| Monday, 5th May 2025, 12:22 pm

ആദ്യ സിനിമയില്‍ അച്ഛന് ഒരു വേഷം കൊടുത്തു, ബന്ധുക്കള്‍ക്ക് അവസരം കൊടുക്കാന്‍ പാടില്ലെന്ന് ആദ്യ സീനില്‍ മനസിലായി: കാര്‍ത്തിക് സുബ്ബരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് കാര്‍ത്തിക് സുബ്ബരാജ്. ആദ്യ ചിത്രമായ പിസ്സയിലൂടെ തന്നെ ശ്രദ്ധേയനായ കാര്‍ത്തിക് പിന്നീട് വ്യത്യസ്ത ഴോണറുകളില്‍ മികച്ച സിനിമകള്‍ മാത്രം ചെയ്ത് തമിഴിലെ മുന്‍നിരയിലേക്ക് വളരെ വേഗം ഇടംപിടിച്ചു. 2019ല്‍ രജിനികാന്തിനെ നായകനാക്കി പേട്ട എന്ന ചിത്രത്തിലൂടെ മാസ് സിനിമകളും തനിക്ക് ചേരുമെന്ന് തെളിയിച്ചു.

തന്റെ സിനിമകളില്‍ അച്ഛനായ ഗജരാജിന് എപ്പോഴും കാര്‍ത്തിക് സുബ്ബരാജ് അവസരം നല്‍കാറുണ്ട്. കാര്‍ത്തിക്കിന്റെ ആദ്യചിത്രമായ പിസ്സയിലൂടെയാണ് ഗജരാജ് ക്യാമറക്ക് മുന്നിലെത്തുന്നത്. ഏറ്റവും പുതിയ ചിത്രമായ റെട്രോയിലും ഗജരാജ് പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഗജരാജിന്റെ 100ാമത് ചിത്രം കൂടിയാണ് റെട്രോ. അച്ഛനെ ആദ്യമായി ക്യാമറക്ക് മുന്നില്‍ കൊണ്ടുവന്ന അനുഭവം പങ്കുവെക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്.

നാളെയ ഇയക്കുനര്‍ എന്ന റിയാലിറ്റി ഷോയില്‍ താന്‍ ചെയ്ത ഷോര്‍ട് ഫിലിമുകളില്‍ അച്ഛന് ചെറിയ വേഷങ്ങള്‍ കൊടുത്തിട്ടുണ്ടായിരുന്നെന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ഫീച്ചര്‍ ഫിലിം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ഒരു വേഷം പ്രതീക്ഷിച്ചെന്നും രണ്ട് സീന്‍ മാത്രമുള്ള ഒരു പൊലീസ് ഓഫീസറുടെ വേഷം അച്ഛന് നല്‍കിയെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. എ.വി.എം. സ്റ്റുഡിയോയിലെ ഒരു സെറ്റിലായിരുന്നു പൊലീസ് സ്റ്റേഷന്‍ ഷൂട്ട് ചെയ്തതെന്നും ആകെ രണ്ട് മണിക്കൂര്‍ മാത്രമേ അനുവദിച്ച് കിട്ടിയുള്ളൂവെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

എന്നാല്‍ വലിയ ക്യാമറയും സെറ്റും കണ്ടതോടെ അച്ഛന് ടെന്‍ഷനായെന്നും ഡയലോഗുകള്‍ തെറ്റിച്ചെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. തനിക്ക് ടെന്‍ഷനായെന്നും ബന്ധുക്കള്‍ക്ക് ഒരിക്കലും അവസരം കൊടുക്കാന്‍ പാടില്ലെന്ന് മനസിലായെന്ന് താന്‍ ക്യാമറമാനോട് പറഞ്ഞെന്നും കാര്‍ത്തിക് സുബ്ബരാജ് പറയുന്നു. ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു കാര്‍ത്തിക് സുബ്ബരാജ്.

‘അച്ഛന്‍ ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത് ഞാന്‍ കാരണമാണ്. നാളെയ ഇയക്കുനര്‍ എന്ന റിയാലിറ്റി ഷോയ്ക്ക് വേണ്ടി ഞാന്‍ ചെയ്ത ആദ്യത്തെ ഷോര്‍ട് ഫിലിമില്‍ അച്ഛന് ചെറിയൊരു വേഷം നല്‍കി. പിന്നീട് ആ പരിപാടിയുടെ ഭാഗമായി ചെയ്ത ഷോര്‍ട് ഫിലിമിലൊക്കെ അച്ഛന് ചെറിയ റോള്‍ കൊടുത്തിരുന്നു.

ഫീച്ചര്‍ ഫിലിം ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ അച്ഛന് ഒരു വേഷമുണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. പിസ്സയില്‍ ഒരു പൊലീസ് ഓഫീസറുടെ റോള്‍ ഉണ്ടായിരുന്നു. ആകെ രണ്ട് സീനില്‍ മാത്രമേ ആ ക്യാരക്ടറുള്ളൂ. എ.വി.എം. സ്റ്റുഡിയോയിലെ സെറ്റിലായിരുന്നു പൊലീസ് സ്റ്റേഷന്‍ സീന്‍ ഷൂട്ട് ചെയ്തത്. ആകെ രണ്ട് മണിക്കൂര്‍ മാത്രമേ ഷൂട്ട് ചെയ്യാന്‍ പെര്‍മിഷന്‍ ഉണ്ടായിരുന്നുള്ളൂ.

വലിയ ക്യാമറയും സെറ്റുമൊക്കെ കണ്ടപ്പോള്‍ അച്ഛന് ടെന്‍ഷനായി. ഡയലോഗൊക്കെ തെറ്റിക്കാന്‍ തുടങ്ങി. എനിക്ക് അത് കണ്ട് ചെറുതായി ദേഷ്യം വന്നു. ക്യാമറമാന്റെ അടുത്ത് പോയിട്ട് ‘ഇനി എന്ത് വന്നാലും ബന്ധുക്കള്‍ക്ക് ചാന്‍സ് കൊടുക്കാന്‍ പാടില്ലെന്ന് മനസിലായി,’ എന്ന് പറഞ്ഞു. ആ സമയത്ത് അങ്ങനെ പറഞ്ഞുപോയതാണ്,’ കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.

Content Highlight: Karthik Subbaraj about his father and Pizza movie

We use cookies to give you the best possible experience. Learn more