ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 3-1ന് പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് ഏറ്റുവാങ്ങേണ്ടി വന്നത്.
എന്നാല്‍ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇതിഹാസതാരം കപില്‍ ദേവ്. മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് ക്യാപ്റ്റനും കളിക്കാരുമാണെന്ന് മുന്‍ താരം പറഞ്ഞു. മാത്രമല്ല പരിശീലകന് കളിക്കളത്തില്‍ ഇറങ്ങാത്തതിനാല്‍ ടീമിനെ മികച്ച രീതിയില്‍ നയിക്കേണ്ടത് ക്യാപ്റ്റന്റെ ചുമതലയാണെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
‘പ്രതീക്ഷകള്‍ ഒരുപാടുണ്ടായിരുന്നു, പക്ഷേ പരിശീലകര്‍ ക്രിക്കറ്റ് കളിക്കുന്നില്ല, മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് ക്യാപ്റ്റന്റെയും കളിക്കാരുടെയും ഉത്തരവാദിത്തമാണ്. ഒരു പുതിയ പരിശീലകന് പുതിയ ആശയങ്ങളുണ്ട്, അത് രാജ്യത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാഹുല്‍ ദ്രാവിഡില്‍ നിന്നും രവി ശാസ്ത്രിയില്‍ നിന്നും വ്യത്യസ്തനാണ് ഗംഭീര്‍. അദ്ദേഹം അല്‍പ്പം സ്വഭാവഗുണമുള്ള ആളാണ്, രാജ്യത്തിന് വേണ്ടി അദ്ദേഹം മികച്ചത് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ കപില്‍ ദേവ് പറഞ്ഞു.
ആറ് മാസം മുമ്പ് രാഹുല്‍ ദ്രാവിഡില്‍ നിന്ന് പരിശീലന സ്ഥാനം ഏറ്റെടുത്ത ശേഷം ടി-20യില്‍ മാത്രമാണ് ഇന്ത്യയ്ക്ക് നല്ല കാലം ഉണ്ടായത്.
27 വര്‍ഷത്തിന് ശേഷം ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടത് പരിശീലകനെന്ന നിലയില്‍ആദ്യ തിരിച്ചടിയായിരുന്നു. ശേഷം സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരായ ഹോം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ആദ്യമായി പരാജയപ്പെട്ടതും ഇപ്പോള്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ പരാജയവും മുന്‍ താരത്തെ തളര്‍ത്തിയിരിക്കുകയാണ്.