ഒരിക്കലും തന്നെയും ജസ്പ്രീത് ബുംറയെയും താരതമ്യം ചെയ്യരുതെന്ന് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ കപില്‍ ദേവ്. രണ്ട് തലമുറകളെ ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൊഫഷണല്‍ ഗോള്‍ഫ് ടൂര്‍ ഓഫ് ഇന്ത്യ (പി.ജി.ടി.ഐ)യ്ക്കിടെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു താരങ്ങളും കളിക്കുമ്പോഴുള്ള സാഹചര്യങ്ങള്‍ ഏറെ വ്യത്യസ്തമാണമെന്നും പി.ജി.ടി.ഐ പ്രസിഡന്റ് കൂടിയായ കപില്‍ ദേവ് പറഞ്ഞു.
‘ദയവ് ചെയ്ത് എന്നെയും ജസ്പ്രീത് ബുംറയെയും തമ്മില്‍ താരതമ്യം ചെയ്യാതിരിക്കൂ. നിങ്ങള്‍ക്ക് രണ്ട് യുഗങ്ങളെ തമ്മില്‍ ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ഇന്ന് (ടെസ്റ്റ് മത്സരത്തില്‍) ഒരു ദിവസം കൊണ്ട് താരങ്ങള്‍ 300 റണ്‍സ് നേടുന്നു. എന്നാല്‍ ഞങ്ങളുടെ കാലത്ത് ഇതൊന്നും സംഭവിക്കാറില്ല. അതുകൊണ്ട് ദയവായി ഇത്തരം താരതമ്യങ്ങള്‍ ഒഴിവാക്കൂ,’ കപില്‍ ദേവ് പറഞ്ഞു.
അതേസമയം, പരിക്കിന്റെ പിടിയിലകപ്പെട്ട ബുംറ നിലവില്‍ ചികിത്സയിലാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്നി ടെസ്റ്റിലാണ് ബുംറയ്ക്ക് പരിക്കേല്‍ക്കുന്നത്.
നിര്‍ണായക മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ പത്ത് ഓവര്‍ പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് നേടിയ താരം പരിക്കിന് പിന്നാലെ മത്സരത്തിനിടെ കളം വിടുകയും വൈദ്യസഹായം തേടുകയും ചെയ്തിരുന്നു. രണ്ടാം ഇന്നിങ്സില്‍ താരം പന്തെറിഞ്ഞുമില്ല.
ഇതോടെ ഡോക്ടര്‍മാര്‍ താരത്തിന് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. മാത്രമല്ല പരിക്കിന് പിന്നാലെ ഇന്ത്യ – ഇംഗ്ലണ്ട് വൈറ്റ് ബോള്‍ പരമ്പരകളും ബുംറയ്ക്ക് നഷ്ടമാകും. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന വൈറ്റ് ബോള്‍ മത്സരങ്ങളാണിത്.
ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള തിരിച്ചുവരവിന് ബുംറയ്ക്ക് വിശ്രമം ആവശ്യമാണ്. ഇതോടെ ടീം വലിയ ആശയക്കുഴപ്പത്തിലുമാണ്.
ഫെബ്രുവരി 20നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുമ്പ് താരം പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.