തമിഴിലെ മുന്‍നിര താരങ്ങളിലൊരാളാണ് ധനുഷ്. കരിയറിന്റെ തുടക്കത്തില്‍ അഭിനയത്തിന്റെ പേരില്‍ ധാരാളം വിമര്‍ശനങ്ങള്‍ നേരിട്ട താരം പിന്നീട് സിനിമാലോകത്തെ ഞെട്ടിക്കുകയായിരുന്നു. കമല്‍ ഹാസന് ശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡ് നേടിയ താരവും ധനുഷ് തന്നെയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ബോക്‌സ് ഓഫീസില്‍ ധനുഷിന് അത്ര നല്ല കാലമല്ല.
വലിയ ഹൈപ്പില്‍ താരത്തിന്റേതായി പുറത്തിറങ്ങുന്ന സിനിമകളൊന്നും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കരയുടെ അവസ്ഥയും വ്യത്യസ്തമല്ല. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും 50 കോടി പോലും നേടാനാകാതെ ചിത്രം ബുദ്ധിമുട്ടുകയാണ്. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി കര മാറുകയാണ്.
100 കോടിക്കടുത്ത് ബജറ്റ് ചെലവഴിച്ചാണ് ചിത്രം ഒരുക്കിയത്. എന്നാല്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ വെറും 47 കോടി മാത്രമാണ് ചിത്രത്തിന്റെ കളക്ഷന്‍. തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി കര മാറുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ തമിഴില്‍ ധനുഷിന്റെ തുടര്‍ച്ചയായ നാലാമത്തെ പരാജയമായി കര മാറിക്കഴിഞ്ഞു.
100 കോടി നേടിയ രായന് ശേഷം ധനുഷ് ഒരുക്കിയ നിലവുക്ക് എന്നടി എന്മേല്‍ കോപം, ഇഡലി കടൈ, കുബേര എന്നീ ചിത്രങ്ങള്‍ സാമ്പത്തികമായി പരാജയമായിരുന്നു. ബോളിവുഡ് ചിത്രം തേരേ ഇഷ്‌ക് മേം 150 കോടി നേടിയെങ്കിലും തമിഴ് പ്രേക്ഷകര്‍ ആ ചിത്രത്തെ കൈവിട്ടു. ഇപ്പോഴിതാ കരയും പരാജയമായതോടെ ധനുഷിന്റെ ബോക്‌സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ ചോദ്യം ചെയ്യപ്പെടുകയാണ്.
ഇത്തരം പരീക്ഷണ സിനിമകള്‍ ഒഴിവാക്കി പഴയതുപോലെ മാസ് കൊമേഴ്‌സ്യല്‍ സിനിമകളിലേക്ക് തിരിച്ചുപോകാന്‍ ധനുഷിനോട് ആരാധകര്‍ ആവശ്യപ്പെടുകയാണ്. ടൈര്‍ 2ല്‍ നിന്ന് ടൈര്‍ 1ലേക്ക് മാറുമെന്ന് കരുതിയ ധനുഷ് ഇപ്പോള്‍ ശിവകാര്‍ത്തികേയന്‍, പ്രദീപ് രംഗനാഥന്‍ എന്നിവര്‍ക്കും പിറകിലാണ്. താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
പോര്‍ തൊഴില്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്ത ചിത്രമാണ് കര. 1990കളില്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. വളരെ മികച്ച ആദ്യ പകുതിയായിരിന്നിട്ടും കൈവിട്ടുപോയ രണ്ടാം പകുതിയാണ് കരക്ക് തിരിച്ചടിയായത്. മലയാളികളായ മമിത ബൈജു, സുരാജ് വെഞ്ഞാറമൂട്, ജയറാം, അബു സലിം തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു.
Content Highlight: Kara movie struggling in Box Office