| Friday, 7th February 2025, 4:49 pm

സിനിമയില്‍ എന്റെ കാമുകിയായും അമ്മയായുമൊക്കെ അഭിനയിച്ചെങ്കിലും ജീവിതത്തില്‍ എഴുതി ഫലിപ്പിക്കാനാകാത്ത സ്‌നേഹമാണ് ആ നടിയോട്: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന കമല്‍ 64 വര്‍ഷത്തെ സിനിമാജീവിതത്തില്‍ കൈവെക്കാത്ത മേഖലകളില്ല. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥ, ഗാനരചന, ഗായകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍ തുടങ്ങി സകലമേഖലയിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായ ശ്രീവിദ്യയെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍. സിനിമയിലെ തന്റെ വളര്‍ച്ചയില്‍ നിശബ്ദമാണെങ്കില്‍ പോലും ഏറ്റവുമധികം സന്തോഷിച്ച വ്യക്തി ശ്രീവിദ്യയായിരിക്കുമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ആരോടും പകയോ വിദ്വേഷമോ ഉള്ള മനസായിരുന്നില്ല ശ്രീവിദ്യയുടേതെന്നും അങ്ങനെയാവാന്‍ അവര്‍ക്ക് കഴിയില്ലെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ തന്റെ കാമുകിയായും അമ്മയായും ഭാര്യയായും അഭിനയിച്ച നടിയാണ് ശ്രീവിദ്യയെന്നും കമല്‍ ഹാസന്‍ പറഞ്ഞു. എന്നാല്‍ ജീവിതത്തില്‍ എഴുതിഫലിപ്പിക്കാനാകാത്ത സ്‌നേഹമാണ് അവരോട് തനിക്കുള്ളതെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ രോഗബാധിതയാണെന്ന കാര്യം ആരും അറിയരുതെന്ന് ശ്രീവിദ്യ ആഗ്രഹിച്ചിരുന്നെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് താന്‍ ശ്രീവിദ്യയെ കണ്ടതെന്നും ഭേദമാകുമെങ്കില്‍ എവിടെ കൊണ്ടുപോയെങ്കിലും ചികിത്സിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചേനെയെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എത്ര വലിയ ചികിത്സ നല്‍കിയാലും വൈദ്യശാസ്ത്രത്തിന് അവരെ രക്ഷപ്പെടുത്താന്‍ കഴിയില്ലായിരുന്നെന്നും അക്കാര്യം ശ്രീവിദ്യക്കും അറിയുമായിരുന്നെന്നും കമല്‍ ഹാസന്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

‘സിനിമയിലെ എന്റെ വളര്‍ച്ചയില്‍ നിശബ്ദമാണെങ്കിലും ഏറ്റവുമധികം സന്തോഷിച്ചത് ശ്രീവിദ്യയായിരുന്നു. ആരോടും പകയോ വിദ്വേഷമോ ഉള്ള മനസായിരുന്നില്ല ശ്രീവിദ്യയുടേത്. അവര്‍ക്ക് അങ്ങനെയാകാന്‍ സാധിക്കില്ല. സിനിമയില്‍ എന്റെ അമ്മയായും ഭാര്യയായും കാമുകിയായും ഒക്കെ വേഷമിട്ടിട്ടുണ്ടെങ്കിലും ജീവിതത്തില്‍ എഴുതി ഫലിപ്പിക്കാനാകാത്ത ബന്ധമാണ് അവരോട് ഉണ്ടായിരുന്നത്. ഒരുപക്ഷേ, അതിലുമപ്പുറം.

ഒരുപാട് കാലത്തിന് ശേഷം രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് ഞാന്‍ ശ്രീവിദ്യയെ കാണുന്നത്. ഭേദമാക്കാന്‍ സാധിക്കുമെങ്കില്‍ എവിടെ കൊണ്ടുപോയെങ്കിലും ചികിത്സിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചേനെ. എന്നാല്‍ എത്ര ചികിത്സ നല്‍കിയാലും വൈദ്യശാസ്ത്രത്തിന് അവരെ രക്ഷിക്കാന്‍ സാധിക്കില്ലായിരുന്നു. ഇക്കാര്യം വിദ്യക്കും അറിയാമായിരുന്നു,’ കമല്‍ ഹാസന്‍ പറയുന്നു.

Content Highlight: Kamal Haasan shares the memories of Actress Sreevidya

We use cookies to give you the best possible experience. Learn more