2025 ചാമ്പ്യന്‍സ് ട്രോഫി നേടിയാണ് ഇന്ത്യ ക്രിക്കറ്റ് ലോകത്ത് തങ്ങളുടെ ആധിപത്യം തുടരുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയെ അടയാളപ്പെടുത്തുന്നതായിരുന്നു 2025 ചാമ്പ്യന്‍സ് ട്രോഫി. താരങ്ങളുടെ പരിക്കിനും മോശം ഫോമിനും പുറമെ ക്രിക്കറ്റ് ബോര്‍ഡിലുണ്ടായ അസ്വാരസ്യങ്ങളും ടൂര്‍ണമെന്റില്‍ ആഥിതേയത്വം വഹിച്ച പാകിസ്ഥാന്റെ പരാജയത്തിന് കാരണമായി.
നിരാശാജനകമായ പ്രകടനമായിരുന്നു ടൂര്‍ണമെന്റില്‍ ടീം പുറത്തെടുത്തത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന പേര് പോലും നഷ്ടപ്പെടുത്തുന്നതായിരുന്നു മെന്‍ ഇന്‍ ഗ്രീന്‍ പുറത്തെടുത്തത്. സ്വന്തം കാണികള്‍ക്ക് മുമ്പില്‍, സ്വന്തം മണ്ണില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍, തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ പുറത്തായത്.
ഇതിനെല്ലാം പുറമെ ദുബായില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഒരു പ്രതിനിധി പോലും പങ്കെടുക്കാതിരുന്നതിന്റെ ചര്‍ച്ചകള്‍ ഇപ്പോള്‍ ചൂട് പിടിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍. പാകിസ്ഥാന് ചടങ്ങില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് മുന്‍ താരം നടത്തിയത്.
‘ഐ.സി.സി ഞങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് ചോദിച്ചു. ടൂര്‍ണമെന്റ് ഡയറക്ടര്‍ സുമൈര്‍ സന്നിഹിതനായിരുന്നു, പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്? കാരണം അവിടെ പോകാനുള്ള അര്‍ഹത ഞങ്ങള്‍ക്ക് ലഭിച്ചില്ല. നമ്മുടെ ടീം മോശം പ്രകടനം കാഴ്ചവെച്ചു. മികച്ച ടീം അത് എങ്ങനെ ചെയ്യാമെന്ന് ഞങ്ങള്‍ക്ക് കാണിച്ചുതന്നിട്ടുണ്ട്.
പാകിസ്ഥാനാണ് പരിപാടിയുടെ ആതിഥേയത്വം എന്ന് ആരും പരാമര്‍ശിച്ചിട്ടില്ല. നമ്മള്‍ ഈ രീതിയില്‍ കളിക്കുന്നത് തുടര്‍ന്നാല്‍, അതിനനുസരിച്ച് മാത്രമേ തിരിച്ച് ലഭിക്കൂ. കളിക്കാര്‍ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നഷ്ടപ്പെടും,’ അക്മല്‍ അഭിപ്രായപ്പെട്ടു.