| Tuesday, 29th July 2025, 11:18 am

എക്സില്‍ പോസ്റ്റ് ചെയ്ത വാര്‍ത്ത കാണാതായത് എ.എന്‍.ഐ പോസ്റ്റ് നീക്കം ചെയ്തതിനാല്‍; ഇന്നലെ ഉറപ്പിച്ച ഒരു വിവരവും പിന്‍വലിച്ചിട്ടില്ലെന്ന് കാന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയയുടെ വധശിക്ഷ റദ്ദാക്കിയില്ലെന്ന പ്രചരണം തെറ്റെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫീസ്.

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായിട്ടുണ്ടെന്നും കാന്തപുരം എക്‌സില്‍ പോസ്റ്റ് ചെയ്ത വാര്‍ത്ത കാണാതായത് എ.എന്‍.ഐ ആ പോസ്റ്റ് നീക്കം ചെയ്തതിനാലാണെന്നും കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചു.

ഇന്നലെ ഉറപ്പിച്ച ഒരു വിവരവും പിന്‍വലിച്ചിട്ടില്ലെന്നും വധശിക്ഷ റദ്ദാക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചു.

കാന്തപുരം വാര്‍ത്ത പിന്‍വലിച്ചു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പടര്‍ന്ന സാഹചര്യത്തിലാണ് ഓഫീസ് നിലപാട് വ്യക്തമാക്കിയത്.

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന് വ്യക്തമാക്കിക്കൊണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഷെയര്‍ ചെയ്ത വാര്‍ത്ത ഡിലീറ്റ് ചെയ്തതെന്ന രീതിയിലായിരുന്നു പ്രചരണം.

കാന്തപുരത്തിന്റെ ഓഫീസിനെ ഉദ്ധരിച്ചുകൊണ്ട് എ.എന്‍.ഐ നല്‍കിയ വാര്‍ത്തയായിരുന്നു അദ്ദേഹം ഷെയര്‍ ചെയ്തത്. എന്നാല്‍ എ.എന്‍.ഐ ആ വാര്‍ത്ത പിന്‍വലിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് വാര്‍ത്ത കാണാതായതെന്നും കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചു.

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ കാന്തപുരത്തിന്റെ ഇടപെടലിനെ ചൊല്ലി അവകാശവാദങ്ങളും തര്‍ക്കങ്ങളും നടന്നിരുന്നു.

ഇന്നലെയാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന വാര്‍ത്ത കാന്തപുരത്തിന്റെ ഓഫിസ് പുറത്തുവിട്ടത്.

അതേസമയം, വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്രത്തിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നുമാണ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.

Content Highlight: Kanthapuram Office about why they delete nimisha priya death sentence post on X

We use cookies to give you the best possible experience. Learn more