| Thursday, 19th June 2025, 11:30 am

നാലഞ്ച് എപ്പിസോഡുള്ള വെബ് സീരീസായി റെട്രോയിലെ ചില ഭാഗങ്ങള്‍ ഇറക്കാന്‍ പ്ലാനുണ്ട്, എന്നാല്‍ അവര്‍ അതിനോട് താത്പര്യം കാണിച്ചില്ല: കാര്‍ത്തിക് സുബ്ബരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാര്‍ത്തിക് സുബ്ബരാജും സൂര്യയും ആദ്യമായി ഒന്നിച്ച ചിത്രമാണ് റെട്രോ. കങ്കുവയുടെ വന്‍ പരാജയത്തിന് ശേഷം തിയേറ്ററുകളിത്തെിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മേക്കിങ്ങില്‍ മുന്നിട്ട് നിന്ന ചിത്രം ശക്തമായ തിരക്കഥയുടെ അഭാവം കാരണമായിരുന്നു പിന്നോട്ട് പോയത്. ഒ.ടി.ടി റിലീസിന് ശേഷം തരക്കേടില്ലാത്ത പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ചില പ്രധാന ഭാഗങ്ങള്‍ വെബ് സീരീസിന്റെ രൂപത്തില്‍ പുറത്തിറക്കാന്‍ പ്ലാനുണ്ടായിരുന്നെന്ന് പറയുകയാണ് കാര്‍ത്തിക് സുബ്ബരാജ്. ലാഫ്റ്റര്‍, കള്‍ട്ട് എന്നീ ഭാഗങ്ങള്‍ കുറച്ചുകൂടി വിശദമാക്കി കാണിക്കാനും നാലോ അഞ്ചോ എപ്പിസോഡുള്ള ഒരു വെബ് സീരീസായി അത് പുറത്തിറക്കാനും താന്‍ ആലോചിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യം താന്‍ നെറ്റ്ഫ്‌ളിക്‌സ് ടീമുമായി സംസാരിച്ചെന്നും എന്നാല്‍ അവര്‍ അതിനോട് താത്പര്യം കാണിച്ചിരുന്നില്ലെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ആ ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നും അത് ചെയ്യാന്‍ സമയം നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെട്രോ ഒരു ലിമിറ്റഡ് വെബ് സീരീസായി പുറത്തിറക്കാന്‍ ഒരു പ്ലാന്‍ ഉണ്ടായിരുന്നു. നാലോ അഞ്ചോ എപ്പിസോഡുള്ള, ഓരോ എപ്പിസോഡും 30-35 മിനിറ്റ് ദൈര്‍ഖ്യമുള്ള ഒരു മിനി സീരീസ്. സെക്കന്‍ഡ് ഹാഫിലെ ആ ആത്മീയതയുടെയും കള്‍ട്ടിന്റെയും ലാഫ്റ്റര്‍ പോര്‍ഷനും എല്ലാം ചേര്‍ത്ത സീരീസായിരുന്നു മനസില്‍.

ഈ ഒരു ഐഡിയ ഞാന്‍ പിച്ച് ചെയ്ത ഉടന്‍ നെറ്റ്ഫ്‌ളിക്‌സ് ടീമുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ അവര്‍ അതിനോട് താത്പര്യമൊന്നും കാണിച്ചില്ല. എന്നിരുന്നാലും ഞാന്‍ അത് വിട്ടിട്ടില്ല. ആ ചിന്തയുമായി മുന്നോട്ട് പോകാനും എപ്പോഴെങ്കിലും അത് ചെയ്യാനും പ്ലാനുണ്ട്,’ കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.

സൂര്യ നായകനായെത്തിയ ചിത്രത്തില്‍ പൂജ ഹെഡ്ഗേയായിരുന്നു നായിക. മലയാളി താരങ്ങളായ ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. നാസര്‍, വിധു, പ്രകാശ് രാജ്, തമിഴ്, തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്മെന്റ്സും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് പിക്ചേഴ്സുമാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Karthik Subbaraj Saying he planned to release Retro as a limited Web Series

We use cookies to give you the best possible experience. Learn more