എട്ട് മണിക്കൂര്‍ ജോലി സമയം; ദീപികയെ പിന്തുണച്ച് കരീന കപൂര്‍
Indian Cinema
എട്ട് മണിക്കൂര്‍ ജോലി സമയം; ദീപികയെ പിന്തുണച്ച് കരീന കപൂര്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 9th March 2026, 10:26 am

സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സിനിമാമേഖലയിലെ ജോലി സമയം. ബോളിവുഡിലെ സൂപ്പര്‍ നായിക ദീപിക പദുകോണായിരുന്നു സിനിമാ സെറ്റുകളിലെ ഷൂട്ടിങ് സമയം എട്ടുമണിക്കൂറായി കുറക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ജോലി സമയം കുറക്കണമെന്നും പ്രതിഫലം വര്‍ദ്ധിപ്പിക്കണമെന്നും താരം ആവശ്യപ്പെട്ടതിന് പിന്നാലെ വലിയ ഹിറ്റായ കല്‍ക്കിയുടെ രണ്ടാം ഭാഗത്തില്‍ നിന്നും സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത സ്പിരിറ്റില്‍ നിന്നും താരത്തെ മാറ്റിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ദീപിക . Photo: Deccan chronicle

ഇതിന് പിന്നാലെ സിനിമാരംഗത്തെ ഒട്ടനവധി പേര്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. ഒരു കുട്ടിയുടെ അമ്മയായ ദീപികയ്ക്ക് സിനിമക്കൊപ്പം തന്നെ തന്റെ കുട്ടിയുടെ കാര്യവും നോക്കണമെന്നും എല്ലാ ജോലിസ്ഥലങ്ങളെയും പോലെ സിനിമയിലും കൃത്യമായ സമയക്രമം നടപ്പിലാക്കണമെന്നുമായിരുന്നു താരത്തിന് പിന്തുണയറിച്ച പലരുടെയും അഭിപ്രായം. എന്നാല്‍ ഒരുപാട് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒന്നിച്ച് ജോലി ചെയ്യേണ്ടി വരുന്ന മേഖലയാണ് സിനിമയെന്നും ഒരു താരത്തിന്റെ സമയക്രമം സിനിമയുടെ ബഡ്ജറ്റ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുമെന്നും മറ്റുള്ളവരുടെ ഡേറ്റുമായി ഒത്തുപോകില്ലെന്നും പലരും വിമര്‍ശനവുമുന്നയിച്ചിരുന്നു.

ഇപ്പോഴിതാ ദീപികയെ പിന്തുണച്ചുകൊണ്ട് ബോളിവുഡിലെ സീനിയര്‍ നായിക കരീന കപൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. താന്‍ പ്രധാനവേഷത്തിലെത്തിയ ബക്കിങ്ഹാം മര്‍ഡേഴ്‌സ് എന്ന ചിത്രവുമായി ബന്ധപ്പെുത്തിയാണ് താരം അവതാരകയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്.

‘ചിത്രത്തിന് വേണ്ടി മുപ്പത്തിയഞ്ച് ദിവസത്തോളം ഞാന്‍ ലണ്ടനിലായിരുന്നു. എന്നിരുന്നാലും ഷൂട്ടിനിടയില്‍ ദീപാവലിയുമായി ബന്ധപ്പെട്ട് രണ്ടുതവണ എനിക്ക് നാട്ടിലേക്ക് വരേണ്ടിയിരുന്നു. അതിനനുസരിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് പ്ലാന്‍ ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ വിശ്വസിക്കുന്നത് എല്ലാ കാര്യങ്ങളും വ്യക്തമായി പ്ലാന്‍ ചെയ്താല്‍ പകുതി പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ പറ്റുമെന്നാണ്.

കരീന അഭിമുഖത്തിനിടെ. Photo: screen grab/ The Hollywood reporter India

എനിക്ക് കുട്ടികളുണ്ടെന്നും ഇത്ര തവണ മടങ്ങി പോകേണ്ടി വരുമെന്നും ഈ സമയത്ത് ഞാനില്ലാത്ത സീനുകള്‍ ഷൂട്ട് ചെയ്യണമെന്നുമുള്ള വ്യക്തമായ ധാരണയുണ്ടായിരുന്നു. നമ്മുടെ പാര്‍ട്‌നര്‍ സഹകരിക്കുക എന്നതിനും ഇതില്‍ സുപ്രധാന പങ്കുണ്ട്. ഞാന്‍ മൂവി ചെയ്യുമ്പോള്‍ സെയ്ഫ് കുട്ടികളുടെ കൂടെയുണ്ടാകും എന്നത് ഭാഗ്യമാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ ഒരു അമ്മയാണെങ്കിലോ, വിവാഹിതയാണെങ്കിലോ തനിക്ക് ഇത്ര നേരം മാത്രമേ ജോലി ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് പറയാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടാകണം,’ കരീന പറയുന്നു.

സിനിമാ മേഖലയായതിനാല്‍ എല്ലാ ദിവസവും നമ്മള്‍ പ്രതീക്ഷിച്ച പോലെയാകില്ലെന്നും ലൊക്കേഷനുകളും മറ്റ് പല കാരണങ്ങളാലും ചില ദിവസങ്ങളില്‍ ഷൂട്ട് നീണ്ടുപോയേക്കാമെന്നും ഇതിനോട് സഹകരിക്കണമെന്നും കരീന പറയുന്നു. എന്നിരുന്നാലും നമ്മുടെ ആവശ്യങ്ങള്‍ സത്യസന്ധമായി തന്നെ പറയുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Kareena Kapoor Supports Deepika padukone On her demand on reducing workhours

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.