| Tuesday, 17th June 2025, 10:15 pm

തേവര്‍ മകന്റെ ഷെഡ്യൂള്‍ ബ്രേക്ക് ഏഴ് മാസത്തോളം നീണ്ടുനിന്നു, തിരിച്ചെത്തിയപ്പോള്‍ ശിവാജി സാര്‍ എന്നോട് ഒരു സഹായം ചോദിച്ചു: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ ഹാസന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തേവര്‍ മകന്‍. മൂവി മാജിക് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ തിരക്കഥയെഴുതിയ ആദ്യത്തെ തമിഴ് സിനിമയായിരുന്നു ഇത്. ഗോഡ് ഫാദര്‍ എന്ന ക്ലാസിക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം അഞ്ച് ദേശീയ പുരസ്‌കാരം സ്വന്തമാക്കി.

ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം ശക്തമായ വേഷത്തില്‍ ശിവാജി ഗണേശനും പ്രത്യക്ഷപ്പെട്ടിരുന്നു. ശിവാജി ഗണേശന് ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കമല്‍ ഹാസന്‍.

ചിത്രത്തില്‍ ശിവാജി ഗണേശന്റെ കുറച്ച് സീനുകള്‍ എടുത്ത ശേഷം വലിയൊരു ഷെഡ്യൂള്‍ ബ്രേക്ക് വന്നെന്നും ആറേഴ് മാസത്തോളം അത് നീണ്ടുനിന്നിരുന്നെന്നും താരം പറഞ്ഞു. തന്റെ കഥാപാത്രത്തോട് ദേഷ്യപ്പെട്ടാണ് ശിവാജി ഗണേശന്‍ പോകുന്നതെന്നും ആ സീന്‍ അദ്ദേഹം ഗംഭീരമായി ചെയ്‌തെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

ഷെഡ്യൂള്‍ ബ്രേക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം തന്നെ സ്വകാര്യമായി വിളിച്ച് ശിവാജി ഗണേശന്‍ സഹായം ചോദിച്ചെന്നും താരം പറയുന്നു. ഒരുപാട് നാള്‍ അഭിനയിക്കാതെ ഇരുന്നത് കൊണ്ട് തുരുമ്പിച്ചെന്നും കുറച്ച് ക്ലോസപ്പ് ഷോട്ടുകള്‍ എടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശിവാജി സാറുമൊത്ത് അഭിനയിക്കുന്നത് എപ്പോഴും രസകരമായ കാര്യമാണ്. അദ്ദേഹം ക്യാമറക്ക് മുന്നില്‍ പെര്‍ഫോം ചെയ്യുന്നത് വെറുതേ കണ്ട് നില്‍ക്കാന്‍ തോന്നും. തേവര്‍ മകനിലും പലപ്പോഴും എന്റെ അവസ്ഥ ഏറെക്കുറേ അത് തന്നെയായിരുന്നു. ആ സിനിമയില്‍ ശിവാജി സാര്‍ എന്റെ കഥാപാത്രത്തോട് ദേഷ്യപ്പെട്ട് സംസാരിച്ചുകൊണ്ട് പോകുന്ന സീനുണ്ട്.

ആ സീനിന് ശേഷം വലിയൊരു ഷെഡ്യൂള്‍ ബ്രേക്കായിരുന്നു. ആറേഴ് മാസത്തോളം ബ്രേക്കുണ്ടായിരുന്നു. തിരിച്ച് ഷൂട്ടിനെത്തിയപ്പോള്‍ ശിവാജി സാര്‍ എന്നെ അടുത്തേക്ക് വിളിപ്പിച്ചു. എന്തെങ്കിലും അത്യാവശ്യ കാര്യം പറയാനായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. മുഖത്ത് കുറച്ച് ഗൗരവം ഉണ്ടായിരുന്നു.

‘ആറേഴ് മാസം വെറുതേയിരുന്നിട്ട് അഭിനയമെല്ലാം തുരുമ്പിച്ച് പോയതുപോലെ ഒരു ഫീല്‍. നീയാണെങ്കില്‍ എല്ലാ ദിവസവും അഭിനയിക്കുന്നുണ്ടല്ലോ. എന്റെ കുറച്ച് ക്ലോസപ്പുകള്‍ മാത്രം ആദ്യം എടുക്കാന്‍ പറ്റുമോ, ഒന്ന് പൊടി തട്ടിയെടുക്കാനാണ്,’ എന്ന് അദ്ദേഹം പറഞ്ഞു. അത്രയും വലിയ ലെജന്‍ഡിന്റെ ക്ലോസപ്പുകള്‍ എടുക്കുന്നത് വലിയ കാര്യമല്ലേ,’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Haasan shares the shooting experience with Sivaji Ganeshan in Thevar Magan movie

We use cookies to give you the best possible experience. Learn more