ആ പാട്ട് എ.ആര്‍. റഹ്‌മാന്‍ സ്റ്റൈലില്‍ വേണമെന്ന് വിദ്യാജിയോട് പറഞ്ഞു; അദ്ദേഹത്തിന് മലയാളം വശമില്ലായിരുന്നു: കമല്‍
Malayalam Cinema
ആ പാട്ട് എ.ആര്‍. റഹ്‌മാന്‍ സ്റ്റൈലില്‍ വേണമെന്ന് വിദ്യാജിയോട് പറഞ്ഞു; അദ്ദേഹത്തിന് മലയാളം വശമില്ലായിരുന്നു: കമല്‍
ഐറിന്‍ മരിയ ആന്റണി
Tuesday, 24th March 2026, 2:26 pm

മലയാളികള്‍ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് വിദ്യാസാഗര്‍. അഴകിയ രാവണന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഈ തെലങ്കാനകാരന് പിന്നീട് എല്ലാവരുടെയും പ്രിയപ്പെട്ട വിദ്യാജിയായി മാറി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ഇന്നും ആരാധകരുണ്ട്.

കമലാണ് വിദ്യാസാഗറിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. ഇപ്പോഴിതാ അഴകിയ രാവണന്‍ സിനിമയില്‍ വിദ്യാസാഗദറുമായി പ്രവര്‍ത്തിക്കുമ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.

അഴകിയ രാവണനില്‍ രണ്ടാമത് കമ്പോസ് ചെയ്ത പാട്ടാണ് ‘പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴയെന്നും പാട്ടിന്റെ പശ്ചാത്തലം സിനിമാഷൂട്ടിങ് ആയതുകൊണ്ട് വിഷ്വലുകളെയോര്‍ത്ത് ടെന്‍ഷനില്ലായിരുന്നുവെന്നും കമല്‍ പറയുന്നു.

‘പക്ഷേ, പാട്ടില്‍ പ്രണയവും മെലഡിയും ഇഴുകിച്ചേരണം. എല്ലാ വരികളുടെയും അവസാനം ഒരു വാക്ക് തന്നെ ആവര്‍ത്തനമായി വന്നാല്‍ ഭംഗിയുണ്ടാകുമെന്ന് വിദ്യാസാഗര്‍ ഒരു അഭിപ്രായം മുന്നോട്ടുവെച്ചു. അതൊരു പുതുമയും ട്രെന്‍ഡുമാകുമെന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ടയുടനെ ഞാനും കൈതപ്രവും ഒരേസ്വരത്തില്‍ മഴ എന്ന് പറഞ്ഞു.

മഴയെക്കാള്‍ ഭംഗിയുള്ള മറ്റെന്തുണ്ട്? അതാകുമ്പോള്‍ ഷൂട്ട് ചെയ്യാനും പ്രശ്‌നമില്ല. പക്ഷേ, മഴ എന്ന വാക്ക് വരുമ്പോള്‍ ഈണം എങ്ങനെ അവസാനിപ്പിക്കുമെന്നതായിരുന്നു വിദ്യാസാഗറിന്റെ സംശയം. പാട്ടിന് പഞ്ച് കിട്ടുമോ എന്നൊക്കെ ചോദിച്ചു. രണ്ടും കല്പിച്ച് തമിഴിലെ ഡമ്മി വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹം മൂളിത്തു ടങ്ങി. എല്ലാ വരികളുടെയും അവസാനം മഴ എന്ന് അദ്ദേഹം പാടിനിര്‍ത്തി,’ കമല്‍ പറയുന്നു.

വേഗം തന്നെ കൈതപ്രം എഴുത്തിലേക്ക് കടന്നുവെന്നും അങ്ങനെയാണ് പ്രണയമഴ പെയ്തതെന്നും അദ്ദേഹം ഓര്‍ത്തെടുത്ത് പറഞ്ഞു. ആ പാട്ടിന് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് വിദ്യാസാഗറെ തേടിയെത്തിയെന്നും ഒപ്പം കൈതപ്രത്തിനും ഗായിക സുജാതയ്ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
‘ഹേ ദില്‍റുബാ’ എന്ന പാട്ട് ആലോചിക്കുമ്പോള്‍ തന്നെ എ.ആര്‍. റഹ്‌മാന്‍ സ്‌റ്റൈലിലുള്ള ഈണമാണ് വേണ്ടതെന്ന് താന്‍ വിദ്യാസാഗറിനോട് പറഞ്ഞിരുന്നുവെന്നും കമല്‍ പറയുന്നു.

അത് പാടിയത് ഗായകന്‍ ഹരിഹരനാണ്, അദ്ദേഹത്തിന് മലയാളമറിയില്ലായിരുന്നുവെന്നും വിദ്യാസാഗറിനും മലയാളമറിയില്ലെന്നും കമല്‍ പറയുന്നു. ആ സമയത്ത് കൈതപ്രം കൂടെയില്ലാതിരുന്നത് കൊണ്ട് വരികള്‍ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം തന്റെതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight:  Kamal talks about Vidyasagar and the beautiful Raavan movie

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.