ആദ്യ ചിത്രം മുതല്‍ക്ക് തന്നെ ഗംഭീര നടനാണെന്ന് തെളിയിച്ച നടനാണ് കാര്‍ത്തി. സിനിമാകുടുംബത്തില്‍ നിന്ന് വന്ന കാര്‍ത്തി ഓരോ സിനിമ കഴിയുന്തോറും പ്രേക്ഷകരെ അത്ഭുതപ്പടുത്തിക്കൊണ്ടിരുന്നു. കരിയറില്‍ ഇതുവരെ 28 സിനിമകള്‍ ചെയ്ത കാര്‍ത്തി കൊമേഴ്‌സ്യല്‍ സബ്ജക്ടുകള്‍ക്കൊപ്പം പരീക്ഷണ സിനിമകളും ഒരുപോലെ ചെയ്ത് മുന്നേറുകയാണ്.
ഇതുവരെ ചെയ്ത 28 സിനിമകളില്‍ മോശം അഭിപ്രായം ലഭിച്ചത് ഒമ്പത് സിനിമകള്‍ക്ക് മാത്രമാണ്. സഗുനി, അലക്‌സ് പാണ്ഡ്യന്‍, ഓള്‍ ഇന്‍ ഓള്‍ അഴഗുരാജ, കാശ്‌മോര, കാട്രു വെളിയിടൈ, ദേവ്, വിരുമന്‍, ജപ്പാന്‍, വാ വാധ്യാര്‍ തുടങ്ങിയ സിനിമകളാണ് കാര്‍ത്തിയുടേതായി ഫ്‌ളോപ്പായവ. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററിലെത്തിയ വാ വാധ്യാര്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ പരാജയമായി.
ഇതോടെയാണ് കാര്‍ത്തിയുടെ ഫിലിമോഗ്രഫിയിലെ പ്രത്യേകത സിനിമാപേജുകളില്‍ ചര്‍ച്ചയായത്. കരിയറില്‍ ചെയ്ത സിനിമകളിലൊന്നുപോലും ആവറേജ് അഭിപ്രായം നേടിയിട്ടില്ല. ഒന്നുകില്‍ മികച്ച സിനിമയോ അല്ലെങ്കില്‍ മോശം സിനിമയോ മാത്രമാണ് ഇതുവരെ കാര്‍ത്തി ചെയ്തിട്ടുള്ളത്. ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധ നേടാത്ത മെയ്യഴഗന്‍ പോലും സിനിമാപ്രേമികളുടെ ഫേവറെറ്റാണ്.
കരിയറില്‍ ആദ്യത്തെ 20 സിനിമകള്‍ വ്യത്യസ്ത സംവിധായകര്‍ക്കൊപ്പം ചെയ്തു എന്ന അപൂര്‍വ റെക്കോഡും കാര്‍ത്തിയുടെ പേരിലായിരുന്നു. 2022ല്‍ റിലീസായ വിരുമന്‍ എന്ന ചിത്രമാണ് ഈ റെക്കോഡിന് തടയിട്ടത്. ഏത് തരം കഥാപാത്രത്തിലേക്കും അനായാസം കടക്കാന്‍ സാധിക്കുന്ന ചുരുക്കം നടന്മാരിലൊരാളാണ് കാര്‍ത്തി.
ആക്ഷന്‍, റൊമാന്‍സ്, കോമഡി, ഇമോഷന്‍ തുടങ്ങി പെര്‍ഫക്ട് എന്റര്‍ടൈനിങ് പാക്കേജാണ് കാര്‍ത്തി. സഹോദരനായ സൂര്യയെപ്പോലെ വേഴ്‌സറ്റൈലായ കഥകളാണ് കാര്‍ത്തിയും തെരഞ്ഞെടുത്തത്. എന്നാല്‍ പൊന്നിയിന്‍ സെല്‍വന് ശേഷം കാര്‍ത്തിയുടെ സെലക്ഷന്‍ പോരെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മെയ്യഴഗന്‍ മാറ്റിനിര്‍ത്തിയാല്‍ നല്ല സിനിമകളല്ല കാര്‍ത്തി ചെയ്തതെന്നാണ് ആരാധകരുടെ കമന്റ്.
സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൈതി 2 വൈകുന്നതിലും ആരാധകര്‍ക്ക് നിരാശയുണ്ട്. വരാനിരിക്കുന്ന സര്‍ദാര്‍ 2 കാര്‍ത്തിയുടെ തിരിച്ചുവരവാകുമെന്നുമാണ് പ്രതീക്ഷ. നിലവില്‍ തമിഴ് സംവിധാനം ചെയ്യുന്ന മാര്‍ഷലിന്റെ ഷൂട്ടിലാണ് താരം. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.
Content Highlight: Karthi’s Filmography discussing after Vaa Vaathiyar become flop