| Tuesday, 30th December 2025, 4:24 pm

കര്‍ണാടക ബുള്‍ഡോസര്‍ രാജ്; വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട മുഴുവന്‍ പഠന സാമാഗ്രികളും നല്‍കും: എസ്.എഫ്.ഐ

നിഷാന. വി.വി

ന്യൂദല്‍ഹി: കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിന് ഇരയായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന സാമഗ്രികള്‍ എത്തിച്ച് നല്‍കുമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം. സജി.

കര്‍ണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ പ്രദേശം സന്ദര്‍ശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എസ്.എഫ്.ഐ കേരള സംസ്ഥാന കമ്മിറ്റിയും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

എത്രയും വേഗത്തില്‍ അര്‍ഹരായ കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ എത്തിക്കുമെന്ന് ആദര്‍ശ് എം.സജി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ബെംഗളൂരുവിലെ ഫക്കീര്‍ കോളനിയിലെയും വസിം ലേഔട്ടിലേയും 300ലധികം വീടുകള്‍ കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ ബുള്‍ഡോസര്‍ വെച്ച് ഇടിച്ച് നിരത്തിയിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഈ മേഖലയില്‍ താമസിക്കുന്നവര്‍ ഒറ്റ രാത്രികൊണ്ട് കുടിയിറക്കപ്പെടുകയായിരുന്നു.

അഞ്ച് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന് വേണ്ടി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജി.ബി.എ)യുടേതായിരുന്നു നടപടി. ഇതോടെ 2500ലധികം ആളുകള്‍ പ്രതിസന്ധിയിലായി. ഖരമാലിന്യ സംസ്‌കരണത്തിനുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എല്‍) ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് വീടുകള്‍ പൊളിച്ചത്.

സംഭവം വിവാദമായതോടെ കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തില്‍ എത്തിയതായാണ് വിവരം. വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്‌ലാറ്റുകള്‍ നിര്‍മിച്ച് നല്‍കും. ഇതിന് വേണ്ടിയുള്ള സര്‍വേ നടപടികള്‍ ആരംഭിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം ലഭിച്ചതായും വിവരമുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സൗജന്യമായി വീട് നല്‍കില്ലെന്നും 11 ലക്ഷം രൂപയുടെ വീട് 5 ലക്ഷം രൂപയ്ക്ക് നല്‍കുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചത്. അര്‍ഹരായവരെ കണ്ടെത്താന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Karnataka Bulldozer Raj; All lost study materials will be provided to students: SFI

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more