വോട്ട് ചെയ്ത പൗരന്മാരെ പ്രജ എന്ന് വിളിക്കുന്നതിനോട് യോജിക്കാനാവില്ല, അതിനകത്ത് എന്ത് രാഷ്ട്രീയം ഉണ്ടായാലും എതിർക്കും: കമൽ
Malayalam Cinema
വോട്ട് ചെയ്ത പൗരന്മാരെ പ്രജ എന്ന് വിളിക്കുന്നതിനോട് യോജിക്കാനാവില്ല, അതിനകത്ത് എന്ത് രാഷ്ട്രീയം ഉണ്ടായാലും എതിർക്കും: കമൽ
നന്ദന. ടി
Wednesday, 15th July 2026, 8:49 am

സാമൂഹിക വിഷയങ്ങൾ സിനിമകളിലൂടെ ചർച്ച ചെയ്തിട്ടുള്ള സംവിധായകരിൽ ഒരാളാണ് കമൽ. രാഷ്ട്രീയം, കലാകാരന്മാരുടെ സാമൂഹിക ഉത്തരവാദിത്തം, സിനിമ എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് കമൽ. സിനിഗ്രാം എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കലാകാരന്മാർക്ക് രാഷ്ട്രീയം വേണം, രാഷ്ട്രീയം ഉണ്ടെങ്കിലേ കലാകാരന്മാർ ആവുകയുള്ളൂ. രാഷ്ട്രീയമെന്നു പറയുമ്പോൾ പലരും തെറ്റിദ്ധരിക്കുന്നത് അത് കക്ഷിരാഷ്ട്രീയമാണ് എന്നാണ്. അവൻ കമ്മ്യൂണിസ്റ്റുകാരനാണ്, കോൺഗ്രസുകാരനാണ്, ബി.ജെ.പി.ക്കാരനാണ് എന്നതൊന്നുമല്ല രാഷ്ട്രീയം. രാഷ്ട്രീയം എന്ന് പറഞ്ഞാൽ നമ്മുടെ കാഴ്ചപ്പാടുകളാണ്. പുരോഗമനപരമായി ചിന്തിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ രാഷ്ട്രീയം. ഉദാഹരണത്തിന്, എപ്പോഴാണോ ഒരു സവർണ മേധാവിത്വത്തെ ഒരാൾ അനുകൂലിക്കുന്നത്, അത് ഏറ്റവും വലിയ മ്ലേച്ഛമായ രാഷ്ട്രീയമായിരിക്കും. നമ്മളുടെ സുഹൃത്തുക്കളായിട്ടുള്ള ചില ആളുകളോട് നമുക്കുള്ള വിയോജിപ്പും അതാണ്.

കമൽ.photo.screen grab/youtube

നമ്മുടെ പ്രിയപ്പെട്ട സുഹൃത്തായിട്ടുള്ള ഒരു സിനിമാതാരമുണ്ടല്ലോ, മന്ത്രി. അദ്ദേഹം പറയുന്ന ചില കാര്യങ്ങളുണ്ടല്ലോ, ഇപ്പോൾ വോട്ട് ചെയ്ത പൗരന്മാരെ നോക്കി പ്രജ എന്ന് വിളിക്കുന്നതിനോട് നമുക്ക് എങ്ങനെ യോജിക്കാൻ പറ്റും. സാമൂഹികമായി നമുക്ക് അതിനോട് ഒരിക്കലും യോജിക്കാൻ പറ്റില്ല. അപ്പോൾ അതിനകത്ത് എന്ത് രാഷ്ട്രീയമുണ്ടെങ്കിലും നമ്മൾ അതിനെ എതിർക്കും. ഈ രാഷ്ട്രീയമല്ല, മറ്റൊരു രാഷ്ട്രീയമുള്ള ആളുകൾ പറഞ്ഞാലും നമ്മൾ എതിർക്കും. അപ്പോൾ അത്തരത്തിലുള്ള പുരോഗമനപരമായ ചിന്തകൾ നമുക്ക് വേണം. അവിടെ ശരി എന്ന് തോന്നുന്ന രാഷ്ട്രീയ പക്ഷത്ത് നിൽക്കുക. ശരി എന്ന് പറയുമ്പോൾ അത് സാമൂഹികമായ ഉത്തരവാദിത്തമാണ്.

ഉദാഹരണത്തിന്, സ്ത്രീകളെ അധിക്ഷേപിക്കുന്ന കഥകളോ അല്ലെങ്കിൽ അത്തരം സംഭാഷണങ്ങളോടോ എനിക്ക് യാതൊരു യോജിപ്പുമില്ല; ഞാൻ അത് മിക്കവാറും ഒഴിവാക്കാറുണ്ട്. അതുപോലെ ഈ പറയുന്ന സവർണ ബിംബങ്ങളെയൊക്കെ സിനിമയിൽ അവതരിപ്പിക്കുക, ഈ മാടമ്പിത്തരം, തമ്പുരാൻ സിനിമകൾ ഒക്കെ എന്റെ വ്യക്തിപരമായ രാഷ്ട്രീയത്തോട് യോജിച്ചു നിൽക്കുന്നതല്ല. അപ്പോൾ ഞാൻ അതിനോട് അകലം പാലിക്കാറുണ്ട്.

വ്യക്തിപരമായി ഞാൻ ഒരു ഇടതുപക്ഷ മനസുള്ള ആളാണ്. ഇടതുപക്ഷ രാഷ്ട്രീയം എന്ന് പറയുമ്പോൾ കക്ഷിരാഷ്ട്രീയമല്ല, കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന അർത്ഥത്തിലല്ല, ആശയപരമായി ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന ഒരാളാണ് ഞാൻ. എപ്പോഴും ഇടതുപക്ഷത്തായാലും വലതുപക്ഷത്തായാലും നിലപാടിൽ ഉറച്ചു നിൽക്കുക എന്നത് പലപ്പോഴും സിനിമാക്കാർക്ക് ഇല്ലാതെ പോകുന്ന ഒന്നാണ്. സ്വാർത്ഥതാത്പര്യങ്ങൾക്ക് അനുസരിച്ച് നിലപാടുകൾ മാറ്റുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്ത് തന്നെ നഷ്ടപ്പെട്ടാലും നിലപാടുകളിൽ ഉറച്ചു നിൽക്കുക എന്നതാണ് രാഷ്ട്രീയം. അത് ഇപ്പോഴത്തെ പുതിയ തലമുറയിൽപ്പെട്ട കുട്ടികൾക്കുണ്ട്. അതുകൊണ്ട് അവരുടെ സിനിമകളിൽ അത് കാണാനുമുണ്ട്. ആ കാര്യത്തിൽ പുതിയ തലമുറയോട് എനിക്ക് വലിയ ബഹുമാനമാണ്,’ കമൽ പറഞ്ഞു.

കമൽ.photo..screen grab/youtube

Content Highlight: Kamal talks about the need of politics for artists

 

 

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം