മലയാള സിനിമയിൽ പ്രണയത്തെ വൈവിധ്യത്തോടെ അവതരിപ്പിച്ച സംവിധായകരിൽ ഒരാളാണ് കമൽ. ഈ പുഴയും കടന്ന്, നിറം, മേഘമൽഹാർ തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്ന അദ്ദേഹം ഇപ്പോഴിതാ, തന്റെ സിനിമാ അനുഭവങ്ങളെയും പ്രണയ സങ്കൽപ്പങ്ങളെയും കുറിച്ച് മനസ്സ് തുറക്കുകയാണ്. സിനിഗ്രാം എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യൻ സിനിമ മൊത്തത്തിൽ എടുത്തു കഴിഞ്ഞാൽ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ആസ്വദിക്കാൻ കഴിയുന്നത് പ്രണയ സിനിമകളായിരിക്കും. ഒരു ആക്ഷൻ പടം എടുത്താൽ പോലും അതിലും ഒരു പ്രണയകഥയുണ്ടാകും, അതിനൊരു വലിയ ഉദാഹരണമായിരുന്നു പഴയ ഹിന്ദി സിനിമയായ ഷോലെ. ഏത് ഭാഷയിലായാലും ഏത് തരം സിനിമയായാലും, അതൊരു വൈകാരിക ചിത്രമാണെങ്കിൽ പോലും അതിൽ പ്രണയത്തിന്റെ ഒരംശമുണ്ടാകും. കാരണം പ്രണയം എന്നത് മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ഒരു വികാരമാണ്. അത് വെറുമൊരു ആണും പെണ്ണും തമ്മിലുള്ളത് മാത്രമല്ല, നമുക്ക് പ്രകൃതിയോടും മഴയോടുമൊക്കെ പ്രണയം തോന്നാം.
ഞാൻ പ്രണയിക്കുന്ന രീതിയിലായിരിക്കില്ല മറ്റൊരാൾ പ്രണയിക്കുന്നത്, ഓരോരുത്തരുടെയും പ്രണയ സങ്കൽപ്പങ്ങളും വ്യത്യസ്തമായിരിക്കും. അപ്പോൾ ഒരു കഥ വരുമ്പോൾ അതിനോട് യോജിക്കുന്ന തരത്തിലുള്ള വ്യത്യസ്തമായ സന്ദർഭങ്ങൾ കൊണ്ടുവരാനാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്. ഉദാഹരണത്തിന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മേഘമൽഹാർ, ഈ പുഴയും കടന്ന്, നിറം അങ്ങനെ ഓരോ സിനിമകളിലും വ്യത്യസ്തമായ ഒരു വഴി സ്വീകരിച്ച് പ്രണയത്തെ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
കൂടുതൽ പ്രണയ സിനിമകൾ ചെയ്യാനുണ്ടായ മറ്റൊരു കാരണം എന്തെന്നാൽ, അക്കാലത്ത് ഓരോ സംവിധായകർക്കും ഓരോ ബ്രാൻഡ് ഉണ്ടായിരുന്നു. സത്യൻ അന്തിക്കാടും ശ്രീനിവാസനും ചേർന്നാൽ കോമഡി സിനിമകൾ, സിബി മലയിലും ലോഹിതദാസും ചേർന്നാൽ വൈകാരികമായ സിനിമകൾ എന്ന രീതിയിലുള്ള ഒരു സങ്കൽപ്പം അന്നുണ്ടായിരുന്നു. എന്നാൽ ഞാൻ സിനിമ ചെയ്തിരുന്ന സമയത്ത് പല തിരക്കഥാകൃത്തുക്കളുടെയും കൂടെ പ്രവർത്തിച്ചിട്ടുണ്ട്. എനിക്ക് അങ്ങനെ ഒരു പ്രത്യേക തിരക്കഥാകൃത്തുമായി മാത്രമായി ഒരു കൂട്ടുകെട്ട് ഉണ്ടായിരുന്നില്ല. അങ്ങനെയൊരു സാഹചര്യത്തിൽ എനിക്ക് എന്റേതായ ഒരു സ്പേസ് ആവശ്യമായിരുന്നു. അതുകൊണ്ടാണ് സിനിമകളിൽ എപ്പോഴും ഒരു വ്യത്യസ്തത കൊണ്ടുവരാൻ ഞാൻ ശ്രമിച്ചത്.
സംവിധായകൻ ഫാസിൽ ഒക്കെ ഒരുപാട് പ്രണയ സിനിമകൾ ചെയ്തിട്ടുണ്ടായിരുന്നെങ്കിലും, പിന്നീട് അദ്ദേഹം തന്റെ ട്രാക്ക് മാറ്റിയപ്പോഴാണ് ഞാൻ തുടർച്ചയായി പ്രണയ പശ്ചാത്തലത്തിലുള്ള സിനിമകൾ ചെയ്യാൻ തുടങ്ങിയത്,’ കമൽ പറഞ്ഞു.
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്.നിറം.photo.Jiosaavan.Letterbox