മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമാണ് കമല്. മിഴിനീര്പൂവുകള് എന്ന ചിത്രത്തിലൂടെയാണ് കമല് സംവിധായകനായി അരങ്ങേറ്റം കുറിച്ചത് . മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില് കമല് നാല്പതോളം ചിത്രങ്ങള് സംവിധാനം ചെയ്തിട്ടുണ്ട്. കാക്കൊത്തിക്കാവിലെ അപ്പൂപ്പന്താടികള്, ഉള്ളടക്കം, മഴയെത്തും മുന്പേ തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നിരിക്കുന്നത്.

കമല്. Photo: X.com
കമലിന്റെ സംവിധാനത്തില് പുറത്തിറങ്ങിയ ചിത്രങ്ങളില് പലര്ക്കും പ്രിയപ്പെട്ട ചിത്രമാണ് പ്രാദേശിക വാര്ത്തകള്. രഞ്ജിത്ത് തിരക്കഥയെഴുതിയ ചിത്രത്തില് ജയറാം, ഇന്നസെന്റ്, ജഗതിശ്രീകുമാര്, പാര്വതി, സിദ്ദിഖ്, വിജയരാഘവന്, ജനാര്ദ്ദനന്, ഒടുവില് ഉണ്ണികൃഷ്ണന്, ശങ്കരാടി, മാമുക്കോയ, കുതിരവട്ടം പപ്പു, മാള അരവിന്ദന് തുടങ്ങി മലയാളത്തിലെ പ്രഗല്ഭരായ അഭിനേതാക്കളായിരുന്നു വേഷമിട്ടത്.
ചിത്രത്തിലെ കുതിരവട്ടം പപ്പു അവതരിപ്പിച്ച വെളിച്ചപ്പാടും ഫിലോമിന അവതരിപ്പിച്ച നാണിയമ്മയും തമ്മിലുള്ള കോമ്പിനേഷന് സീന് ചിത്രം കാണുന്നവരിലെല്ലാം ചിരിയുണര്ത്തിയിരുന്നു. പ്രണയം സാഫല്യമാകാതെ പോയ കമിതാക്കളായാണ് ഇരുവരും ചിത്രത്തില് വേഷമിട്ടത്. ഇപ്പോഴിതാ ദി ഷോ സ്കേപ്പ് ജേണലിന് നല്കിയ അഭിമുഖത്തില് സംസാരിക്കവെ പ്രാദേശിക വാര്ത്തയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനെ കുറിച്ച് കമല് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘പഴയകാലത്തെ സിനിമകളിലൊക്കെ ഫിലോമിന ചേച്ചിയുടെ ഇമേജ് തല്ലുപിടിക്കുന്നതാണ്. ചേച്ചിയോട് നമുക്കെല്ലാം ഒരു പ്രത്യേക ഇഷ്ടമുണ്ട്. എന്റെ ഒരുപാട് സിനിമയില് അവര് അഭിനയിച്ചിട്ടുണ്ട്. കാക്കൊത്തിക്കാവിലെ അപ്പൂപ്പന് താടികളിലൊക്കെ ചേച്ചിയുണ്ട്. പ്രാദേശിക വാര്ത്തകള് ഷൂട്ട് ചെയ്യുമ്പോള് പപ്പു ചേട്ടനും ഫിലോമിന ചേച്ചിയും തമ്മിലുള്ള ഒരു കോമ്പിനേഷന് സീനുണ്ട്.

പ്രാദേശിക വാര്ത്തകള്.
ആ സമയത്ത് ഒരു നിഷ്കളങ്കതയോടെ കമലേ ഞാന് എന്ത് ഭാവമാണ് കൊടുക്കേണ്ടത് എന്ന് എന്നോട് ചോദിച്ചു. പണ്ട് കാമുകനായിരുന്ന ആളെ നോക്കുകയാണ് എന്ന് ഞാന് പറഞ്ഞു. ഈ പപ്പുവാണോ കാമുകന് എന്നാണ് തിരിച്ച് ചോദിച്ചത്. ഇവനെ കണ്ടാല് എനിക്ക് അങ്ങനെ ഒന്നും തോന്നില്ലെന്നും പറഞ്ഞു. ഫിലോമിന ചേച്ചി പപ്പുവല്ല ആ കഥാപാത്രമാണല്ലോ എന്ന് പറഞ്ഞു. എന്നാലും ഇവനെ നോക്കി എങ്ങനെ ഈ പ്രേമമൊക്കെ മുഖത്ത് വരുത്തും എന്ന് ചോദിച്ച ഒരു ഓര്മയെനിക്കുണ്ട്. സിനിമ കഴിയുമ്പോള് ഇവരുടെ പ്രണയമാണ് നമുക്ക് മനസില് കൂടുതല് നില്ക്കുന്നത്,’ കമല് പറഞ്ഞു.
Content Highlight: kamal talks about Philomina and Kuthiravattam pappu in Pradeshika varthakal movie
