| Friday, 27th September 2024, 1:08 pm

ഒരൊറ്റ സീന്‍ കൊണ്ട് പടത്തിന്റെ മൊത്തം ക്രെഡിറ്റും താന്‍ കൊണ്ടുപോയില്ലേ എന്നാണ് അന്ന് മമ്മൂക്ക പറഞ്ഞത്: കണ്ണന്‍ പട്ടാമ്പി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനേതാവ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നീ നിലകളില്‍ മലയാളസിനിമയില്‍ സജീവമായി നില്‍ക്കുന്നയാളാണ് കണ്ണന്‍ പട്ടാമ്പി. വെട്ടം, കീര്‍ത്തിചക്ര, മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര എന്നീ ചിത്രങ്ങളില്‍ കണ്ണന്‍ അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം നിരവധി ചിത്രങ്ങളില്‍ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായും പ്രൊഡക്ഷന്‍ കണ്‍ട്രോളറായും കണ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയുമായി മിഷന്‍ 90 ഡേയ്‌സില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് കണ്ണന്‍ പട്ടാമ്പി.

മമ്മൂട്ടിയെ കാണുമ്പോള്‍ മുഴുവന്‍ അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കുന്നത് തനിക്ക് ഇഷ്ടമാണെന്ന് കണ്ണന്‍ പറഞ്ഞു. പലപ്പോഴും ഓരോന്ന് പറഞ്ഞും ചെയ്തും മമ്മൂട്ടിയെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്നും എന്നിരുന്നാലും അദ്ദേഹവുമായി തനിക്ക് നല്ല ബന്ധമാണെന്ന് കണ്ണന്‍ കൂട്ടിച്ചേര്‍ത്തു. മിഷന്‍ 90 ഡേയ്‌സില്‍ തനിക്ക് കുറച്ച് ഇമോഷണലായിട്ടുള്ള വേഷമാണ് കിട്ടിയതെന്നും ആദ്യമായാണ് അത്തരത്തിലൊരു വേഷം കിട്ടിയതെന്നും കണ്ണന്‍ പറഞ്ഞു. ആ സീനിനെ പലരും പ്രശംസിച്ചത് മമ്മൂട്ടി കേട്ടെന്നും കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതൊക്കെ കേട്ടപ്പോള്‍ തനിക്കും ആ സീന്‍ കാണണമെന്ന് പുച്ഛത്തോടെ മമ്മൂട്ടി തന്നോട് പറഞ്ഞെന്നും താന്‍ ആ സീന്‍ കാണിച്ചുകൊടുത്തെന്നും കണ്ണന്‍ പറഞ്ഞു. എങ്ങനെയുണ്ടെന്ന് മമ്മൂട്ടിയോട് ചോദിച്ചപ്പോള്‍ ഒരൊറ്റ സീന്‍ കൊണ്ട് ക്രെഡിറ്റെല്ലാം താന്‍ കൊണ്ടുപോയില്ലേ എന്ന് ചോദിച്ചെന്നും പിന്നീട് ഒരു അവാര്‍ഡ് വേദിയില്‍ ആ സിനിമയെപ്പറ്റി സംസാരിച്ചപ്പോള്‍ തന്റെ പേരും എടുത്തു പറഞ്ഞെന്നും കണ്ണന്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടിയുമായി നല്ല കമ്പനിയാണ്. പുള്ളിയുടെ സെറ്റിലെത്തുമ്പോള്‍ ചുമ്മാ ഒരു കാരണവുമില്ലാതെ ദേഷ്യം പിടിപ്പിക്കുന്നതാണ് എന്റെ പ്രധാന ഹോബി. എന്താണോ പുള്ളിക്ക് ഇഷ്ടമല്ലാത്തത് അതുതന്നെ ഞാന്‍ ചെയ്യും. അതിനുള്ള ഒരു ഫ്രീഡം എനിക്ക് മൂപ്പരോട് ഉണ്ട്. മിഷന്‍ 90 ഡേയ്‌സില്‍ ഞാനും ഒരു റോള്‍ ചെയ്തിരുന്നു. കുറച്ച് ഇമോഷണല്‍ ട്രാക്കുള്ള ക്യാരക്ടറായിരുന്നു അത്. ആദ്യമായാണ് അങ്ങനെ ഒരു റോള്‍ ചെയ്യുന്നത്.

എല്ലാവരും എന്റെ സീനിനെപ്പറ്റി പറയുന്നത് മമ്മൂക്ക കേട്ടു. ‘ഇയാള്‍ എന്തോ ചെയ്ത് വെച്ചിട്ടില്ലേ, അതൊന്ന് കാണട്ടേ’ എന്ന് സ്വതവേയുള്ള പുച്ഛഭാവത്തില്‍ പുള്ളി പറഞ്ഞു. ആ സീന്‍ കാണിച്ചുകൊടുത്തു. എന്താണ് പുള്ളി പറയുന്നതെന്നറിയാന്‍ മുഖത്തോട്ട് നോക്കി. ‘ഒറ്റ സീന്‍ കൊണ്ട് ക്രെഡിറ്റ് കൊണ്ടുപോയപ്പോള്‍ സന്തോഷമായില്ലേ’ എന്നാണ് മമ്മൂക്ക പറഞ്ഞത്.

പിന്നീട് ഒരു അവാര്‍ഡ് ഷോയ്ക്ക് ഈ സിനിമയെപ്പറ്റി സംസാരിച്ചപ്പോള്‍ എന്റെ ക്യാരക്ടറിനെപ്പറ്റിയും മമ്മൂക്ക എടുത്തുപറഞ്ഞു. സന്തോഷം തന്ന ഒരു മൊമന്റായിരുന്നു അത്,’ കണ്ണന്‍ പട്ടാമ്പി പറഞ്ഞു.

Content Highlight: Kannan Pattambi about Mammootty

Latest Stories

We use cookies to give you the best possible experience. Learn more