയാണ് സംവിധാനം ചെയ്യുന്നത്? എനിക്ക് പറ്റുന്നില്ല’ എന്ന് പറയും. ജോജു ആ സിനിമയുടെ പ്രൊഡ്യൂസര്‍ കൂടിയായിരുന്നു. അതുകൊണ്ട് ഒരുപാട് പ്രഷര്‍ താങ്ങാനുണ്ടായിരുന്നു.

ക്രിയേറ്റീവ് സൈഡില്‍ നിന്ന് എനിക്ക് ചെയ്യാന്‍ പറ്റുന്ന സഹായമെല്ലാം ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ നമ്മുടെ സെറ്റില്‍ പെര്‍ഫോം ചെയ്യുന്ന സമയത്ത് ജോജു ഒരു അഭിനേതാവ് എന്ന നിലയില്‍ നന്നായി അഭിനയിക്കുമായിരുന്നു. അതിന് ശേഷമാണ് പണി സിനിമയുടെ കാര്യങ്ങള്‍ ചെയ്യുക.

പിന്നീട് ഒരിക്കല്‍ ഓഫീസില്‍ വെച്ച് ജോജു പണി സിനിമ എനിക്ക് കാണിച്ചു തന്നിരുന്നു. എനിക്ക് ആ സിനിമ ഒരുപാട് ഇഷ്ടമായി. ജോജു ഒരു തിരക്കഥാകൃത്തായും സംവിധായകനായും ഇത്രയും നന്നായി വര്‍ക്ക് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഫാമിലി ഡ്രാമയാകും ചെയ്യുകയെന്നാണ് കരുതിയത്. പടം കാണുന്നതിന് മുമ്പ് ഞാന്‍ ട്രെയ്‌ലര്‍ കണ്ടിരുന്നില്ല,’ കാര്‍ത്തിക് സുബ്ബരാജ് പറയുന്നത്.


Content Highlight: Karthik Subbaraj Talks About Joju George

We use cookies to give you the best possible experience. Learn more