കരിക്കിലെ അംഗങ്ങള്‍ക്ക് സിനിമാ ഓഫറുകളുണ്ട്, അവരത് വേണ്ടെന്ന് വെക്കുന്നതാണ്: നിഖില്‍ പ്രസാദ്
Malayalam Cinema
കരിക്കിലെ അംഗങ്ങള്‍ക്ക് സിനിമാ ഓഫറുകളുണ്ട്, അവരത് വേണ്ടെന്ന് വെക്കുന്നതാണ്: നിഖില്‍ പ്രസാദ്
അശ്വിന്‍ രാജേന്ദ്രന്‍
Monday, 20th April 2026, 2:41 pm

ഇന്‍സ്റ്റഗ്രാമിലെയും സോഷ്യല്‍ മീഡിയയിലെയും റീലുകളിലൂടെ സിനിമയില്‍ നായകരായെത്തിയ ആദ്യ സിനിമ തന്നെ ഇരുനൂറ് കോടി ക്ലബ്ബില്‍ കയറ്റി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഹാഷിര്‍, അജിന്‍, അലന്‍, വിനായക് തുടങ്ങിയവര്‍. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം നിലവില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനമാണ് സ്വന്തമാക്കിയിരിക്കുന്നത്.

Photo: Karikku

സോഷ്യല്‍ മീഡിയയിലൂടെ മാത്രം പ്രേക്ഷകര്‍ക്ക് പരിചിതരായവര്‍ക്ക് മലയാളികള്‍ ഇത്രയും വലിയ വിജയം സമ്മാനിച്ചതിന് പിന്നാലെ ചര്‍ച്ചകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് കണ്ടെന്റ് ക്രിയേറ്റേഴ്‌സായ കരിക്കിന്റെ പേരാണ്. കേരളത്തിലെ സോഷ്യല്‍ മീഡിയ കണ്ടെന്റ് ക്രിയേറ്റേഴ്‌സിന്റെ ലിസ്റ്റ് എടുത്താല്‍ കരിക്കിനോളം പ്രേക്ഷകരില്‍ ഓളമുണ്ടാക്കിയ മറ്റൊരു ടീമുമില്ലെന്നത് വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ടാണ് സിനിമയുടെ ബിഗ് സ്‌ക്രീനിലേക്ക് ഇവര്‍ എത്താന്‍ വൈകുന്നതെന്നാണ് പലരുടെയും സംശയം.

കരിക്കിലെ ചില പ്രമുഖ താരങ്ങള്‍ ഒരു മലയാള ചിത്രത്തിന്റെ ഭാഗമായിരുന്നു. എങ്കിലും മൊത്തം ടീമും ചേര്‍ന്ന് ഒരു സിനിമയൊരുക്കും എന്ന വാര്‍ത്തയാണ് ആരാധകരെ ആവേശത്തിലാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അനൗണ്‍സ്‌മെന്റ് നടന്നിരുന്നെങ്കിലും കഴിഞ്ഞയാഴ്ച്ച മാത്രമാണ് ചിത്രത്തിന്റെ പൂജ നടന്നിരുന്നത്. ഇതിന് പിന്നാലെ എന്തുകൊണ്ടാണ് കരിക്ക് താരങ്ങളെ സിനിമയില്‍ കാണാത്തതെന്നതിനെ കുറിച്ച് പറയുന്ന കരിക്കിന്റെ സ്ഥാപകനായ നിഖില്‍ പ്രസാദ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘കരിക്കിലെ മെമ്പേഴ്‌സിനെല്ലാം സിനിമാ ഓഫര്‍ വരുന്നുണ്ട്. പക്ഷേ അതെല്ലാം അവര്‍ വേണ്ടെന്ന് വെക്കുന്നതാണ്. ഞാന്‍ വിടാതെ ഇരിക്കുന്ന ഒരു പ്രൊസസേ ഇവിടെ ഇല്ല. അവരെല്ലാവരും കരിക്കിലെ സാലറി ഉള്ള എംപ്ലോയീസ് ആണ്. ഞങ്ങള്‍ കണ്ടെന്റ് ഇറക്കിയാലും ഇല്ലെങ്കിലും അവര്‍ക്കെല്ലാം ഫിക്‌സഡ് ഇന്‍കം കിട്ടാറുണ്ട്.

കരിക്കില്‍ നില്‍ക്കുക ഭാവി ഉണ്ടാക്കുക എന്നത് അവരുടെ തീരുമാനമാണ്. ഇതിനോടകം തന്നെ നിരവധി പ്രൊഡക്ഷന്‍ ഹൗസുകളും സംവിധായകരും എന്നെയും അവരെയും സമീപിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ തന്നെ പ്രൊഡക്ഷനില്‍ വെബ് സിരീസും സിനിമയും ചെയ്യാന്‍ പ്ലാനുള്ളത് കൊണ്ടാണ് ആ ഓഫറുകള്‍ സ്വീകരിക്കാത്തത്,’നിഖില്‍ പറഞ്ഞു.

Photo: Karikku

തേരാപാര, പ്ലസ്ടു. അറേഞ്ച്‌മെന്റ് കല്ല്യാണം തുടങ്ങി ഒട്ടനവധി എപ്പിസോഡുകളാണ് കരിക്കിന്റതായി ഇതിനോടകം പുറത്തിറങ്ങിയത്. നാല്‍പത് മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ഇവരുടെ എപ്പിസോഡുകള്‍ക്കെല്ലാം ഒരു കോടിയിലധികം കാഴ്ച്ചക്കാരെയാണ് ലഭിക്കാറുള്ളത്.

Content Highlight: karikku founder Nikhil prasad’s video goes viral as he talks about their film debut

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.