| Thursday, 19th June 2025, 10:35 am

മേക്കപ്പ് ചെയ്യുക എന്ന് പറഞ്ഞാല്‍ വെളുപ്പിക്കലാണെന്ന് ചിന്തിച്ച അവസ്ഥ മലയാളത്തിലുണ്ടായിരുന്നു, ഇപ്പോള്‍ അത് മാറി: കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ റോളുകളിലൂടെ വന്ന് ഇന്ന് മലയാളസിനിമക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത അഭിനേത്രിയാണ് കനി കുസൃതി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന കനി ഓള്‍ വീ ഇമാജിന്‍ഡ് ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

സിനിമയില മേക്കപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. ഇപ്പോഴും മേക്കപ്പെന്ന് പറഞ്ഞാല്‍ സോ കോള്‍ഡ് സൗന്ദര്യം കൂട്ടുക എന്ന് മാത്രമാണ് പലരുടെയും ധാരണയെന്ന് താരം പറഞ്ഞു. വെളുപ്പിച്ചെടുക്കാന്‍ മാത്രമാണ് മേക്കപ്പെന്നും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ആര്‍ക്കും അറിയില്ലെന്നും നടി പറയുന്നു.

14 വര്‍ഷം മുമ്പ് മലയാള സിനിമകളില്‍ എല്ലാ കഥാപാത്രങ്ങളെയും മേക്കപ്പ് ചെയ്യുന്ന രീതി ഇപ്രകാരമായിരുന്നെന്നും എന്നാല്‍ ഇന്ന് അതിന് മാറ്റം വന്നിട്ടുണ്ടെന്നും കനി കുസൃതി കൂട്ടിച്ചേര്‍ത്തു. പല കാര്യങ്ങളിലും ഈ മാറ്റം പ്രകടമാണെന്നും താരം പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു കനി കുസൃതി.

’14വര്‍ഷം മുമ്പ് മലയാളസിനിമയില്‍ മേക്കപ്പെന്ന് പറഞ്ഞാല്‍ ‘സോ കോള്‍ഡ് സൗന്ദര്യം കൂട്ടുക’ എന്ന് മാത്രമായിരുന്നു അര്‍ത്ഥം. അതല്ലാതെ വേറൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു. മേക്കപ്പ് ചെയ്യുക എന്ന് പറഞ്ഞാല്‍ വെളുപ്പിച്ചെടുക്കുക എന്ന് മാത്രമായിരുന്നു പലരും ധരിച്ച് വെച്ചത്. ആ വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പോലും ആര്‍ക്കും അറിയില്ലെന്ന് തോന്നുന്നു.

‘മേക്കിങ് അപ് ടു ദാറ്റ് ക്യാരക്ടര്‍’ അതായത്, ആ കഥാപാത്രത്തിലേക്ക് മാറ്റിയെടുക്കുക എന്നാണ് മേക്കപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. പണ്ടത്തെ പലര്‍ക്കും ഈ കാര്യം അറിയുക പോലുമില്ലായിരുന്നു. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് വരുന്ന സീന്‍ ചെയ്യുമ്പോള്‍ പോലും ഐലൈനറിട്ട് തരുമായിരുന്നു.

ഇതൊക്കെ എന്തിനാണ്, ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ഞാന്‍ ചോദിച്ചിട്ടുണ്ട്. ഇതൊന്നും ആരും നോക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞാണ് എന്നെ മേക്കപ്പ് ചെയ്തിരുന്നത്. ഞാന്‍ ഈ പറയുന്നത് പണ്ടത്തെ കാര്യങ്ങളാണ്. അതായത്, 15 വര്‍ഷം മുമ്പ്, ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിയിട്ടുണ്ട്. മലയാളസിനിമ മാറ്റത്തിന്റെ വഴിയിലാണ്,’ കനി കുസൃതി പറയുന്നു.

Content Highlight: Kani Kusruthi about the usage of makeup in Malayalam Cinema

We use cookies to give you the best possible experience. Learn more