| Friday, 30th May 2025, 5:49 pm

ഒരുപാട് സെറ്റുകളില്‍ നിന്ന് എന്നെ പറഞ്ഞയച്ചിട്ടുണ്ട്, ആ മലയാളനടന്റെ വേദന എനിക്കും മനസിലാകും: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന നടനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ കമല്‍ ഹാസന്‍ ആദ്യചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കി. സിനിമയുടെ സകല മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ കമല്‍ ഹാസന്‍ സ്വന്തമാക്കാത്ത അവാര്‍ഡുകളില്ല. നടനായും താരമായും ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ചുരുക്കം അഭിനേതാക്കളിലൊരാളാണ് കമല്‍ ഹാസന്‍.

കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും മലയാളസിനിമയില്‍ ലഭിച്ച അവസരങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് കമല്‍ ഹാസന്‍. ഏഴ് വയസുള്ളപ്പോഴാണ് ആദ്യമായി മലയാളസിനിമയില്‍ അഭിനയിച്ചതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. കെ.എസ്. സേതുമാധവനായിരുന്നു ആ സിനിമയുടെ സംവിധായകനെന്നും മലയാളസിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന കാര്യം അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്നീട് പത്ത് വര്‍ഷത്തിന് ശേഷം മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ ടെക്‌നീഷ്യനായി വീണ്ടും മലയാള സിനിമയുടെ ഭാഗമായെന്നും കമല്‍ ഹാസന്‍ പറയുന്നു. അന്ന് പല സിനിമകളിലും ചെറിയ വേഷത്തില്‍ താന്‍ പ്രത്യക്ഷപ്പെട്ടെന്നും പല സിനിമകളുടെ സെറ്റില്‍ നിന്നും തന്നെ പറഞ്ഞിട്ടുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജോജു സിനിമയിലെത്തിയതിന്റെ കഥകള്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ വേദന തനിക്ക് മനസിലാകുമെന്നും കമല്‍ ഹാസന്‍ പറയുന്നു. തിരിച്ചുവരാന്‍ കാണിച്ച മനസാണ് തന്നെ ഇവിടെ എത്തിച്ചതെന്നും ഇന്നും അതേ മാനസികാവസ്ഥയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ജോജു കരഞ്ഞതുപോലെ കരയണമെന്ന് ആഗ്രഹമുണ്ടെന്നും തനിക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

‘കേരളത്തില്‍ ഞാന്‍ ആദ്യമായി വന്നത് എനിക്ക് ഏഴ് വയസുള്ളപ്പോഴാണ്. ആദ്യത്തെ മലയാളസിനിമയില്‍ അഭിനയിക്കാനായിരുന്നു വന്നത്. കെ.എസ്. സേതുമാധവന്‍ സാറായിരുന്നു ആ പടത്തിന്റെ ഡയറക്ടര്‍. മലയാളസിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന കാര്യം അതാണ്. പിന്നീട് പത്ത് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ഇവിടേക്ക് വീണ്ടും വരുന്നത്. മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തു. ഇടക്ക് ചില സിനിമകളില്‍ ചെറുതായി മുഖം കാണിച്ചു.

ചില സിനിമകളുടെ സെറ്റില്‍ അവസരം ചോദിച്ച് ചെന്നപ്പോള്‍ എന്നെ പറഞ്ഞുവിട്ടിട്ടുണ്ട്. ജോജു അയാളുടെ കഥ പറയുമ്പോള്‍ ആ വേദന എനിക്കും മനസിലാകും. തിരിച്ചുവരണമെന്ന് മനസില്‍ ആഗ്രഹിച്ചതുകൊണ്ടാണ് ഇന്ന് ഇവിടം വരെ എത്തിയത്. ഇന്നും അതേ മനസാണ്. ജോജു കരഞ്ഞതുപോലെ എനിക്കും കരയണമെന്നുണ്ട്. പക്ഷേ, എനിക്കതിന് കഴിയില്ല,’ കമല്‍ ഹാസന്‍ പറയുന്നു.

Content Highlight: Kamal Haasan shares his first experience in Malayalam Cinema

We use cookies to give you the best possible experience. Learn more