| Sunday, 17th November 2024, 4:47 pm

നഗ്‌നനാക്കപ്പെട്ട ഫീലാണപ്പോള്‍, ആ രീതിയില്‍ എന്നെ കണ്ടാല്‍ സ്വീകരിക്കുമോയെന്നായിരുന്നു ചിന്ത: കാര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് കാര്‍ത്തി. മണിരത്നത്തിന്റെ സംവിധാനസഹായിയായി സിനിമയിലേക്ക് കടന്നുവന്ന കാര്‍ത്തി, അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ നായകനായി അരങ്ങേറി. സ്‌ക്രിപ്റ്റ് സെലക്ഷന്‍ കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും വളരെ വേഗത്തില്‍ തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയില്‍ കാര്‍ത്തി ഇടം പിടിച്ചു.

മണിരത്‌നം രചനയും സംവിധാനവും നിര്‍വഹിച്ച കാട്രു വെളിയിതൈ എന്ന ചിത്രത്തില്‍ നായകനായെത്തിയത് കാര്‍ത്തിയായിരുന്നു. അദിതി റാവു ഹൈദരി നായികയായെത്തിയ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത് എ.ആര്‍. റഹ്‌മാനാണ്. ചിത്രത്തില്‍ ക്ലീന്‍ ഷേവ് ചെയ്തായിരുന്നു കാര്‍ത്തി എത്തിയത്.

കാട്രു വെളിയിതൈ എന്ന ചിത്രത്തിന് വേണ്ടി ക്ലീന്‍ ഷേവ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തി. മീശ ഇല്ലാതെ ഇരിക്കുന്നത് തനിക്ക് നഗ്‌നനാക്കപ്പെട്ടതുപോലെയാണ് എന്ന് കാര്‍ത്തി പറയുന്നു. അമേരിക്കയില്‍ പോയപ്പോള്‍ മാത്രമാണ് ഇതിന് മുന്‍പ് താന്‍ ക്ലീന്‍ ഷേവ് ചെയ്തിട്ടുള്ളതെന്നും നാട്ടിലേക്ക് വന്നപ്പോള്‍ മീശ മാത്രം വെച്ച് ആളുകള്‍ക്ക് തന്റെ മുഖം പതിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിരത്‌നം കാട്രു വെളിയിതൈ എന്ന ചിത്രത്തിന് വേണ്ടി ക്ലീന്‍ ഷേവ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും മീശ ഇല്ലാതെ ആളുകള്‍ സ്‌ക്രീനില്‍ ആളുകള്‍ തന്നെ കണ്ടാല്‍ എങ്ങനെ സ്വീകരിക്കും എന്നായിരുന്നു തന്റെ ചിന്തയെന്നും കാര്‍ത്തി പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് മീശ ഇല്ലാതെ ഇരിക്കുന്നത് നഗ്‌നനാക്കപ്പെട്ടതുപോലെയാണ് തോന്നാറുള്ളത്. എന്റെ പകുതി അവിടെ ഇല്ലാത്തതുപോലെ തോന്നും. മീശ ഇല്ലാത്ത എനിക്ക് ഒട്ടും കംഫര്‍ട്ട് ആയ കാര്യം അല്ല. ഞാന്‍ അമേരിക്കയില്‍ പോയപ്പോള്‍ മാത്രമാണ് മീശ എടുത്തിട്ടുള്ളത്. മീശ ഉണ്ടെങ്കില്‍ അവിടെ ഉള്ളവര്‍ എന്തോ ഒരു രീതിയില്‍ നോക്കും. ആ നോട്ടം സഹിക്കാന്‍ പറ്റാതെയാണ് അവിടെ ഞാന്‍ ക്ലീന്‍ ഷേവ് ചെയ്ത് നടന്നിട്ടുള്ളത്.

അതിന് ശേഷം ഞാന്‍ നാട്ടിലേക്ക് വന്നപ്പോള്‍ താടി എടുത്തിട്ട് മീശ മാത്രം വെച്ച് നടക്കാന്‍ തുടങ്ങി. അപ്പോള്‍ ആളുകള്‍ എന്നെ അങ്ങനെ കണ്ട് ശീലിച്ചു. അതിന് ശേഷം ഈ സിനിമക്ക് വേണ്ടി മണിരത്‌നം സാര്‍ എന്നോട് ക്ലീന്‍ ഷേവ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സാര്‍ സീരിയസ് ആയിട്ടാണോ പറയുന്നതെന്ന് ഞന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. കാരണം മീശ ഇല്ലാതെ എന്നെ സ്‌ക്രീനില്‍ കണ്ടാല്‍ ആളുകള്‍ അത് എങ്ങനെ എടുക്കും എന്നതായിരുന്നു എന്റെ ചിന്ത,’ കാര്‍ത്തി പറയുന്നു.

Content Highlight: Karthi Talks About Getting Clean Shave For Kaatru Veliyidai

Latest Stories

We use cookies to give you the best possible experience. Learn more