| Friday, 28th March 2025, 6:26 pm

ആ സൂപ്പർസ്റ്റാറിന്റെ മകനെ കാണുമ്പോൾ എന്റെ കുട്ടിക്കാലമാണ് ഓർമവരിക; അച്ഛനെപോലെതന്നെ ഡെഡിക്കേറ്റഡാണ്: കമൽ ഹാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിനെ കുറിച്ചും സംസാരിക്കുകയാണ് കമൽ ഹാസൻ. പാപനാസം എന്ന സിനിമയിൽ താൻ അഭിനയിക്കുമ്പോൾ അസിസ്റ്റന്റ് ഡയറക്ടർ പ്രണവ് ആയിരുന്നുവെന്നും ഒരു സൂപ്പർ താരത്തിൻ്റെ മകനാണെന്ന ഭാവം പ്രണവിനുണ്ടായിരുന്നില്ലെന്നും കമൽ പറയുന്നു.

പ്രണവിനെ കാണുമ്പോൾ തനിക്ക് തന്റെ കുട്ടിക്കാലമാണ് ഓർമവന്നതെന്നും മോഹൻലാലിനെ പോലത്തെന്നെ ഡെഡിക്കേറ്റഡാണ് പ്രണവെന്നും കമൽ ഹാസൻ പറഞ്ഞു.

‘മോഹൻലാൽ എന്ന നടൻ എങ്ങനെയാണോ എന്നെ അത്ഭുതപ്പെടുത്തിയത് അതിൽനിന്ന് വളരെ വ്യത്യസ്‌തമായ ഒരനുഭവമാണ് അദ്ദേഹത്തിന്റെ മകൻ പ്രണവ് എന്നിലുണ്ടാക്കിയത്. ലാൽസാർ അഭിനയിച്ച ‘ദൃശ്യം’ എന്ന സിനിമയുടെ തമിഴ് പതിപ്പായ ‘പാപനാസ’ത്തിൽ ഞാൻ അഭിനയിക്കുമ്പോഴാണ് പ്രണവ് എന്നെ വിസ്മയിപ്പിച്ചത്.

പാപനാസത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് പ്രണവ്. ഒരു സൂപ്പർ താരത്തിൻ്റെ മകനാണെന്ന ഭാവം ആ മുഖത്തുണ്ടായിരുന്നില്ല. സിനിമ പഠിക്കാൻ വരുന്ന ഒരു കുട്ടി എങ്ങനെയായിരിക്കും, അതുപോലെയായിരുന്നു പ്രണവും. സെറ്റിൽ ക്ലാപ്പടിച്ച് തുടങ്ങുന്ന അവനെ കാണുമ്പോൾ പലപ്പോഴും ഞാൻ എന്റെ കുട്ടിക്കാലം ഓർത്തിട്ടുണ്ട്. ഇങ്ങനെയൊക്കെയായിരുന്നല്ലോ ഞാനും സിനിമയിൽ തുടക്കം കുറിച്ചത്.

ലോകസിനിമയിലെ മഹാനടന്മാർക്കൊപ്പം ‘ഇതാ മലയാളത്തിന്റെ അഭിനയഗോപുരം’ എന്ന് കാണിച്ചുകൊടുക്കാൻ എനിക്ക് മറ്റൊരാളെ ചിന്തിക്കേണ്ടതില്ല

അച്ഛനെപ്പോലെ മകനും സിനിമയിൽ ഉയർന്നുവരുമെന്ന കാര്യത്തിൽ എനിക്ക് ഒട്ടും സംശയമില്ല. തന്റെ പ്രൊഫഷനോട് അത്രമാത്രം ഡെഡിക്കേറ്റഡാണ് പ്രണവ്. ലാൽ സാറിന്റെ ഭാര്യാ പിതാവ് ബാലാജി സാറും കുടുംബവുമായി വ്യക്തിപരമായി വളരെ അടുപ്പമുണ്ട് എനിക്ക്. ബാലാജി സാറിന്റെ പല ചിത്രങ്ങളിലും എനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടുമുണ്ട്. അതും എന്നിലെ നടന്റെ ഭാഗ്യമാണ്.

മോഹൻലാൽ എന്ന നടന്റെ അത്ഭുത കഥാപാത്രം ഇനിയും പിറക്കാനിരിക്കുന്നതേയുള്ളൂ. നീണ്ട മുപ്പത്തിയഞ്ച് വർഷങ്ങൾ അതിരും എതിരുമില്ലാതെ നിൽക്കുക ഒരത്ഭുതം തന്നെയാണ്. ലോകസിനിമയിലെ മഹാനടന്മാർക്കൊപ്പം ‘ഇതാ മലയാളത്തിന്റെ അഭിനയഗോപുരം’ എന്ന് കാണിച്ചുകൊടുക്കാൻ എനിക്ക് മറ്റൊരാളെ ചിന്തിക്കേണ്ടതില്ല. ആ ഗോപുരം പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്നതുപോലെ എന്നെയും വിസ്മ‌യിപ്പിച്ചുകൊണ്ടേയിരിക്കുന്നു,’ കമൽ ഹാസൻ പറയുന്നു.

Content Highlight: kamal Haasan Talks About Pranav Mohanlal

We use cookies to give you the best possible experience. Learn more