ബെംഗളൂരു: കുട്ടികളുടെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കുന്ന കർണാടക സർക്കാർ നടപടിക്കെതിരെ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ.
ഗൗരവമേറിയതും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നയങ്ങളുമാണ് കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് ആവശ്യം അല്ലാതെ വെറും വാർത്താ തലക്കെട്ടുകൾക്ക് വേണ്ടിയുള്ള നിരോധനങ്ങളല്ല എന്നാണ് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ വിമർശനം.
നിരോധനത്തിന് സംസ്ഥാനം നിയമനിർമാണം നടത്തേണ്ട ആവശ്യമുണ്ടോ എന്നും, പ്രായം തെളിയിക്കൽ നിർബന്ധമാക്കുന്നതോടെ മുതിർന്നവരുടെയടക്കം സ്വകാര്യതയ്ക്ക് ഭീഷണി സൃഷ്ടിക്കുമോ എന്ന ആശങ്കയും ഫൗണ്ടേഷൻ പങ്കുവെച്ചു.
ഉപയോക്താക്കളെ തളച്ചിടാൻ ശ്രമിക്കുന്ന പ്ലാറ്റ്‌ഫോം ഡിസൈനുകൾ, മോശം ഡാറ്റാ സംരക്ഷണ നിയമങ്ങൾ, ഡിജിറ്റൽ സാക്ഷരതക്കുറവ് തുടങ്ങിയവയാണ് യഥാർത്ഥ പ്രശ്നങ്ങൾ. ഇവ പരിഹരിക്കാതെയുള്ള നിരോധനം ഫലവത്തല്ലെന്നും ഫൗണ്ടേഷൻ ചൂണികാട്ടി.
ഈ നിരോധനം നടപ്പാക്കുന്നതോടെ ഇന്ത്യയിൽ കുട്ടികൾക്ക് സാമൂഹ്യ മാധ്യമനിരോധനം കൊണ്ടുവരുന്ന ആദ്യത്തെ സംസ്ഥാനമായി കർണാടക മാറും. നിരോധനം എന്നുമുതൽ നടപ്പാകുമെന്നതിൽ സർക്കാർ അറിയിച്ചിട്ടില്ല
മൊബൈൽ ഫോണിന്റെയും സാമൂഹ്യ മാധ്യമങ്ങളുടെയും അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന ദോഷഫലങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ നിരോധനമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
നേരത്തെ 2025 ൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുമെന്ന് ആന്ധ്രാ പ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു, എന്നാൽ നടപ്പായില്ല.
‘ചില സമയങ്ങളിൽ നല്ല ആശയങ്ങൾ വേഗത്തിൽ സഞ്ചരിക്കും, ഈ ആശയം ഏറ്റെടുത്ത കർണാടക സർക്കാരിന് എല്ലാ ആശംസകളും നേരുന്നു,’ ആന്ധ്രാ ഐ.ടി മന്ത്രി നര ലോകേഷ് പറഞ്ഞു.
ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ കുട്ടികളുടെ സാമൂഹ്യ മാധ്യമ ഉപയോഗം നിരോധിച്ചതുമുതൽ തങ്ങൾ ഇത്തരമൊരു നിരോധനത്തെക്കുറിച്ച് ആലോചിച്ചിരുന്നതായി സിദ്ധരാമയ്യ പറഞ്ഞു.
Content Highlight: Karnataka planning to ban social media under 16 year old children