കർണാടക ബുൾഡോർ രാജ്; അവരിപ്പോഴും മഞ്ഞിലും മഴയത്തുമാണ്; അവർക്ക് വേണ്ടി നമ്മൾ ശബ്ദിച്ചാലേ നീതി കിട്ടൂ; എ.എ റഹീം
Kerala
കർണാടക ബുൾഡോർ രാജ്; അവരിപ്പോഴും മഞ്ഞിലും മഴയത്തുമാണ്; അവർക്ക് വേണ്ടി നമ്മൾ ശബ്ദിച്ചാലേ നീതി കിട്ടൂ; എ.എ റഹീം
ശ്രീലക്ഷ്മി എ.വി.
Wednesday, 21st January 2026, 11:38 pm

കോഴിക്കോട്: കർണാടകയിൽ ബുൾഡോസർ ഉപയോഗിച്ച് 300 ലധികം വീടുകൾ പൊളിച്ചുമാറ്റി മൂവായിരത്തോളം പേരെ തെരുവിലിറക്കിയ സംഭവത്തിൽ വീണ്ടും പ്രതികരണവുമായി ഡി.വൈ.എഫ്.ഐ നേതാവും രാജ്യസഭാംഗവുമായ എ.എ റഹീം.

കർണാടകയിലെ ഫക്കീർ കോളനിയിലെയും വസീം ലേ ഔട്ടിലെയും പാവപ്പെട്ട മനുഷ്യരുടെ വീടുകളിലേക്ക് ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഇന്നലെ ഒരു മാസം പിന്നിട്ടിരിക്കുന്നുവെന്ന് എ.എ റഹീം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കർണാടകയിലെ കോൺഗ്രസ് സർക്കാർ ഈ നാടിന് നൽകിയ വാക്ക് വെറും പാഴ് വാക്കായി അവശേഷിക്കുന്നുവെന്നും കോൺഗ്രസ് ഈ നാടിനെയും നിസ്സഹായരായ ആ പാവം മനുഷ്യരെയും ക്രൂരമായി പറഞ്ഞു പറ്റിച്ചിരിക്കുകയാണെന്നും എ.എ റഹീം പറഞ്ഞു.

ഒരാളെ പോലും ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ലെന്നും അവശിഷ്ടങ്ങൾക്കിടയിലാണ് അവർ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു നേരത്തെ ആഹാരമോ മരുന്നോ പോലും നൽകാൻ ഈ നിമിഷം വരെ കർണാടക സർക്കാർ തയ്യാറായിട്ടില്ലെന്നും ഇത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരും അറിയാതെ പോകുമായിരുന്ന ഈ ഭരണകൂടത്തിന്റെ ഭീകരത രാജ്യം ശ്രദ്ധിക്കാൻ തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് ശേഷമായിരുന്നുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നാലെയാണ് ഡി.വൈ.എഫ്.ഐ പ്രതിനിധി സംഘം ഫക്കീർ കോളനി സന്ദർശിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഉള്ളുലയ്ക്കുന്ന ക്രൂരതയുടെ കാഴ്ചകൾ പുറത്തുവന്നതോടെയാണ് കെ.സി. വേണുഗോപാലും ഡി.കെ. ശിവകുമാറും കർണാടക മുഖ്യമന്ത്രിയും പ്രതികരിക്കാൻ നിർബന്ധിതരായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊടും തണുപ്പിൽ നിന്നും അവരെ മാറ്റാനോ, മനുഷ്യരായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനോ സർക്കാർ തയ്യാറാകാത്തതും പ്രഖ്യാപിച്ച ഫ്ലാറ്റുകൾ ഒരു മാസമായിട്ടും നൽകാത്തതും എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

‘ഉടൻ പുനരധിവാസം നടത്തുമെന്ന് ഈ നാടിനോട് അവർ പരസ്യമായി പറഞ്ഞു. ​എന്നിട്ടെന്തായി? നമ്മളെയും ആ പാവങ്ങളെയും അവർ വീണ്ടും പറ്റിക്കുകയായിരുന്നു. ​കോൺഗ്രസ് ഇതിന് മറുപടി പറയണം. ആ പാവങ്ങൾക്ക് ഭക്ഷണവും മരുന്നും പോലും നൽകാത്തതിന്റെ കാരണം വ്യക്തമാക്കണം,’ എ.എ റഹീം പറഞ്ഞു.

ഭരണ കൂടത്തിന്റെ ഭീകരതയുടെ നേര്കാഴ്ചകളാണ് തങ്ങൾ അവിടെ കണ്ടെതെന്നും ശബ്ദമില്ലാത്ത, എല്ലാം നഷ്ട്ടപെട്ട ആയിരത്തോളം ദുർബലരായ ഇരകളെയാണ് അവിടെ കണ്ടെതെന്നും അദ്ദേഹം മേഖലയിലെ സന്ദർശനത്തിന് ശേഷം പറഞ്ഞിരുന്നു.

ബെംഗളൂരുവിലെ ഫക്കീർ കോളനിയിലെയും വസിം ലേഔട്ടിലേയും 300ലധികം വീടുകളായിരുന്നു കർണാടക സർക്കാർ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്.

അഞ്ച് ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിന് വേണ്ടി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടേതായിരുന്നു നടപടി. 2500ലധികം ആളുകളാണ് ഭവനരഹിതരായത്.

ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് വീടുകൾ പൊളിച്ചത്.

Content Highlight: Karnataka Bulldozer Raj; They are still in the snow and rain; We will get justice only if we raise our voices for them; AA Rahim

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.