Kanakam Kamini Kalaham Review| വെറൈറ്റി മേക്കിങ്ങും ചിന്തിപ്പിക്കുന്ന കിടിലന്‍ തമാശകളും
Film Review
Kanakam Kamini Kalaham Review| വെറൈറ്റി മേക്കിങ്ങും ചിന്തിപ്പിക്കുന്ന കിടിലന്‍ തമാശകളും
അന്ന കീർത്തി ജോർജ്
Saturday, 13th November 2021, 8:33 pm

വ്യത്യസ്തമായ മേക്കിങ്ങും പുതുമയാര്‍ന്ന തമാശകളും കുറിക്കുക്കൊള്ളുന്ന ആക്ഷേപഹാസ്യം നിറഞ്ഞ സീനുകളും എല്ലാ അഭിനേതാക്കളുടെയും ഇഞ്ചോടിഞ്ച് മികച്ച പെര്‍ഫോമന്‍സും കാണാന്‍ കാത്തിരിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് കാണാന്‍ പറ്റിയ പടമാണ് കഴിഞ്ഞ ദിവസം ഹോട്‌സ്റ്റാറിലിറങ്ങിയ കനകം കാമിനി കലഹം. സാധാരണ ലോജിക്കിന്റെയും സാധാരണ സിനിമാറ്റിക് ലോജിക്കിന്റെയും മാത്രം അകമ്പടിയോടെ ഈ സിനിമ കണ്ടാല്‍ ദഹിക്കാന്‍ ഒരല്‍പം ബുദ്ധിമുട്ട് തോന്നിയേക്കാം.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. മലയാള സിനിമക്ക് പരിചിതമല്ലാത്ത മേക്കിങ്ങ് സ്റ്റൈലാണ് സിനിമയുടേത്. തിരക്കഥയിലും സംഭാഷണങ്ങളിലും ക്യാമറയിലും പെര്‍ഫോമന്‍സിലും എഡിറ്റിങ്ങിലും ആര്‍ട്ട് വര്‍ക്കിലും പ്രൊഡക്ഷന്‍ ഡിസൈനിലും കളറിങ്ങിലും തുടങ്ങി ഓരോ പോയിന്റിലും ഒരു പ്രത്യേക താളം കാത്തുസൂക്ഷിച്ചുകൊണ്ടാണ് കനകം കാമിനി കലഹം ഒരുക്കിയിരിക്കുന്നത്.

സിനിമയില്‍ ചില ഭാഗങ്ങളില്‍ ഒരു ട്യൂണ്‍ കടന്നുവരുന്ന സമയത്ത് ഇതിലെ ചില ക്യാരക്ടേഴ്‌സ് ആ ട്യൂണിനൊപ്പം തലയാട്ടുന്ന ഭാഗങ്ങളുണ്ട്. മുഴുവന്‍ സിനിമക്കും ഈയൊരു മൂഡാണ്. പ്രേക്ഷകനും ആ താളത്തിനൊപ്പം ആസ്വദിച്ച് നീങ്ങും. എഴുതി ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള അനുഭവമാണിത്, കണ്ട് ആസ്വദിച്ച് തന്നെയറിയണം.

കഥാപരിസരം പരിചയപ്പെടുത്തുന്ന ആദ്യ ഭാഗങ്ങള്‍ക്ക് ശേഷം പ്രധാന ഭാഗത്തിലേക്ക് കയറുന്നത് മുതല്‍ സിനിമ പിന്നെ ഒരൊറ്റ പോക്കാണ്. ഹില്‍ ടോപ് ഹോട്ടലിന്റെ മുറികളിലും ലോബിയിലുമായി സിനിമ വ്യത്യസ്തമായ ചടുലതയോടെ നീങ്ങും.

ഇന്നത്തെ സമൂഹം ചര്‍ച്ച ചെയ്യുന്ന ഒരുപിടി വിഷയങ്ങള്‍ സിനിമയില്‍ കടന്നുവരുന്നുണ്ട്. മെയ്ല്‍ ഷോവനിസം, പാട്രിയാര്‍ക്കി, ആര്‍ത്തവം, വിവാഹത്തിലൂടെ അവസാനിക്കുന്ന സ്ത്രീകളുടെ കരിയര്‍, യൂണിവേഴ്‌സല്‍ സിസ്റ്റര്‍ഹുഡ്, ഇസ്‌ലാമോഫോബിയ, ന്യൂനപക്ഷ വിരുദ്ധതയെന്ന അസ്ഥാനത്ത് ഉപയോഗിക്കുന്നത്, എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും, ചില വ്യാജ മോട്ടിവേഷനും മാര്യേജ് കൗണ്‍സിലിങ്ങും ഉപദേശവും വിതറി നടക്കുന്നവരും എന്നിങ്ങനെ ചുറ്റും കാണുന്ന കുറെ വിഷയങ്ങളും ആള്‍ക്കാരുമെല്ലാം സിനിമയിലുണ്ട്. ഇവയെല്ലാം വ്യത്യസ്തമായ വീക്ഷണകോണിലൂടെ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നു. ഹിപ്പോക്രസിയുടെ പല തലങ്ങള്‍ ഇവിടെ കാണാം.

പേരിലെ പോലെ കനകവും കാമിനിയും മൂലമാണ് കലഹം നടക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും യഥാര്‍ത്ഥ കാരണം അതൊന്നുമല്ലെന്ന് സിനിമ പറയാതെ പറയുന്നുണ്ട്.

തിരക്കഥയുടെയും സംവിധാനത്തെയും മികവ് തന്നെയാണ് ഈ സിനിമയെ മികച്ചതാക്കുന്നത്. ഒന്നോ രണ്ടോ സീനുകളില്‍ മാത്രം ചെറിയ ഒരു ഇഴച്ചില്‍ തോന്നിയെന്നല്ലാതെ ബാക്കി മുഴുവന്‍ സമയവും സിനിമയെ ആസ്വാദ്യമാക്കുന്നത് സംവിധായകന്റെ കഴിവ് തന്നെയാണ്. ചിത്രത്തിലെ വളരെ സൂക്ഷ്മമായ ഡയലോഗുകളും ഇതിനോടുള്ള കുഞ്ഞുമറുപടികളും ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ഒാര്‍ത്തുചിരിക്കാന്‍ പറ്റുന്ന ഒരുപിടി ഡയലോഗുകളുണ്ട. മൃഗയയുടെ തുടക്കമെന്താ ‘മൃ’ എന്ന ഡയലോഗും മെയ്മാസത്തിലെ കാല്‍വരിപ്പൂക്കളുമൊക്കെ ഇപ്പോഴേ ഹിറ്റാണ്.

സ്വാഭാവികമാണെന്നും ഒരു പ്രത്യേക മീറ്ററിലാണെന്നും ഒരേസമയം തോന്നുന്ന പാറ്റേണിലാണ് ചിത്രത്തിലെ എല്ലാവരുടെയും അഭിനയരീതി. സിനിമയുടെ താളം പ്രധാനമായും അഭിനേതാക്കളുടെ പെര്‍ഫോമന്‍സിലൂടെയാണ് പ്രേക്ഷകരിലെത്തുന്നത്. എല്ലാ അഭിനേതാക്കളും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം എന്ന് ഒരു സംശയവും കൂടാതെ പറയാം. അഭിനേതാക്കളെ സിനിമയ്ക്ക് വേണ്ടി കൃത്യമായി ഉപയോഗിക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു.

കനകം കാമിനി കലഹത്തെ നയിക്കുന്നത് ഹരിപ്രിയ എന്ന ഗ്രേസ് ആന്റണിയുടെ കഥാപാത്രമാണ്. കുമ്പളങ്ങി നൈറ്റ്‌സും ഹലാല്‍ ലവ് സ്‌റ്റോറിയുമൊക്കെ കഴിഞ്ഞ് ഇപ്പോള്‍ കനകം കാമിനി കലഹത്തിലെത്തി നില്‍ക്കുന്ന ഗ്രേസ് ആന്റണി മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറുമെന്ന് ഒരിക്കല്‍ കൂടി തെളിയിരിച്ചിരിക്കുകയാണ്. വിവാഹത്തിന് ശേഷം സീരിയല്‍ അഭിനയരംഗത്തേക്ക് മടങ്ങി പോകാനാകത്തതിന്റെയും സന്തോഷകരമായ ഒരു ദാമ്പത്യജീവിതമില്ലാത്തതിന്റെയും വിഷമവും സമ്മര്‍ദവും അനുഭവിക്കുന്നയാളാണ് ഹരിപ്രിയ. അതേസമയം ഭര്‍ത്താവായ പവിത്രനോട് നല്ല സ്‌നേഹമുള്ള, ആരെങ്കിലും തന്നേക്കുറിച്ച് നല്ലത് പറഞ്ഞാല്‍ പെട്ടെന്ന് സന്തോഷിക്കുന്ന ഒരാളും. മനസില്‍ തോന്നുന്ന കാര്യങ്ങളും തന്റെ അഭിപ്രായങ്ങളും ഹരിപ്രിയ ആരോടാണെങ്കിലും വ്യക്തമായി വിളിച്ചുപറയുകയും ചെയ്യും. ഈ കഥാപാത്രത്തെ ഏറ്റവും മനോഹരമായി ഗ്രേസ് അവതരിപ്പിച്ചിട്ടുണ്ട്.

നിവിന്‍ പോളിയുടെ കരിയറിലെ മികച്ച റോളുകളിലൊന്നായിരിക്കും കനകം കാമിനിയിലെ പവിത്രന്‍. മെയ്ല്‍ ഷോവനിസ്റ്റും പാട്രിയാര്‍ക്കുമായ പവിത്രനെ നല്ല കയ്യടക്കത്തോടെ നിവിന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സ്വയം അംഗീകരിക്കാന്‍ മടിയാണെങ്കിലും എല്ലാ രീതിയിലും പരാജയപ്പെട്ടുപോയ ഒരു മനുഷ്യനായ പവിത്രന്‍. അയാളെ അനായാസമായി നിവിന്‍ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍ ചിത്രങ്ങളിലെ കോമഡി സീനുകളുമായി
ചെറിയ സാമ്യമൊക്കെ തോന്നുമെങ്കിലും പുതുമയോടെയാണ് ഈ റോള്‍ നിവിന്‍ ചെയ്തിട്ടുള്ളത്. മാത്രമല്ല ഇത്തരത്തിലൊരു സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായ നിവിന്‍ പോളി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

വിനയ് ഫോര്‍ട്ടിന്റെ ജോബി ഒരു കിടിലന്‍ കഥാപാത്രമാണ്. ടെന്‍ഷനടിച്ച് വിയര്‍ത്തു നടക്കുന്ന ജോബി കാമുകിയുടെ കോള്‍ വരുമ്പോള്‍ ഡാര്‍ലിംഗ് എന്ന് വിളിക്കുന്നതും കയ്യിലെ ആ സമ്മാനപ്പൊതി വിടാതെ പിടിക്കുന്നതുമെല്ലാം നടന്‍ സുന്ദരമായി ചെയ്തിട്ടുണ്ട്. ശരീരഭാഷയിലൂടെ പ്രേക്ഷകനുമായി മികച്ച രീതിയില്‍ വിനയ് ഫോര്‍ട്ട് സംവദിക്കുന്നുണ്ട്.

രാജേഷ് മാധവന്റെ മനാഫും ജാഫര്‍ ഇടുക്കിയുടെ സുരയും വിന്‍സി അലോഷ്യസിന്റെ ശാലിനിയുമൊക്കെ ചിത്രത്തില്‍ നിറഞ്ഞാടുകയാണ്. തികച്ചും നിര്‍വികാരമായ മുഖത്തോടെ കോമഡി പറയുന്ന, വായിച്ച പുസ്തകങ്ങളിലെ വരികള്‍ അതേ പോലെ പറയുന്നതിലൂടെ പോലും പ്രേക്ഷകനില്‍ ചിരിയുണര്‍ത്തുന്ന മനാഫ് രാജേഷ് മാധവനൊരുക്കുന്ന ഒരു ട്രീറ്റാണ്.

സുധീഷിന്റെ ശിവകുമാറും ജോയ് മാത്യുവിന്റെ ബാലചന്ദ്രനും ഇരുവരുടെയും കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. രണ്ടും പേരുടെയും കയ്യില്‍ ഈ കഥാപാത്രങ്ങള്‍ ഭദ്രമായിരുന്നു. സുധീഷിനെ കൂടുതല്‍ മികച്ച രീതിയില്‍ മലയാള സിനിമ ഉപയോഗിക്കാനിരിക്കുന്നതേയുള്ളുവെന്ന് സിനിമ കാണിച്ചുതരുന്നുണ്ട്. ഈ പ്രധാന അഭിനേതാക്കള്‍ മുതല്‍ സിനിമയില്‍ ഇടക്ക് വന്നുപോകുന്നവര്‍ വരെ, ബാറിലെ വെയ്റ്ററും മുറിയിലെ ഫ്‌ളഷ് ടാങ്ക് നന്നാക്കണമെന്നാവശ്യപ്പെട്ടെത്തുന്ന വൃദ്ധനും തുടങ്ങിയവരെല്ലാം, വരുന്ന ഭാഗങ്ങള്‍ ഗംഭീരമാക്കുന്നുണ്ട്.

 

വിനോദ് ഇല്ലംപള്ളിയുടെ ക്യാമറയും മനോജ് കന്നോത്തിന്റെ എഡിറ്റിങ്ങുമാണ് സിനിമയുടെ നിലവാരമുയര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്നത്. വ്യത്യസ്തമായ മേക്കിങ്ങ് പ്രേക്ഷകരിലെത്തിക്കുന്നത് ഇവരാണ്. ചിത്രത്തിലെ ആര്‍ട്ട് വര്‍ക്കും കോസ്റ്റിയൂമിലെയും മറ്റും കളര്‍ പാറ്റേണും എടുത്തു പറയേണ്ടതാണ്. യസ് ഖാന്‍ പരേരിയയുടെയും നേഹ നായരുടെയും സംഗീതവും കനകം കാമിനിയെ കൂടുതല്‍ സമ്പന്നമാക്കുന്നു.

സിനിമ നന്നായി ഇഷ്ടപ്പെട്ടവരും തീരെ ഇഷ്ടപ്പെടാത്തവരും എന്ന നിലയില്‍ രണ്ട് ധ്രുവങ്ങളിലായാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ഇതുവരെ വരുന്നത്. കനകം കാമിനി കലഹത്തിലെ ആശയങ്ങളടക്കമുള്ള ഓരോ ഘടകങ്ങളെയും കുറിച്ച് പ്രത്യേകം എഴുത്തുകളും വിശകലനവുമൊക്കെ വരാന്‍ സാധ്യതയുണ്ട്. എന്തുതന്നെയായാലും മലയാള സിനിമയില്‍ അടുത്ത കാലത്തിറങ്ങിയ ഏറ്റവും സര്‍ഗാത്മകമായ പരീക്ഷണങ്ങളിലൊന്നാണ് കനകം കാമിനി കലഹമെന്ന് ഉറപ്പിച്ച് പറയാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kanakam Kamini Kalaham Review| Nivin Pauly, Grace Antony, Vinay Forrt

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.