| Sunday, 5th October 2025, 8:23 am

നിങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാനാണോ; ജാതി സര്‍വേക്ക് എത്തിയ മുസ്‌ലിം അധ്യാപികക്ക് അധിക്ഷേപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണാടകയിലെ തൂമകുരു ഭീമസാന്ദ്രയില്‍ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സര്‍വേക്കെത്തിയ മുസ്‌ലിം അധ്യാപികയ്ക്ക് നേരെ അധിക്ഷേപമെന്ന് പരാതി. ഹിന്ദു ഗ്രാമത്തില്‍ എന്തിനാണ് മുസ്‌ലിം ആയ അധ്യാപിക എത്തിയതെന്നും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നും ആവശ്യപ്പെട്ടാണ് അധ്യാപികയ്ക്ക് നേരെ അധിക്ഷേപമുണ്ടായത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാനാണോ സര്‍വേക്ക് എത്തിയതെന്ന് ചോദിച്ച് ഗ്രാമവാസികള്‍ പരസ്യമായി അധ്യാപികയെ അധിക്ഷേപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

സെപ്റ്റംബര്‍ 22 മുതലാണ് കര്‍ണാടകയില്‍ പിന്നാക്ക കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സര്‍വേ ആരംഭിച്ചത്. ഏഴുകോടി ജനങ്ങളുടെ സാമൂഹികമായ അവസ്ഥയെ കുറിച്ച് പഠിക്കുന്നതാണ് ഈ സര്‍വേ. 60 ചോദ്യങ്ങളുള്ള ചോദ്യാവലിയാണ് സര്‍വേക്കായി തയ്യാറാക്കിയിട്ടുള്ളത്. സര്‍വേക്കായി ഒന്നേമുക്കാല്‍ ലക്ഷത്തോളം അധ്യാപകരെയാണ് കര്‍ണാടക നിയോഗിച്ചിരിക്കുന്നത്.

സെന്‍സസ് ഒക്ടോബര്‍ ഒമ്പതിന് പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍വേയുടെ ആകെ ചെലവിനായി 420 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സര്‍വേ ആരംഭിച്ച് ഒക്ടോബര്‍ മൂന്നിനകം 81.22 ലക്ഷം കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നാണ് റിപ്പോര്‍ട്ട്

ഇതിനിടെ, മല്ലേശ്വരം നഗരസഭാ ഓഫീസിലെ നൂറോളം സര്‍വേ പ്രവര്‍ത്തകര്‍ സര്‍വേക്കായി നിയോഗിച്ചതിനെതിരെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. കുടുംബാംഗങ്ങളുടെ പരിചരണവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുക്കാതെ സര്‍വേ ജോലിക്ക് നിയോഗിച്ചെന്നാണ് ഇവരുടെ പരാതി.

സര്‍വേക്ക് ഹാജരാകാന്‍ വിസമ്മതിച്ച മൂന്ന് അധ്യാപകരെ ഉഡുപ്പി ജില്ല ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തു. ഇന്നകാഡു സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ അധ്യാപികമാരായ രത്‌ന, സുരേഖ, ഉദ്യാവര എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഇവര്‍ നേരത്തെ സര്‍വേക്കായി നിയോഗിച്ചതിന്റെ ഉത്തരവ് കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു.

വിശദീകരണം ചോദിച്ചെങ്കിലും മറുപടി നല്‍കാനും അധ്യാപികമാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഗവ. പ്രീ-യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ടി.കെ സ്വരൂപ് നടപടി സ്വീകരിച്ചത്. സര്‍വേ ചുമതലകളില്‍ അനാസ്ഥ കാണിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം, ജാതി സര്‍വേക്ക് എതിരെ ബി.ജെ.പി ശക്തമായ എതിര്‍പ്പുകളാണ് ഉന്നയിക്കുന്നത്. പല സ്ഥലങ്ങളിലും സര്‍വേ ബോയ്‌കോട്ട് ചെയ്യാനുള്ള ആഹ്വാനങ്ങളും നടക്കുന്നുണ്ട്. കര്‍ണാടക ഹൈക്കോടതിയില്‍ സര്‍വേ നടത്തുന്നതിനെതിരെ വിവിധ ജാതി സംഘടനകള്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.

Content  Highlight: Karnataka caste survey : Muslim Teacher  insulted

We use cookies to give you the best possible experience. Learn more