ന്യൂദൽഹി: വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തെ ദേശവിരുദ്ധമെന്ന് ആരോപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് രാജ്യസഭാ എം.പി കപിൽ സിബൽ. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്ര മോദിയോ പ്രധാനമന്ത്രിയായിരുന്നപ്പോൾ അടൽ ബിഹാരി വാജ്‌പേയിയോ വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിച്ചിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.
വന്ദേ മാതരം പൂർണമായി ആലപിക്കാത്ത ബി.ജെ.പി നേതാക്കളും ദേശവിരുദ്ധരാകുമോ എന്നും അദ്ദേഹം എക്‌സിലൂടെ
‘വന്ദേമാതരം എന്ന രണ്ട് ഖണ്ഡികകളെക്കുറിച്ചുള്ള സി.ഡബ്ല്യു.സി തീരുമാനത്തെ അമിത് ഷാ ‘ദേശവിരുദ്ധം’ എന്ന് വിളിക്കുന്നു. എന്റെ ചോദ്യം ഇതാണ്, 1950 മുതലുള്ള സ്വകാര്യ അല്ലെങ്കിൽ ഔദ്യോഗിക പരിപാടികളിൽ ബി.ജെ.പി എല്ലാ ഖണ്ഡികകളും ആലപിച്ചിട്ടുണ്ടോ? ഗുജറാത്ത് മുഖ്യമന്ത്രിയായി മോദിജി? പ്രധാനമന്ത്രി വാജ്‌പേയി?” എം.പി ചോദിച്ചു.
അമിത് ഷായുടെ ആരോപണത്തെ ചോദ്യം ചെയ്ത അദ്ദേഹം, അപ്പോൾ അമിത് ഷാ ദേശവിരുദ്ധനാകുമോ എന്നും, ബി.ജെ.പി യുടെ വോട്ട് ബാങ്ക് രാഷ്ട്രീയം തുറന്ന് കാണിക്കാൻ ആണോ ഷാ ശ്രമിക്കുന്നതെന്നും കപിൽ ചോദിച്ചു.
വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡിക മാത്രം ആലപിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം ദേശവിരുദ്ധവും, നിയമം ലംഘിച്ചുള്ള വോട്ട് ബാങ്ക് പ്രീണനത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും അമിത് ഷാ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
ബി.ജെ.പി നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടിയായി നേരത്തെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു.
വന്ദേ മാതരം പൂർണമായി ആലപിക്കാൻ പറയുന്ന ബി.ജെ.പി നേതാക്കൾ കപട ദേശീയവാദികൾ ആണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാൻ ശുപാർശ ചെയ്ത 1937-ലെ പ്രമേയം, സ്വാതന്ത്ര്യസമര നേതാക്കളുടെ കൂട്ടായ തീരുമാനമായിരുന്നു എന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി പാടിയപ്പോൾ, നിർത്തിവെക്കാൻ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രവർത്തകർ ആലാപനം തുടരുകയാണ് ചെയ്തത്.
ദേശീയഗീതം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയതോടെയാണ്, ഇനിമുതൽ കോൺഗ്രസ് പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന് പാർട്ടി തീരുമാനിച്ചത്. ഈ തീരുമാനത്തെ ചൊല്ലിയാണ് ഇപ്പോൾ ബി.ജെ.പി-കോൺഗ്രസ് നേതാക്കൾ തമ്മിൽ ആരോപണപ്രത്യാരോപണങ്ങൾ നടക്കുന്നത്.
Content Highlight: Kapil Sibal challenged Amit Shah by asking if Narendra Modi or Vajpayee as sang Vande Mataram in full