ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് മത്സരം ഹാമില്‍ട്ടണിലെ സെഡണ്‍ പാര്‍ക്കില്‍ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റിലും തോല്‍വിയേറ്റുവാങ്ങി പരമ്പര അടിയറവ് വെച്ച ആതിഥേയര്‍ക്ക് മുഖം രക്ഷിക്കാന്‍ അവസാന മത്സരത്തില്‍ വിജയം അനിവാര്യമാണ്.
മൂന്നാം മത്സരത്തിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 18/2 എന്ന നിലയിലാണ്. എട്ട് വിക്കറ്റ് മാത്രം കയ്യിലിരിക്കെ 640 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാന്‍ സാധിക്കൂ.
204 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച രണ്ടാം ഇന്നിങ്‌സ് സ്‌കോറും ടോട്ടലും പടുത്തുയര്‍ത്തിയത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്ര നേട്ടവും വില്യംസണ്‍ സ്വന്തമാക്കി. ഒരു സ്റ്റേഡിയത്തില്‍ കളിക്കുന്ന തുടര്‍ച്ചയായ അഞ്ച് ടെസ്റ്റുകളില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് വില്യംസണ്‍ സ്വന്തമാക്കിയത്.
സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ അടക്കം 14 താരങ്ങള്‍ ഒരേ ഗ്രൗണ്ടില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഇവരാര്‍ക്കും തന്നെ അഞ്ചാം മത്സരത്തില്‍ ട്രിപ്പിള്‍ ഡിജിറ്റ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
2019ഫെബ്രുവരി 28 മുതല്‍ ഹാമില്‍ട്ടണില്‍ കെയ്ന്‍ വില്യംസണ്‍ കളിച്ചപ്പോഴെല്ലാം തന്നെ താരത്തിന്റെ ബാറ്റ് കൊടുങ്കാറ്റഴിച്ചുവിട്ടിരുന്നു. അന്ന് ബംഗ്ലാദേശായിരുന്നു വില്യംസണിന്റെ കരുത്തറിഞ്ഞത്. പുറത്താകാതെ 200 റണ്‍സാണ് ന്യൂസിലാന്‍ഡ് ഇന്നിങ്‌സിനും 52 റണ്‍സിനും വിജയിച്ച മത്സരത്തില്‍ വില്യംസണ്‍ സ്വന്തമാക്കിയത്.
ശേഷം, അതേ വര്‍ഷം നവംബര്‍ 29ന് ഇംഗ്ലണ്ടിനെതിരെ ന്യൂസിലാന്‍ഡ് ഹാമില്‍ട്ടണില്‍ കളത്തിലിറങ്ങി. ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സിന് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 104 റണ്‍സാണ് വില്യംസണ്‍ സ്വന്തമാക്കിയത്. മത്സരം സമനിലയില്‍ പിരിഞ്ഞു.
2020 ഡിസംബര്‍ മൂന്നിനാണ് ന്യൂസിലാന്‍ഡിന്റെ മറ്റൊരു ടെസ്റ്റ് മത്സരത്തിന് ഹാമില്‍ട്ടണ്‍ വേദിയാകുന്നത്. വിന്‍ഡീസിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റാണ് സെഡണ്‍ പാര്‍ക്കില്‍ നടന്നത്.
മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സിനും 134 റണ്‍സിനും വിജയം സ്വന്തമാക്കി. പത്ത് മണിക്കൂറിലേറെ ക്രീസില്‍ ചെലവിട്ട് 412 പന്തില്‍ നിന്നും 251 റണ്‍സ് നേടിയ വില്യംസണായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. താരത്തിന്റെ കരിയറിലെ ഏറ്റവുമുയര്‍ന്ന ടോട്ടലിനും അന്ന് ഹാമില്‍ട്ടണ്‍ സാക്ഷ്യം വഹിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന സൗത്ത് ആഫ്രിക്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിനും ഹാമില്‍ട്ടണ്‍ വേദിയായി. പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, ഇത്തണയും വില്ലിച്ചായന്‍ സെഞ്ച്വറിയുമായി തിളങ്ങി. ആദ്യ ഇന്നിങ്‌സില്‍ 43 റണ്‍സിന് പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 133 റണ്‍സാണ് സ്വന്തമാക്കിയത്.
ഈ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം വില്‍ ഒ റൂര്‍ക് കൊണ്ടുപോയപ്പോള്‍ പരമ്പരയുടെ താരമായി വില്യംസണ്‍ തിളങ്ങി.
Content highlight: Kane Williamson becomes the first player to hit 5 consecutive centuries on the same venue